
ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ, പുതുക്കിയ എഫ്ഡി നിരക്കുകൾ, എടിഎം പിൻവലിക്കൽ നയങ്ങൾ, സ്ഥിര നിക്ഷേപ പലിശ നിരക്കുകളിലെ മാറ്റങ്ങൾ, മിനിമം ബാലൻസ് എന്നിവയെല്ലാം ഇന്നു മുതലുള്ള നിങ്ങളുടെ ബാങ്കിടപാടുകളിൽ മാറും. ശ്രദ്ധിച്ചില്ലെങ്കിൽ ആനുകൂല്യങ്ങൾ കുറയും.
∙എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐഡിബിഐ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ പരിഷ്കരിക്കുന്നു. ഉയർന്ന റിട്ടേണുകളുള്ള പ്രത്യേക എഫ്ഡി കാലാവധികൾ അവതരിപ്പിച്ചിട്ടുണ്ട്.
∙സേവിങ്സ് അക്കൗണ്ടുകളുടെയും പലിശ നിരക്കുകൾ നിരവധി ബാങ്കുകൾ പരിഷ്കരിക്കുന്നുണ്ട്. സേവിങ്സ് അക്കൗണ്ടുകളുടെ പലിശ ഇപ്പോൾ അക്കൗണ്ട് ബാലൻസിനെ ആശ്രയിച്ചിരിക്കും.
ഉയർന്ന ബാലൻസുകൾക്ക് മികച്ച പലിശ നിരക്കുകൾ ലഭിച്ചേക്കാം. മത്സരാധിഷ്ഠിത വരുമാനം വാഗ്ദാനം ചെയ്യുന്നതിനും ഉയർന്ന സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ക്രമീകരണങ്ങൾ ലക്ഷ്യമിടുന്നത്.
∙എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ അവരുടെ മിനിമം ബാലൻസ് നിയമങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. അക്കൗണ്ടിന് അനുസരിച്ച് ആവശ്യമായ മിനിമം ബാലൻസ് വ്യത്യാസപ്പെടും.
∙ഇടപാടുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, ബാങ്കുകൾ പോസിറ്റീവ് പേ സിസ്റ്റം (പിപിഎസ്) അവതരിപ്പിക്കുന്നു. 5,000 രൂപക്ക് മുകളിലുള്ള ചെക്ക് പേയ്മെന്റുകൾക്ക് ഈ സംവിധാനം ബാധകമാണ്.
ഉപഭോക്താക്കൾ, ചെക്ക് നമ്പർ, തീയതി, പണം സ്വീകരിക്കുന്നയാളുടെ പേര്, തുക എന്നിവ കൃത്യമായി പരിശോധിക്കണം. ചെക്ക് ഇടപാടുകളിലെ തട്ടിപ്പുകളും പിശകുകളും കുറയ്ക്കുന്നതിനാണ് ഈ നടപടി ലക്ഷ്യമിടുന്നത്.
∙സാധാരണക്കാർക്കും മെച്ചപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങൾ, ഡിജിറ്റൽ ഉപദേശ സേവനങ്ങൾ, പുതുക്കിയ മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോം എന്നിവ ലക്ഷ്യമിട്ട് AI ഉപയോഗിച്ച് ബാങ്കുകൾ അവരുടെ ഡിജിറ്റൽ ബാങ്കിങ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്. സുരക്ഷിതമായ ഇടപാടുകൾക്കായി ടു-ഫാക്ടർ ഓതന്റിക്കേഷൻ, ബയോമെട്രിക് വെരിഫിക്കേഷൻ പോലുള്ള വർധിപ്പിച്ച സുരക്ഷയൊരുക്കും. AI- നിയന്ത്രിത ചാറ്റ്ബോട്ടുകൾ ബാങ്കിങ് അന്വേഷണങ്ങളിൽ പെട്ടെന്ന് ഇടപാടുകാരുടെ സംശയങ്ങൾ നീക്കും.
∙ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (UPI) ഇടപാടുകളുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യുടെ പുതിയ നിർദ്ദേശങ്ങളിന്നു പ്രാബല്യത്തിലാകും. ഈ മാർഗനിർദ്ദേശങ്ങൾ പ്രകാരം, ബാങ്കുകൾ, പേയ്മെന്റ് സേവന ദാതാക്കൾ (PSP-കൾ), PhonePe, GPay, Paytm പോലുള്ള മൂന്നാം കക്ഷി UPI സേവന ദാതാക്കൾ എന്നിവർ UPI ഐഡികൾ സംബന്ധിച്ച് പ്രത്യേക നടപടികൾ നടപ്പിലാക്കും.
∙ഏപ്രിൽ 1 മുതൽ, നഗര സഹകരണ ബാങ്കുകൾ അവരുടെ വായ്പയുടെ 60 ശതമാനം മുൻഗണനാ മേഖലകൾക്കായി നീക്കിവയ്ക്കണം. ഇത് കൂടുതൽ വനിതാ വായ്പക്കാർക്ക് നിയന്ത്രണങ്ങളില്ലാതെ വായ്പകൾ നൽകും.
∙മുൻഗണനാ മേഖലയിലെ വായ്പകളിൽ പ്രധാന നഗരങ്ങളിൽ 50 ലക്ഷം രൂപ വരെയും, ഇടത്തരം നഗരങ്ങളിൽ 45 ലക്ഷം രൂപ വരെയും, ചെറിയ പട്ടണങ്ങളിൽ 35 ലക്ഷം രൂപ വരെയും ഭവന വായ്പ എടുക്കാം.
∙ഇന്ന് പ്രാബല്യത്തിൽ വരുന്ന വിധത്തിൽ പുനരുപയോഗ ഊർജ പദ്ധതികൾക്ക് 35 കോടി രൂപ വരെയും സോളാർ പാനലുകൾ സ്ഥാപിക്കുന്ന വീടുകൾക്ക് 10 ലക്ഷം രൂപ വരെയും ബാങ്കുകൾ വായ്പ നൽകും.
∙ഇന്ന് മുതൽ എസ്ബിഐയുടെ സിംപ്ലിക്ലിക്ക് സ്വിഗ്ഗി റിവാർഡുകൾ കുറയും. എയർ ഇന്ത്യ സിഗ്നേച്ചർ പോയിന്റുകൾ 30 ൽ നിന്ന് 10 ആയി കുറയും. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ക്ലബ് വിസ്താര മൈൽസ്റ്റോൺ ആനുകൂല്യങ്ങൾ നിർത്തലാക്കും.
പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിൽ കുറഞ്ഞ റിവാർഡുകൾ, വാർഷിക ഫീസ് ഇളവ്, പുതുക്കിയ ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ നടപ്പാകുന്നു. അവ കോ-ബ്രാൻഡഡ് ആനുകൂല്യങ്ങൾ പരിഷ്കരിക്കും. ടിക്കറ്റ് വൗച്ചറുകൾ നിർത്തലാക്കൽ, പുതുക്കൽ ആനുകൂല്യങ്ങൾ നീക്കം ചെയ്യൽ, മൈൽസ്റ്റോൺ റിവാർഡുകൾ ഘട്ടംഘട്ടമായി നിർത്തലാക്കൽ എന്നിവയും പല ബാങ്കുകളും നടപ്പാക്കും
∙ഏപ്രിൽ 1 മുതൽ, മൊബൈൽ നമ്പറുകൾ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഉപയോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങളിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടേക്കാം. മൊബൈൽ നമ്പർ മാറ്റിയിട്ട് ബാങ്കിൽ അത് അപ്ഡേറ്റ് ചെയ്യാത്തവർ, ബാങ്കിനെ അറിയിക്കാതെ നമ്പർ നിർജീവമാക്കിയ ഇടപാടുകാർ, പഴയ നമ്പറുകൾ മറ്റൊരാൾക്ക് നൽകിയ UPI ഉപയോക്താക്കൾ, കോളുകൾ, സന്ദേശങ്ങൾ അല്ലെങ്കിൽ മറ്റ് സേവനങ്ങൾക്ക് ഉപയോഗിക്കാത്ത നിഷ്ക്രിയ നമ്പറുകള് ഇതെല്ലാം നീക്കംചെയ്യും.
∙നിരവധി ബാങ്കുകൾ എടിഎം പിൻവലിക്കൽ നയങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. പ്രതിമാസം സൗജന്യ എടിഎം പിൻവലിക്കലുകൾ കുറയ്ക്കും. ഉപഭോക്താക്കൾക്ക് ഇപ്പോൾ ഓരോ മാസവും മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് മൂന്ന് സൗജന്യ പിൻവലിക്കലുകളേ നടത്താനാകൂ. ഈ പരിധി കവിഞ്ഞാൽ ഓരോ ഇടപാടിനും 20 രൂപ മുതൽ 25 രൂപ വരെ അധിക ചാർജുകൾ ഈടാക്കും.