
ജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ മഹാരാഷ്ട്രയെ എറിഞ്ഞിട്ട് കേരളം ക്വാർട്ടറിൽ. 153 റൺസിന്റെ കൂറ്റൻ ജയവുമായാണ് കേരളം ക്വർട്ടറിലേക്ക് കടന്നത്. 384 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മഹാരാഷ്ട്രയെ 37.4 ഓവറിൽ 230 റൺസിൽ ഓൾഔട്ടാക്കി. ബാറ്റിങ്ങിൽ കൃഷ്ണ പ്രസാദിന്റെയും രോഹൻ കുന്നുന്മേലിന്റെയും തകർപ്പൻ സെഞ്ചുറികൾ കേരള ഇന്നിംഗ്സിന് മികവേറിയപ്പോൾ ബൗളിങിൽ ശ്രേയാസ് ഗോപാൽ, വൈശാഖ് ചന്ദ്രൻ എന്നിവരുടെ സ്പിൻ വലയം തുണയായി.
ശ്രേയസ് ഗോപാൽ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ വൈശാഖ് ചന്ദ്രൻ മൂന്നു വിക്കറ്റുകൾ വീഴത്തി മഹാരാഷ്ട്രയെ വരിഞ്ഞുമുറുക്കി. ബേസിൽ തമ്പിയും അഖിൻ സത്താറും ഓരോ വിക്കറ്റുകൾ വീതവും നേടി. കേരളത്തിനെതിരെ തുടക്കത്തിൽ മികച്ച ബാറ്റിങായിരുന്നു മഹാരാഷ്ട്ര പുറത്തെടുത്തത്. ഓം ദത്താത്രേയ ഭോസാലെ-കൗശൽ തമ്പി എന്നിവരുടെ സഖ്യം ആദ്യം വിക്കറ്റിൽ 139 റൺസ് അടിച്ചുകൂട്ടിയത്. 21-ാം ഓവറിൽ നേരിട്ടുള്ള ത്രോയിൽ കൗശലിനെ (52 പന്തിൽ 50) മടക്കി ശ്രേയാസ് ഗോപാൽ കളിയുടെ ഗതി മാറ്റി. തൊട്ടടുത്ത ഓവറിൽ ഓം ഭോസലയെ (71 പന്തിൽ 78)യും ശ്രേയാസ് ഗോപാൽ വീഴ്ത്തി.
ക്യാപ്റ്റൻ കേദാർ ജാദവ് മുതൽ പിന്നീട് വന്നവർക്കാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 20.1 ഓവറിൽ 139-0 എന്ന നിലയിലായിരുന്ന മഹാരാഷ്ട്ര ഇതോടെ 30.3 ഓവറിൽ 198-6 എന്ന നിലയിൽ കേരളത്തിന്റെ ബൗളിങ് നിര പിടിച്ചിട്ടു. 37.4 ഓവറിൽ 230 റൺസിൽ മഹാരാഷ്ട്ര കീഴടങ്ങി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റിന് 383 റൺസ് എടുത്ത് കൂറ്റൻ വിജയലക്ഷ്യമാണ് മഹാരാഷ്ട്രയ്ക്ക് നൽകിയത്. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിൻറെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്. 2009ൽ ഗോവയ്ക്കെതിരെ നേടിയ 377-3 ആയിരുന്നു മുൻ റെക്കോർഡ്. കൃഷ്ണ പ്രസാദ് 144ഉം രോഹൻ 120 റൺസെടുത്തു. ആദ്യ വിക്കറ്റിൽ ഇരുവരും 218 റൺസ് കൂട്ടിച്ചേർത്തു. സഞ്ജു സാംസൺ 29, വിഷ്ണു വിനോദ് 23 പന്തിൽ 43 എന്നിവരും നിർണായക സംഭാവനകൾ നൽകി.
Story Highlights: Vijay Hazare Trophy Kerala beat Maharashtra by 153 runs
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]