
ഡര്ബന്: ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് നാളെ തുടക്കം. ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഡര്‍ബനില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്ക് ആരംഭിക്കും. ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര വിജയത്തിന്റെ തിളക്കത്തിലാണ് ദക്ഷിണാഫ്രിക്ക കീഴടക്കാൻ സൂര്യകുമാര്‍ യാദവും സംഘവും എത്തിയിരിക്കുന്നത്. ഓസ്ട്രേലിയ്ക്കെതിരെ സ്വന്തം മണ്ണിൽ 4-1നായിരുന്നു ടീം ഇന്ത്യയുടെ പരമ്പര ജയം.
വിജയ ടീമിലേക്ക് ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ കൂടി ചേരുമ്പോൾ നീലപ്പട കൂടുതൽ കരുത്തരാകും. എന്നാൽ ആരൊക്കെ ആദ്യ ഇലവനിൽ ഇടംപിടിക്കുമെന്നതിൽ ആകാംക്ഷ. ഓപ്പണര്‍മാരായി തന്നെ ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, റുതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ എന്നിവരുണ്ട്. ഇഷാനെ വണ്‍ ഡൗണായാണ് ഓസ്ട്രേലിയക്കെതിരെ കളിപ്പിച്ചത്. സ്പിൻ നിരയിലാണ് മറ്റൊരു ആശയക്കുഴപ്പം. ലോകകപ്പിൽ ഇന്ത്യയുടെ സ്പിൻ ജോഡിയായിരുന്ന കുൽദീപ് യാദവും രവീന്ദ്ര ജഡേജയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ട്വന്റി 20 ബൗളര്‍മാരിൽ ഒന്നാം റാങ്കിലെത്തിയ രവി ബിഷ്ണോയിയേയും എങ്ങനെ ഒഴിവാക്കും എന്നത് മറ്റൊരു സംശയം. അതേസമയം പേസ് നിരയെ മുഹമ്മദ് സിറാജ് തന്നെയായിരിക്കും നയിക്കുക. കൂട്ടിന് മുകേഷ് കുമാറും അര്‍ഷദീപ് സിംഗും ഉണ്ടാകും.
ദക്ഷിണാഫ്രിക്കയും നിരവധി മാറ്റങ്ങളോടെയാണ് കളിക്കുന്നത്. ക്യാപ്റ്റൻ തെംബ ബാവുമയും സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയ്ക്കും വൈറ്റ് ബോൾ ഫോര്‍മാറ്റിൽ വിശ്രമം നൽകി എയ്ഡൻ മാര്‍ക്രത്തിന്റെ നേതൃത്വത്തിലാണ് പ്രോട്ടീസ് ഇറങ്ങുക. ഡേവിഡ് മില്ലര്‍, ഹെൻട്രിച്ച് ക്ലാസൻ, റീസെ ഹെൻട്രീക്സ്, ജേറാൾഡ് കോട്സീയ തുടങ്ങിയ വമ്പൻ താരങ്ങളും ദക്ഷിണാഫ്രിക്കൻ നിരയിലുണ്ട്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് മറ്റ് രണ്ട് ട്വന്റി 20 മത്സരങ്ങൾ നടക്കുന്നത്. പിന്നാലെ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റും കൂടി ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുണ്ട്. സ്റ്റാര്‍ സ്പോര്‍ട്സും ഡിസ്നി ഹോട്സ്റ്റാറും വഴി മത്സരം തല്‍സമയം കാണാം.
Last Updated Dec 9, 2023, 12:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]