
ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായാണ് നടപടി. ബിജെപി ജനാധിപത്യത്തെ കൊല്ലുകയാണെന്നും ഇത് അനീതിയാണെന്നും മമത ബാനർജി കുറ്റപ്പെടുത്തി.
‘ഇത് പാർലമെന്ററി ജനാധിപത്യത്തിന് നാണക്കേടാണ്. മഹുവ മൊയ്ത്രയെ പുറത്താക്കിയ രീതിയെ അപലപിക്കുന്നു. പാർട്ടി മഹുവക്കൊപ്പം ഉണ്ടാകും. ബിജെപിക്ക് തെരഞ്ഞെടുപ്പിൽ ഞങ്ങളെ പരാജയപ്പെടുത്താൻ കഴിയില്ല, അതിനാൽ എതിരാളികൾക്കെതിരെ പ്രതികാര രാഷ്ട്രീയം കളിക്കുന്നു. ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ വഞ്ചനയും ദുഖകരമായ ദിനവുമാണ് ഇന്ന്’- മമത പറഞ്ഞു.
ആരോപണങ്ങൾക്കെതിരെ മറുപടി നൽകാനുള്ള അവസരം ഭരണകക്ഷി മൊയ്ത്രയ്ക്ക് നിഷേധിച്ചു. ഈ യുദ്ധത്തിൽ മഹുവ തന്നെ വിജയിക്കും. ബിജെപിക്ക് ജനങ്ങൾ തക്ക മറുപടി നൽകും. അടുത്ത തെരഞ്ഞെടുപ്പിൽ അവർ തോൽക്കുമെന്നും മമത കൂട്ടിച്ചേർത്തു. മൊയ്ത്ര വലിയ ജനവിധിയോടെ പാർലമെന്റിലേക്ക് മടങ്ങിയെത്തും. മൃഗീയ ഭൂരിപക്ഷമുള്ളതിനാൽ എന്തും ചെയ്യാമെന്നാണ് ബിജെപി കരുതുന്നത്. അധികാരത്തിൽ നിന്ന് ഒരു ദിവസം താഴെ ഇറങ്ങുമെന്ന് ഓർക്കണമെന്നും മമത പറഞ്ഞു.
Story Highlights: Mamata Banerjee Condemns Trinamool MP’s Expulsion
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]