
ഓഹരി വിപണിയിലെ കുത്തനെയുള്ള കയറ്റങ്ങളും, പെട്ടെന്നുള്ള ഇറക്കങ്ങളും കണ്ടാൽ പേടി വരുന്ന നിക്ഷേപകർക്ക് സ്ഥിര വരുമാനം ലഭിക്കുന്ന കൂടുതൽ സ്ഥിരതയുള്ള നിക്ഷേപങ്ങളായിരിക്കും താല്പര്യം. ആർബിട്രേജ് ഫണ്ടുകൾ ഇങ്ങനെയുള്ളവർക്ക് യോജിച്ചതാണ്.
ആർബിട്രേജ് ഫണ്ടുകൾ എന്താണ്?
ആർബിട്രേജ് ഫണ്ടുകൾ ബാലൻസ്ഡ് അല്ലെങ്കിൽ ഹൈബ്രിഡ് മ്യൂച്ചൽ ഫണ്ടുകളാണ്. ഇവ പ്രധാനമായും ഓഹരികളിലും, കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നു. പക്ഷേ അവയുടെ പ്രാഥമിക നിക്ഷേപം ഓഹരികളിലാണ്. ക്യാഷ് മാർക്കറ്റിൽ സ്റ്റോക്ക് വാങ്ങുകയും ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ വിൽക്കുകയും ചെയ്യുക എന്ന തത്വത്തിലാണ് അവ പ്രവർത്തിക്കുന്നത്.
എങ്ങനെ നേട്ടമുണ്ടാക്കും ?
കാഷ്, ഡെറിവേറ്റീവ് മാർക്കറ്റുകൾ തമ്മിലുള്ള വില വ്യത്യാസങ്ങൾ മുതലെടുത്താണ് ആർബിട്രേജ് ഫണ്ടുകൾ നേട്ടമുണ്ടാക്കുന്നത്. വില വ്യത്യാസങ്ങളിൽ നിന്ന് ലാഭം നേടുന്നതിന് ഈ ഫണ്ടുകൾ വ്യത്യസ്ത വിപണികളിലെ സമാനമായ സെക്യൂരിറ്റികൾ ഒരേസമയം വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. വ്യത്യസ്ത വിപണികളിൽ ഒരേ ആസ്തിയുടെയോ സമാനമായ ആസ്തിയുടെയോ വിലയിൽ താൽക്കാലിക വ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴുള്ള അവസരങ്ങളെ ഈ ഫണ്ടുകൾ ചൂഷണം ചെയ്യുന്നു എന്നർത്ഥം.
ഉദാഹരണത്തിന് ഒരു ഫണ്ട് ക്യാഷ് മാർക്കറ്റിൽ (സ്റ്റോക്ക് നേരിട്ട് ട്രേഡ് ചെയ്യപ്പെടുന്നിടത്ത്) ഒരു സ്റ്റോക്ക് വാങ്ങുകയും അതേ സമയം അതേ സ്റ്റോക്കിന്റെ ഫ്യൂച്ചേഴ്സ് കരാർ (ഭാവിയിലെ ഒരു തീയതിയിൽ സ്റ്റോക്ക് വാങ്ങാനോ വിൽക്കാനോ ഉള്ള കരാർ) ഡെറിവേറ്റീവ്സ് മാർക്കറ്റിൽ വിൽക്കുകയും ചെയ്തേക്കാം. ഇതിൽ നിന്നുള്ള ലാഭത്തിലാണ് ഈ ഫണ്ടുകൾ അവസരം കണ്ടെത്തുന്നത്. ഈ വില വ്യത്യാസങ്ങളിൽ നിന്ന് ലാഭം നേടുന്നതിലൂടെ, വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും സ്ഥിരതയുള്ളതും, കുറഞ്ഞ അപകടസാധ്യതയുള്ളതുമായ വരുമാനം ഉണ്ടാക്കുക എന്നതാണ് ആർബിട്രേജ് ഫണ്ടുകളുടെ ലക്ഷ്യം.
നികുതി കാര്യക്ഷമത
ഒരു വർഷത്തിനുശേഷം ലഭിക്കുന്ന ലാഭം ദീർഘകാല മൂലധന നേട്ടമായി കണക്കാക്കുകയും, 10% കുറഞ്ഞ നിരക്കിൽ നികുതി ചുമത്തുകയും ചെയ്യുന്നതിനാൽ, ആർബിട്രേജ് ഫണ്ടുകൾ പൊതുവെ നികുതിക്ഷമതയുള്ളതാണെന്ന് പറയാം. ഡെറിവേറ്റീവ്സ് വിഭാഗത്തിൽ അവയെ താരതമ്യേന സുരക്ഷിത നിക്ഷേപങ്ങളായി കണക്കാക്കുന്നു. ഇത് അപകടസാധ്യത കുറയ്ക്കുന്നു. ഇൻവെസ്കോ ഇന്ത്യ ആർബിട്രേജ് ഫണ്ട്, എഡൽവീസ് ആർബിട്രേജ് ഫണ്ട്, ടാറ്റ ആർബിട്രേജ് ഫണ്ട് എന്നിവ ചില ജനപ്രിയ ആർബിട്രേജ് ഫണ്ടുകളാണ്.
ആർക്കൊക്കെ നിക്ഷേപിക്കാം?
ആർബിട്രേജ് ഫണ്ടുകൾ ഓഹരികളിലും, കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നതിനാൽ, ഓഹരികളിൽ മാത്രം നിക്ഷേപിച്ച് നേട്ടമെടുക്കാൻ ആഗ്രഹിക്കാത്ത യാഥാസ്ഥിതിക നിക്ഷേപകർക്ക് ഇതിൽ നിക്ഷേപിക്കാം. കുറഞ്ഞ റിസ്ക് താല്പര്യമുള്ളവർക്കാണ് ഈ ഫണ്ടുകൾ ഏറ്റവും യോജിക്കുന്നത്. പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കും ആർബിട്രേജ് ഫണ്ടുകൾ അനുയോജ്യമാണ്.
ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് ആർബിട്രേജ് ഫണ്ടുകൾ പൊതുവെ അപകടസാധ്യത കുറഞ്ഞതായി കണക്കാക്കുന്നു. ഇത് സ്ഥിരത ഇഷ്ടപ്പെടുന്ന നഷ്ടങ്ങൾ തീരെ ഇഷ്ടമല്ലാത്ത നിക്ഷേപകർക്ക് യോജിച്ചതാണ്. ചിലർ ഈ ഫണ്ടുകൾ 3 മാസമോ അതിൽ കൂടുതലോ കാലയളവിലേക്ക് പണം സൂക്ഷിക്കാനായി പാർക്കിങ് ഫണ്ടുകളായി ഉപയോഗിക്കുന്നു.
വ്യത്യസ്ത വിപണികളിലെ താൽക്കാലിക വില വ്യത്യാസങ്ങൾ മുതലെടുക്കുക എന്നതാണ് ആർബിട്രേജ് ഫണ്ടുകളുടെ ലക്ഷ്യം എന്നത് കൊണ്ട് അസ്ഥിരമായ വിപണി സാഹചര്യങ്ങളിൽ പോലും വരുമാന സാധ്യത വാഗ്ദാനം ചെയ്യുന്ന ഈ ഫണ്ടുകളിൽ നിക്ഷേപിക്കാൻ പലർക്കും താല്പര്യമുണ്ട്.പരമ്പരാഗത സേവിങ്സ് അക്കൗണ്ടുകളേക്കാളും സ്ഥിര നിക്ഷേപങ്ങളെക്കാളും ആദായം നൽകുന്നതിനാൽ, ഇതിൽ നിക്ഷേപിക്കാനും മികച്ച വരുമാനം നേടാനും സാധിക്കും.
ആർബിട്രേജ് ഫണ്ടുകളുടെ 3 വർഷത്തെയും,5 വർഷത്തെയും ആദായം പട്ടികയിൽ വിശദീകരിക്കുന്നു.