
മാർച്ച് 4ന് 21,964 എന്ന താഴ്ന്ന നിലയിലെത്തിയ നിഫ്റ്റി പിന്നീട് ഉയർന്നു. ഈ തിരിച്ചുവരവ് 24,629വരെ തുടരുമെന്നു പ്രതീക്ഷിക്കാം. റാലികളിൽ 23,611ലും 24,629 ലും പ്രതിരോധവും തിരുത്തലിൽ 22,678ലും 21,550ലും പിന്തുണയും പ്രതീക്ഷിക്കാം.
ജിഡിപി വളർച്ച, ഉന്മേഷം നൽകുന്ന സാമ്പത്തിക ഡാറ്റ, ദുർബലമാകുന്ന ഡോളർ, ക്രൂഡ് ഓയിൽ വിലയിടിവ്, അമേരിക്ക ഓട്ടമൊബീൽ താരിഫ് നടപ്പാക്കുന്നതു നീട്ടിയത് തുടങ്ങി ഓഹരി വിപണിക്ക് ആശ്വാസം നൽകുന്ന ഒട്ടേറെ ഘടകങ്ങൾ ഇപ്പോഴുണ്ട്. ഫെബ്രുവരിയിൽ മൊത്ത ജിഎസ്ടി കലക്ഷൻ 9.1% ഉയർന്നത് ഉപഭോഗം വർധിച്ചതിന്റെ സൂചനയും നൽകുന്നു.
സപ്ലൈ കൂടിയതിനാൽ ചൈന ഉരുക്കുവ്യവസായം പുനഃക്രമീകരിക്കുകയാണ്. ചൈന സ്റ്റീൽ ഉൽപാദനവും കയറ്റുമതിയും കുറയ്ക്കുന്നത് ഇന്ത്യൻ കമ്പനികൾക്കു നേട്ടമാകും. അതിനാൽ ഈ വർഷം നിക്ഷേപകർക്ക് സ്റ്റീൽ കമ്പനികളിലെ നിക്ഷേപം പരിഗണിക്കാവുന്നതാണ്.
JSW Steel,Tata Steel, Hindalco Industries, Hindustan Zinc, Jindal Steel & Power, APL Apollo Tubes, Jindal Stainless, National Aluminium Company, Steel Authority of India, Ratnamani Metals & Tubes, Hindustan Copper, Shyam Metalics and Energy, Usha Martin, Godawari Power & Ispat, Maharashtra Seamless ഇവ പരിഗണിക്കാം.
6 മാസമായി വിപണി തിരുത്തൽ നേരിടുകയാണ്. പുതിയ നിക്ഷേപകരിൽ ഭൂരിഭാഗവും അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടാകില്ല. അതിനാൽ ബെയർ മാർക്കറ്റിന്റെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കി അതിനെ എങ്ങനെ നേരിടണമെന്നു നോക്കാം.
എന്താണ് ബെയർ മാർക്കറ്റ്?
സൂചികകൾ 20 ശതമാനമോ അതിൽ കൂടുതലോ ഇടിയുന്ന ദീർഘകാല പ്രവണതയാണിത്. ഇടിവ് 2 മാസത്തിൽ കൂടുതൽ തുടരുമ്പോൾ അതു ബെയർ മാർക്കറ്റിന്റെ തുടക്കമാണെന്നു വിലയിരുത്താം. ആശങ്കകള് കൂടുതൽ വിൽപനയിലേക്കും അതുവഴി കൂടുതൽ ഇടിവിലേക്കും നയിക്കും.
പിടിച്ചുനിൽക്കാൻ പ്രയാസമാണെങ്കിലും പോർട്ട്ഫോളിയോ വളർത്താനും ദീർഘകാല സമ്പത്തു കെട്ടിപ്പടുക്കാനുമുള്ള അവസരമായി വേണം ഇതിനെ കാണാൻ. അതേസമയം ഭാവിയിൽ വളർച്ചാ സാധ്യതയുള്ള നല്ല കമ്പനികളുടെ ഓഹരികൾ തിരഞ്ഞെടുത്തു നിക്ഷേപിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മികച്ച ഡിവിഡന്റ് നൽകുന്ന ഓഹരികളും ഈ സമയം പരിഗണിക്കാം. ബെയർ മാർക്കറ്റ് എത്ര കാലം നീണ്ടുനിൽക്കുമെന്നു പ്രവചിക്കാൻ പ്രയാസമുള്ളതിനാൽ വാങ്ങുന്ന ഓഹരികൾ ഒരു വർഷത്തിനുള്ളിൽ നേട്ടം നൽകുമെന്നു പ്രതീക്ഷിക്കരുത്.
നിങ്ങൾ ഏതെങ്കിലും കമ്പനിയിൽ വിശ്വസിക്കുന്നുവെങ്കിൽ, ഓഹരി വില എത്ര ഇടിഞ്ഞാലും നിക്ഷേപത്തിൽ ഉറച്ചുനിൽക്കുക. പണം ആവശ്യമുണ്ടെങ്കിൽ മാത്രം വിൽക്കുന്നതു പരിഗണിക്കാം. ദീർഘകാല നിക്ഷേപം വിറ്റുകളയുന്നതു സാമ്പത്തിക ലക്ഷ്യങ്ങൾ വൈകിപ്പിക്കും. പോർട്ട്ഫോളിയോയുടെ പ്രകടനംകൂടി വിലയിരുത്തിവേണം തീരുമാനമെടുക്കാൻ. ബെയർ മാർക്കറ്റ് ഏതു സമയത്തുമുണ്ടാവും. ഇവിടെ ക്ഷമയോടെ കാത്തിരിക്കുകയാണു വേണ്ടത്. നിക്ഷേപിച്ച കമ്പനികളുടെ വളർച്ച നിരീക്ഷിച്ചു കൊണ്ടിരിക്കുക. പുതിയ നിക്ഷേപകർക്ക് വിപണിയിൽ പ്രവേശിക്കാൻ ഏറ്റവും നല്ല സമയമാണിത്.
ഈ മാസത്തെ ഓഹരി ഗ്രാഫൈറ്റ് ഇന്ത്യ (Graphite India Ltd.)
1964ൽ ‘ദി ഗ്രേറ്റ് ലേക്സ് കാർബൺ കോർപറേഷൻ ഓഫ് യുഎസ്എ’യുമായുള്ള സഹകരണത്തിൽ സ്ഥാപിതമായ കമ്പനി. രാജ്യത്ത് ഗ്രാഫൈറ്റ്, കാർബൺ ഉൽപന്നങ്ങളുടെ നിർമാണത്തിൽ സ്ഥാപനം മുൻനിരയിലാണ്. ഗ്രാഫൈറ്റ് ഇലക്ട്രോഡുകളാണ് പ്രധാന ഉൽപന്നം. ഇക്കാലളവിൽ രാജ്യാന്തരതലത്തിൽ മികച്ച കമ്പനിയായി വളരാൻ ഗ്രാഫൈറ്റ് ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്.
വാങ്ങാവുന്ന വില: 460
നിർദേശിക്കുന്ന തീയതി: 20/03/2025
കൈവശംവയ്ക്കാവുന്നത്: 12 മാസം
പ്രതീക്ഷിക്കുന്ന വില: 575
വ്യവസായമേഖല: ഇലക്ട്രോഡ്സ് & ഗ്രാഫൈറ്റ്
ഇപിഎസ്: 21.90 രൂപ
പിഇ അനുപാതം: 20.16
പ്രൈസ് ടു ബുക്ക് വാല്യൂ: 1.54 ലേഖകൻ AAA Profit Analytics (P) Ltd ന്റെ മാനേജിങ് ഡയറക്ടറാണ്
SEBI Registration Number: INH200009193 സമ്പാദ്യം ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്