
കൊച്ചി: ഭൂമി വിൽപ്പന വിവാദത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുമായി വർഷങ്ങളായി നിലനിന്ന കടുത്ത ഭിന്നതയ്ക്കും ഏറ്റുമുട്ടലിനും ഒടുവിലാണ് കർദ്ദിനാളിന്റെ പടിയിറക്കം. കുർബാന തർക്കത്തിൽ വിട്ട് വീഴ്ചയില്ലാതെ കർദ്ദിനാൾ നിന്നതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. ചങ്ങനാശ്ശേരിക്കാരനായ മാർ ജോജ്ജ് ആലഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതാധ്യക്ഷൻ ആയി വന്നതോടെ ആരംഭിച്ച മറുമുറുപ്പും ഭിന്നതയും മറനീക്കി പുറത്ത് വന്നത് ഭൂമി വിൽപ്പന വിവാദത്തോടെയാണ്. വിവാദം അന്വേഷിച്ച ബെന്നി മാരാം പരമ്പിൽ കമ്മീഷൻ 48 കോടിരൂപയുടെ നഷ്ടം സഭയ്ക്ക് സംഭവിച്ചെന്ന് കണ്ടത്തിയതോടെ കർദ്ദിനാളിന്റെ രാജി ആവശ്യപ്പെട്ട് വൈദികർ പരസ്യ പ്രക്ഷോഭം തുടങ്ങി.
സിറോ മലബാർ സഭയിലെ അധ്യക്ഷനെതിരെ ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഘർഷങ്ങളും പരസ്യ വെല്ലുവിളിയുമുണ്ടായത്. കർദ്ദിനാളിനെതിരെ സഭാ വിശ്വാസികൾ ക്രമിനൽ കേസ് നൽകുന്നതടക്കമുള്ള സാഹചര്യത്തിലെത്തി സംഭവം. കോടതി നടപടികൾ പ്രക്ഷോഭത്തിന്റെ ആക്കം കൂട്ടി. എന്നാൽ കർദ്ദിനാളിനെ കുടുക്കാൻ വിമത വിഭാഗം വ്യാജ രേഖ ചമച്ചെന്ന് പൊലീസ് കേസ് വന്നതോടെ വിമത വിഭാഗം പരുങ്ങലിലായി. സിനഡും വിമത വിഭാഗത്തിനെതിരെ ശക്തമായ നിലപാട് സ്വകരിച്ചു. വിമത വൈദികരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഭൂമി വിവാദം തണുത്തു.
പിന്നാലെയാണ് ഏകീകൃത കുർബാന തർക്കം ഉയർന്നുവന്നത്. ഏകീകൃത കുർബാന നടപ്പാക്കി വിമത വൈദികരെ അച്ചടക്കത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാൻ ആലഞ്ചേരിയും സിനഡും ശക്തമായി ശ്രമിച്ചു. എന്നാൽ ഈ നീക്കം കൂടുതൽ പ്രതിഷേധത്തിലേക്കാണ് സഭയെ എത്തിച്ചത്. എറണാകുളം ബസലിക്ക പള്ളിയിൽ അൾത്താരവരെ എത്തിയ അടിപിിട സഭയക്ക് വലിയ നാണക്കേടുണടാക്കി. പ്രശ്ന പരിഹാരത്തിന് വത്തിക്കാൻ പ്രതിനിധിയെ എത്തിച്ചെങ്കിലും ഭിന്നത പരിഹരിക്കാൻ കഴിയാതിരുന്നത് കർദ്ദിനാളിനെതിരായ വത്തിക്കാന്റെ അതൃപ്തിയ്ക്കും കാരണമായി. ഇതോടെയാണ് സഭയിലെ വിഘടിത പ്രവർത്തനത്തിനം അവസാനിപ്പിക്കാൻ വത്തിക്കാൻ നിയോഗിച്ച അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനും കർദ്ദിനാളും പടിയിറങ്ങേണ്ടിവന്നത്. എന്നാൽ കുർബാന വിഷയത്തിൽ വിട്ട് വീഴ്ചയില്ലെന്ന പോപ്പിന്റെ പ്രഖ്യാപനം വന്നതോടെ ഇനി എന്ത് എന്നതാണ് വിശ്വാസികളും ഉറ്റുനോക്കുന്നത്.
Last Updated Dec 8, 2023, 12:08 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]