
ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു ദിയാ മിർസ. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിലൂടെയാണ് ദിയക്ക് മുന്നിൽ ബിഗ് സ്ക്രീനിലേക്കുള്ള വാതിൽ തുറന്നത്. 2001-ൽ രഹ്നാ ഹേ തേരേ ദിൽ മേം എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട ലിംഗവിവേചനത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവർ. സ്ത്രീകൾക്ക് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾപോലും ചില സെറ്റുകളിൽ നൽകിയില്ലെന്ന് ബിബിസി ഹിന്ദിക്ക് നൽകിയഅഭിമുഖത്തിൽ ദിയ പറഞ്ഞു.
വസ്ത്രം മാറാനോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ ഉള്ള സൗകര്യങ്ങൾ പോലും നൽകാത്ത സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഔട്ട്ഡോർ ഷൂട്ടിങ്ങിന്റെ സമയത്ത് ടോയ്ലെറ്റ് എന്നത് ആഡംബരമായിരുന്നെന്നും ദിയ ചൂണ്ടിക്കാട്ടി. വളരെ കുറച്ച് സ്ത്രീകള്‍ മാത്രമായിരുന്നു അന്ന് സെറ്റില്‍ ജോലി ചെയ്തിരുന്നത്. അതിനാല്‍ ധാരാളം പ്രതിസന്ധികളുണ്ടായിരുന്നു. വേര്‍തിരിവ് കാണിച്ചിരുന്നു. അവർ ലഭ്യമാക്കിയ സൗകര്യങ്ങളില്‍ അത് കാണാമായിരുന്നു. ചെറിയ വാനിറ്റി വാനായിരുന്നു ലഭിച്ചിരുന്നതെന്നും ദിയ ഓർമിച്ചു.
‘‘പാട്ട് ചിത്രീകരിക്കാന്‍ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ടോയ്ലറ്റ് പോലുമുണ്ടാകില്ല. മരങ്ങള്‍ക്കോ പാറകള്‍ക്കോ പുറകില്‍ പോകേണ്ടി വരും. വലിയ ഷീറ്റ് വച്ച് മൂന്ന് പേര്‍ചേർന്ന് മറച്ചു പിടിക്കേണ്ടി വന്നിരുന്നു. ഞങ്ങൾക്ക് വസ്ത്രം മാറാൻ പോലും ഇടമില്ലായിരുന്നു. സ്വകാര്യതയും വൃത്തിയും ഇല്ലായിരുന്നു. പുരുഷന്മാര് വരാന്‍ വൈകിയാല്‍ പോലും ആരും ഒന്നും പറയില്ല. പക്ഷേ സ്ത്രീകള്‍ കാരണം ചെറുതായി വൈകിയാല്‍ പോലും ഞങ്ങളെ അണ്‍പ്രൊഫഷണല്‍ ആക്കിക്കളയുമായിരുന്നു. പല സ്ത്രീ അഭിനേതാക്കളും നടൻമാർ വൈകിയെത്തുന്നതിനെക്കുറിച്ചും ശുചിത്വം, സ്വകാര്യത പ്രശ്നങ്ങൾ എന്നിവയെ കുറിച്ചും സിനിമ സെറ്റിൽ പറഞ്ഞിട്ടുണ്ട്.” ദിയാ മിർസ പറഞ്ഞു.
വഹീദാ റഹ്മാന് ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം ലഭിച്ചത് വളരെ വൈകിയാണ്. ഇന്നും സിനിമകളിൽ സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണെന്ന സത്യം നമ്മൾ മനസ്സിലാക്കണം, അത് സംവിധാനമായാലും നിർമ്മാണമായാലും എഴുത്തായാലും. ഒരു നിശ്ചിത പ്രായത്തിന് ശേഷം സ്ത്രീകൾക്ക് പ്രധാന വേഷങ്ങൾ നൽകാത്ത ഒരു കാലഘട്ടം ഇന്ത്യൻ സിനിമയിൽ ഉണ്ടായിരുന്നു, എന്നാൽ പുരുഷന്മാർക്ക് അവരെ നൽകിയിരുന്നു. താൻ ചെയ്ത ധക് ധക് എന്ന സിനിമ മോട്ടോർ സൈക്കിൾ യാത്രയ്ക്ക് പോകുന്ന നാല് വ്യത്യസ്ത പ്രായത്തിലുള്ള നാല് സ്ത്രീകളുടെ കഥയാണ് പറഞ്ഞത്. ഇന്ത്യൻ സിനിമാലോകം ഇത്തരമൊരു കഥ കാണിക്കാൻ 110 വർഷമെടുത്തു. ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ താൻ 23 വർഷം കാത്തിരുന്നുവെന്നും ദിയാ മിർസ കൂട്ടിച്ചേർത്തു.
ധക് ധക് എന്ന ചിത്രമാണ് ദിയ അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയത്. ഷാരൂഖ് ഖാൻ നായകനാവുന്ന ഡങ്കിയാണ് ഇനി പുറത്തുവരാനുള്ളത്. കാഫിര്‍, മൈന്‍ഡ് ദ മല്‍ഹോത്രാസ്, മെയ്ഡ് ഇന്‍ ഹെവന്‍ തുടങ്ങിയ സീരിസുകളിലൂടെ ഓ.ടി.ടിയിലും ദിയാ മിർസ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]