
തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്റെ ഭാഗവും കേൾക്കാൻ തയ്യാറാകണമെന്ന് അറസ്റ്റിലായ ഡോക്ടർ റുവൈസിന്റെ പ്രതികരണം. ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു റുവൈസ് ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങളോടായിരുന്നു റുവൈസിന്റെ പ്രതികരണം. ‘എന്റെ ഭാഗവും കേൾക്കാൻ ആരെങ്കിലും തയ്യാറകണം, ആരെങ്കിലും എപ്പോഴെങ്കിലും തനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും കേള്‍ക്കും എന്നായിരുന്നു റുവൈസ് മാധ്യമങ്ങളുടെ മുന്നിൽ വച്ച് പ്രതികരിച്ചത്. റുവൈസിന് എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി. ഇതിന് ശേഷം മുഖംപൊത്തിയാണ് റുവൈസ് പൊലീസ് വാഹനത്തിലേക്കു കയറിയത്.
അതിനിടെ ഷഹ്നയുടെ ആത്മഹത്യയിൽ സുഹൃത്തായ ഡോക്ടർ റുവൈസിനെതിരായ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷെഹ്നയുടെ മരണകാരണ മെന്നാണ് പൊലീസ് കണ്ടെത്തൽ. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹ്നയുടെ ആത്മഹത്യ കുറിപ്പ്. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിന്റെ വക്താവാണ് ഡോ. റുവൈസെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പറയുന്നത്. ഒ പി ടിക്കറ്റിന്റെ പുറക് വശത്താണ് ഷഹ്ന റുവൈസിനെക്കുറിച്ച് എഴുതിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാണ്. ഒന്നര കിലോ സ്വർണ്ണവും ഏക്കർകണക്കിന് ഭൂമിയും ആവശ്യപ്പെട്ടാൽ നൽകാൻ തനിക്കില്ലെന്നാണ് ഒ പി ടിക്കറ്റിന്റെ പുറകിൽ ഡോ. ഷഹ്ന എഴുതിയ ആത്മഹത്യ കുറിപ്പ്. അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നുവെന്നും ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ എന്നും ഞാൻ വഞ്ചിക്കപ്പെട്ടു എന്നും ഷഹ്ന ഒ പി ടിക്കറ്റിൽ കുറിച്ചിരുന്നു. ഒ പി ടിക്കറ്റിന്റെ പുറകിൽ ഷഹ്ന എഴുതിയആത്മഹത്യകുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാതലത്തിലാണ് റുവൈസിനെ അറസ്റ്റ് ചെയ്തതെന്നും കത്തിൽ റുവൈസിന്റെ പേരുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചയോടെ കൊല്ലത്തെ വീട്ടിൽ നിന്നാണ് റുവൈസിനെ പിടികൂടിയത്.
Last Updated Dec 8, 2023, 1:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]