
പുതിയ സാമ്പത്തിക വർഷത്തിലേക്ക് (2025-26) കനത്ത നഷ്ടത്തോടെ ചുവടുവച്ച് ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സ് 1,200 പോയിന്റിലധികവും നിഫ്റ്റി 330 പോയിന്റിലേറെയും ഇടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം അഥവാ നിക്ഷേപക സമ്പത്തിൽ നിന്ന് ഇന്നിതുവരെ കൊഴിഞ്ഞത് 4 ലക്ഷം കോടി രൂപയും.
ഇന്ത്യ ഉൾപ്പെടെ ഒട്ടുമിക്ക രാജ്യങ്ങൾക്കുമേലും നാളെ മുതൽ (ഏപ്രിൽ 2) പകരത്തിനു പകരം ചുങ്കം (Reciprocal Tariff) ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനമാണ് ഓഹരി വിപണികളെ നഷ്ടപ്പുഴയാക്കുന്നത്. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഇന്ത്യയും മറ്റും എത്ര തീരുവയാണോ (ഇറക്കുമതിച്ചുങ്കം) ഈടാക്കുന്നത്, നാളെ മുതൽ അതേ തീരുവ അമേരിക്കയും അതത് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഈടാക്കും. അതാണ് പകരച്ചുങ്കം.
ഉദാഹരണത്തിന്, ഇന്ത്യയിൽ നിന്നുള്ള മരുന്നിനും കെമിക്കലുകൾക്കും മറ്റും യുഎസ് 9% വരെ തീരുവ ഈടാക്കുമ്പോൾ യുഎസിൽ നിന്നുള്ള സമാന ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നത് 36% വരെ.
നാളെ മുതൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ യുഎസും 36% വരെ തീരുവ ചുമത്തിയേക്കും. ഇന്ത്യൻ കമ്പനികളുടെ വരുമാനം, ലാഭം, വിൽപന എന്നിവയെ ഇതു സാരമായി ബാധിക്കുമെന്നതും ട്രംപിന്റെ പകരച്ചുങ്ക നിലപാട് ആഗോളതലത്തിൽ വ്യാപാര, നയതന്ത്ര ബന്ധങ്ങളും കമ്പനികളുടെ സമ്പദ്സ്ഥിതിയും മോശമാകുമെന്നതുമാണ് ഓഹരികളെ പ്രധാനമായും ഉലച്ചത്.
വീണുടഞ്ഞ് സെൻസെക്സും നിഫ്റ്റിയും
ഇന്ന് 23,341 പോയിന്റിൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി50 ഒരുവേള 23,565 വരെ ഉയർന്നെങ്കിലും ആശങ്ക ആഞ്ഞടിച്ചതോടെ 23,183ലേക്ക് വീണു. ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കവേ, 332 പോയിന്റിടിഞ്ഞ് (-1.37%) 23,197ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇൻഡസ്ഇൻഡ് ബാങ്ക് (+3.87%), ട്രെന്റ് (+3.74%), എച്ച്ഡിഎഫ്സി ലൈഫ് (+1.22%) എന്നിവയാണ് നേട്ടത്തിൽ മുന്നിൽ.
ഹ്രസ്വകാല പണലഭ്യത ഉറപ്പാക്കാൻ ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പിന്തുണ തേടിയ നീക്കമാണ് () ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികൾക്ക് ഇന്നു നേട്ടമായതെന്ന് കരുതുന്നു. ബജാജ് ഇരട്ടകൾ (ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്) എന്നിവ 3.52% വരെ ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് (-3.06%), ഇൻഫോസിസ് (-2.72%), ഹിൻഡാൽകോ (-2.64%) എന്നിവയുമാണ് നഷ്ടത്തിൽ ആദ്യ 5ലുള്ള മറ്റ് ഓഹരികൾ.
1,280 പോയിന്റ് (-1.65%) ഇടിഞ്ഞ് 76,134ൽ ആണ് സെൻസെക്സിന്റെ വ്യാപാരം നടക്കുന്നത്. 76,882ലാണ് തുടങ്ങിയതെങ്കിലും ഒരുഘട്ടത്തിൽ 77,487 വരെ എത്തിയശേഷം 76,612ലേക്ക് ഇടിഞ്ഞിരുന്നു സെൻസെക്സ്. ഇൻഡസ്ഇൻഡ് ബാങ്ക് (+3.95%), സൊമാറ്റോ (+0.67%) എന്നിവയേ നേട്ടത്തിലുള്ളൂ. ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എച്ച്സിഎൽടെക്, ടെക് മഹീന്ദ്ര എന്നിവ 2.21 മുതൽ 3.54% വരെ ഇടിഞ്ഞ് നഷ്ടത്തിൽ മുൻപന്തിയിലുണ്ട്.
വിശാല വിപണിയിൽ കൂട്ടത്തകർച്ച
നിഫ്റ്റി മീഡിയ (+1.14%) ഒഴികെ വിശാല വിപണിയാകെ ചുവപ്പുമയമാണ്. റിയൽറ്റി, ബാങ്കിങ്, ഐടി, ധനകാര്യസേവന ഓഹരികളാണ് കൂടുതൽ വിൽപനസമ്മർദം അനുഭവിക്കുന്നത്. ബാങ്ക് നിഫ്റ്റി 1.44% ഇടിഞ്ഞു. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് 2.09%, ഐടി 2.33%, മെറ്റൽ 1.20%, സ്വകാര്യബാങ്ക് 1.29%, റിയല്റ്റി 3.48%, കൺസ്യൂമർ ഡ്യൂറബിൾസ് 2.30% എന്നിങ്ങനെ താഴ്ന്ന് വ്യാപാരം ചെയ്യുന്നു.
നിക്ഷേപകർക്കിടയിൽ ആശങ്ക ശക്തമെന്ന് വ്യക്തമാക്കി ഇന്ത്യ വിക്സ് സൂചിക (ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ ദിശ വ്യക്തമാക്കുന്ന സൂചിക) 9 ശതമാനത്തിലധികം ഉയർന്നു. വിപണിയിൽ വിൽപനസമ്മർദ്ദം ശക്തമായേക്കുമെന്ന സൂചന ഇതു നൽകുന്നു. മഹാരാഷ്ട്ര സർക്കാർ സ്റ്റാംപ് ഡ്യൂട്ടി കൂട്ടിയതാണ് റിയൽറ്റി ഓഹരികളെ വീഴ്ത്തിയത്.
ഇടിവിന്റെ കാരണങ്ങൾ
1) ട്രംപിന്റെ പകരച്ചുങ്കം: ട്രംപ് പകരച്ചുങ്കം ഏർപ്പെടുത്തിയാൽ ഇന്ത്യൻ ഐടി, ഫാർമ, ഇലക്ട്രോണിക്സ്, വാഹന കമ്പനികളെ അതു സാരമായി ബാധിക്കും. മാത്രമല്ല, ട്രംപ് ഇങ്ങനെ ഇറക്കുമതി തീരുവ കൂട്ടുന്നത് ഫലത്തിൽ അമേരിക്കക്കാർക്ക് തന്നെയാണ് തിരിച്ചടി. അവർ ഓരോ ഉൽപന്നത്തിനും കൂടുതൽ വില നൽകേണ്ടി വരും. അതു പണപ്പെരുപ്പവും പലിശഭാരവും കൂടാനുമിടയാക്കും.
2) മാന്ദ്യപ്പേടി: ട്രംപിന്റെ പകരച്ചുങ്ക പശ്ചാത്തലത്തിൽ യുഎസ്, യൂറോപ് സമ്പദ്വ്യവസ്ഥകൾ മാന്ദ്യത്തിലേക്ക് വീണേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. യൂറോപ്യൻ യൂണിയൻ സാങ്കേതിക സാമ്പത്തിക മാന്ദ്യത്തെ നേരിട്ടേക്കുമെന്ന് പ്രമുഖ ബ്രേക്കറേജായ ഗോൾഡ്മാൻ സാക്സ് മുന്നറിയിപ്പ് നൽകി. തുടർച്ചയായ രണ്ടു ത്രൈമാസങ്ങളിൽ നെഗറ്റീവ് ജിഡിപി വളർച്ച രേഖപ്പെടുത്തുന്നതിനെയാണ് സാങ്കേതിക സാമ്പത്തികമാന്ദ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
3) കുതിച്ചുയർന്ന് ക്രൂഡ് ഓയിൽ: ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് കനത്ത ആശങ്കയുമായി ക്രൂഡ് ഓയിൽ വില 5-ആഴ്ചത്തെ ഉയരത്തിൽ. ബ്രെന്റ് വില ബാരലിന് 74.67 ഡോളറായി. ഇന്ത്യയുടെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കൂടാൻ ഈ വിലക്കയറ്റം ഇടയാക്കും.
4) വിദേശികൾ വീണ്ടും പിന്മാറ്റത്തിൽ: ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞമാസാവസാനത്തോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വിദേശ ധനകാര്യ സ്ഥാപനങ്ങൾ വീണ്ടും വിൽപന സമ്മർദം ശക്തമാക്കുന്നു. മാത്രമല്ല, കഴിഞ്ഞയാഴ്ചയിലെ നേട്ടം മുതലെടുത്തുള്ള ലാഭമെടുപ്പ് തകൃതിയായതും വിപണിയെ ഉലയ്ക്കുകയാണ്.
സമ്മിശ്ര പ്രകടനവുമായി കേരള ഓഹരികൾ
കേരള കമ്പനികൾ ഇന്നു പൊതുവേ സമ്മിശ്ര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ജിടിഎൻ ടെക്സ്റ്റൈൽസ് 8.84%, സോൾവ് പ്ലാസ്റ്റിക് 6%, മുത്തൂറ്റ് മൈക്രോഫിൻ 5.83%, ന്യൂ മലയാളം സ്റ്റീൽ 4.72%, ഇസാഫ് ബാങ്ക് 4.55% എന്നിങ്ങനെ ഉയർന്ന് നേട്ടത്തിൽ മുന്നിലെത്തി. യൂണിറോയൽ മറീൻ 5%, സ്കൂബിഡേ 4.66%, പ്രൈമ ഇൻഡസ്ട്രീസ് 4.41%, കിറ്റെക്സ് 4.13%, കല്യാൺ ജ്വല്ലേഴ്സ് 2.06% എന്നിങ്ങനെ നഷ്ടത്തിലും മുന്നിലാണ്. ബാങ്ക് വായ്പകൾക്ക് റേറ്റിങ് ഏജൻസിയായ ഇക്രയുടെ റേറ്റിങ് പിൻവലിക്കാൻ കിറ്റെക്സ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
https://www.manoramaonline.com/business.html