
തിരുവനന്തപുരം: എൻജിഒ യൂണിയൻ നേതാവ് കെ എം പ്രകാശനെ കേരള ഹൗസ് കണ്ട്രോളർ ആക്കാനുള്ള നീക്കത്തിന് പിന്നിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിൻ്റെ രേഖകൾ പുറത്ത്. പൊതുഭരണ വകുപ്പ് എതിർത്തിട്ടും ഐഎഎസുകാരും സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരും വഹിക്കുന്ന തസ്തികയിലേക്ക് ഇരട്ട സ്ഥാനകയറ്റം നൽകി നിയമിക്കാനാണ് നീക്കം. കണ്ണൂർ സ്വദേശിയായ കെ എം പ്രകാശന് അനുകൂലമായി ചട്ട ഭേദഗതിക്ക് ശുപാർശ ചെയ്തതും മുഖ്യമന്ത്രിയാണ്. വിവാദ നീക്കത്തിൻ്റെ ഫയലുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
നിലവിൽ കേരള ഹൗസിൽ ഫ്രണ്ട് ഓഫീസ് മാനേജറാണ് എൻജിഒ യൂണിയൻ നേതാവും കണ്ണൂർ സ്വദേശിയുമായി കെ എം പ്രകാശൻ. പ്രകാശനെ കേരള ഹൗസിൽ കൺട്രോളർ എന്ന ഉന്നത തസ്തികയിലേക്ക് കൊണ്ട് വരാനാണ് തകൃതിയായ നീക്കങ്ങൾ. കേരള ഹൗസ് ജീവനക്കാർക്ക് സ്ഥാനകയറ്റ തസ്തികള്‍ സൃഷ്ടിക്കണമെന്ന് നിവേദനത്തിൻ്റെ മറവിലാണ് ശ്രമം തുടങ്ങുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ പൊതുഭരണവകുപ്പ് ആദ്യം പരിശോധന നടത്തി.
ഹൗസ് കീപ്പിംഗ് മാനേജർ, കാറ്ററിംഗ് മാനേജർ തസ്തികയിലേക്ക് മാത്രം കേരള ഹൗസിലെ ജീവനക്കാർക്ക് സ്ഥാനകയറ്റം നൽകാമെന്നായിരുന്നു പൊതുഭരണവകുപ്പ് ശുപാർശ. കേരള ഹൗസിൽ റസിഡൻസ് കമ്മീഷണറുടെ തൊട്ടുതാഴെയുള്ള പ്രധാനപ്പെട്ട തസ്തികയാണ് കണ്ട്രോളർ. മുമ്പ് ഐഎഎസുകാർ വഹിച്ചിരുന്ന ഈ തസ്തികയിൽ ഇപ്പോള്‍ സെക്രട്ടറിയേറ്റിൽ നിന്നുള്ള അഡീഷണൽ സെക്രട്ടറിയാണുള്ളത്. ഈ തസ്തികയിലേക്ക് സ്ഥാനകയറ്റം നൽകാനാകില്ലെന്നായിരുന്നു പൊതുഭരണവകുപ്പ് നിലപാട്.
സെക്രട്ടറിയേറ്റിൽ നിന്നോ കേന്ദ്ര സർക്കാരിൽ നിന്നും ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാണ് കണ്‍ട്രോളറാകേണ്ടതെന്നാണ് നിലവിലെ നിയമമെന്നും ഫയലിൽ ഉദ്യോഗസ്ഥർ കുറിച്ചു. പക്ഷെ കണ്ട്രോളർ തസ്തികയിലേക്കും കേരള ഹൗസിലെ ജീവനക്കാരെ പ്രമോഷൻ വഴി നിയമിക്കാനാൻ ചട്ടം പരിഷ്ക്കരിക്കാൻ ഉദ്യോഗസ്ഥ സമിതിയെ നിയമിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. 21-6-2023 ലായിരുന്നു ഇത്. ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതി യോഗം ചേർന്നുവെന്നും കണ്ട്രോളർ തസ്തികയിലേക്കും കേരള ഹൗസ് ജീവനക്കാർക്ക് സ്ഥാനകയറ്റം വഴി നിയമനം നൽകാമെന്ന് ശുപാർശ ചെയ്യുന്നതായി 29-7-2023 ന് പൊതുഭരണ സെക്രട്ടറി കെആർ ജ്യോതിലാൽ മുഖ്യമന്ത്രിയെ അറിയിക്കുന്നു. കൂടാതെ കേരള ഹൗസിലെ നോണ്‍ ഗസ്റ്റഡ് തസ്തികയായ ഫ്രണ്ട് ഓഫീസ് മാനേജർ തസ്തിക ഗസ്റ്റഡ് തസ്തികയാക്കി ഉയർത്താനും ശുപാർശ ചെയ്തു. പിന്നീടാണ് അടുത്ത തന്ത്രപരമായ നീക്കം.
കണ്ട്രോളർ തസ്തികയിലേക്ക് ഫ്രണ്ട് ഓഫീസ് മാനേജറെ കൂടാതെ ഹൗസ് കീപ്പിംഗ് മാനേജർ, കാറ്ററിംഗ് മാനേജർമാരെയും പരിഗണിക്കാമെന്ന് 6-10-2023ന് മുഖ്യമന്ത്രി ഫയലിൽ എഴുതി. പ്രകാശന് വേണ്ടിമാത്രമായി ഭേദഗതി കൊണ്ടുവരുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് ഫ്രണ്ട് ഓഫീസ് മാനേജറെ കൂടാതെ മറ്റ് രണ്ട് തസ്തിക കൂടി കണ്‍ട്രോളാറാകാൻ പരിഗണിക്കാമെന്ന് ഭേഗഗതിവരുത്തിയത്. ശുപാർശ ഇപ്പോൾ ധനവകുപ്പിന്റെ പരിഗണനയിലാണ്. ധനവകുപ്പ് കൂടി അംഗീകരിച്ചാൽ ഭേദഗതി മന്ത്രിസഭ അംഗീകരിച്ച് ഉത്തരവായിറങ്ങും.
ഫ്രണ്ട് ഓഫീസ് മാനേജർ തസ്തിക ഗസ്റ്റഡ് പോസ്റ്റിലേക്ക് ഉയർത്തുമ്പോള്‍ കേരള ഹൗസിൽ നിന്നും കണ്ട്രോളർ തസ്തികയിലേക്ക് പരിഗണിക്കപ്പെടുന്നതിൽ സീനിയോററ്റിയിൽ ആദ്യ പേരുകാരനാകും കെ എം പ്രകാശൻ. നോണ്‍ ഗസ്റ്റഡ് തസ്തികയായ ഫ്രണ്ട് ഓഫീസ് മാനേജറിൽ നിന്നും ഒറ്റയടിക്ക് ഗസ്റ്റഡ് തസ്തികയിലേക്ക് എത്തുന്നതിലും തീർന്നില്ല കാര്യങ്ങൾ. അവിടെ നിന്നും എഐഎസുകാരുടെ എൻട്രികേഡറായി ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള കണ്ട്രോള് തസ്തികയിലേക്ക് എൻജിഒ യൂണിയൻ നേതാവിന് കയറാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്.
Last Updated Dec 9, 2023, 7:45 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]