ദില്ലി:ഹമാസുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം നല്കിയ മറുപടിയില്‍ വിവാദം.തന്റെ പേരില്‍ നല്കിയ മറുപടി തന്റെ അറിവില്ലാതെയാണെന്നും അന്വേഷണം വേണമെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. എന്നാല്‍ മറുപടി വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് നല്‍കിയതെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് നീക്കമുണ്ടോയെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തോട് പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ട ചോദ്യം കെ സുധാകരൻ എംപിയാണ് ചോദ്യം ഉന്നയിച്ചത്.ഇതിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ പേരിലാണ് സുധാകരന് മറുപടി ലഭിച്ചത്.ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് യുഎപിഎ പരിധിയില്‍ വരുന്നതാണെന്നും ബന്ധപ്പെട്ട മന്ത്രാലയമാണ് അത് നിർവഹിക്കേണ്ടതെന്നുമായിരുന്നു മറുപടി. ഇത് ചർച്ചയായതോടെ താൻ അങ്ങനെ ഒരു മറുപടി നല്‍കിയിട്ടില്ലെന്ന് മീനാക്ഷി ലേഖി സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചു. പിന്നാലെ വിദേശകാര്യ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയംപെടുത്തിയതായും അവർ പറഞ്ഞു.
എന്നാല്‍ ഹമാസ് വിഷയത്തില്‍ മറുപടി നല്‍കിയത് വിദേശകാര്യസഹമന്ത്രിയായ വി മുരളീധരനാണെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് നേരത്തെ ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹമാസിനെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ചയായത്. അതേസമയം മറ്റൊരാള്‍ മുഖേന ചോദ്യം ഉന്നയിക്കപ്പെട്ടുവെന്ന കുറ്റം ചുമത്തി എംപിയെ പാര്‍ലമെൻറില്‍ പുറത്താക്കിയതിന് പിന്നാലെയാണ് ഇതെല്ലാം നടക്കുന്നതെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി വിമർശിച്ചു.
Last Updated Dec 9, 2023, 6:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]