
എൽജിപി വില വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ; നേട്ടം ഹോട്ടലുകാർക്കും തട്ടുകടകൾക്കും
ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും തട്ടുകടകൾക്കും ആശ്വാസം സമ്മാനിച്ച് വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. കഴിഞ്ഞമാസം ഒന്നിന് 6 രൂപ കൂട്ടിയ എണ്ണക്കമ്പനികൾ ഇന്നു പ്രാബല്യത്തിൽ വന്നവിധം സിലണ്ടറൊന്നിന് (19 കിലോഗ്രാം) 41 രൂപയാണ് കുറച്ചത്.
ഇതോടെ കൊച്ചിയിൽ വില 1,769.5 രൂപയായി. തിരുവനന്തപുരത്ത് 1,790.5 രൂപ. കോഴിക്കോട്ട് 1,802 രൂപ. ഇക്കഴിഞ്ഞ ജനുവരിയിൽ വില ശരാശരി 1,850 രൂപയ്ക്കടുത്തായിരുന്നു.
ഏതാനും മാസം മുമ്പുവരെ വില കുത്തനെ ഉയർന്നു നിന്നതിനാൽ റസ്റ്ററന്റുകളും തട്ടുകടകളും മറ്റും പ്രതിമാസം 3,000 മുതൽ 5,000 രൂപവരെ അധികച്ചെലവ് നേരിട്ടിരുന്നു. നിലവിൽ വില അൽപം കുറഞ്ഞെങ്കിലും അതു ഇവയുടെ സാമ്പത്തികച്ചെലവിൽ നൽകുന്നത് മികച്ച ആശ്വാസമാണ്.
അതേസമയം, കഴിഞ്ഞ ഒരുവർഷമായി ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില പരിഷ്കരിക്കാൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. കൊച്ചിയിൽ വില 810 രൂപയിലും കോഴിക്കോട്ട് 811.5 രൂപയിലും തുടരുന്നു. 812 രൂപയാണ് തിരുവനന്തപുരത്ത് വില.
കഴിഞ്ഞവർഷം മാർച്ച് എട്ടിനാണ് ഏറ്റവുമൊടുവിൽ ഗാർഹിക സിലിണ്ടർ വില പരിഷ്കരിച്ചത്. വനിതാദിനമായ അന്ന് സ്ത്രീകൾക്കുള്ള സമ്മാനമെന്നോണം കേന്ദ്രസർക്കാരാണ് 100 രൂപ കുറച്ചത്.
English Summary:
Commercial LPG Cylinder Price Slashed by ₹41, Domestcic LPG Price Remains Unchanged
mo-news-common-lpg mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list 7h52176tui7cr9aivbirbcf8ti