
പറവൂർ: പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ നവ കേരള സദസ്സിൽ വിഡി സതീശനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തത് പ്രതിപക്ഷ നേതാവാണെന്നും യുഡിഎഫ് കൺവീനർ അങ്ങനെ പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ നിലപാട് ജനാധിപത്യ പ്രക്രിയയല്ല.ജനാധിപത്യമില്ലാത്ത ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം വിമർശിച്ചു.
വയനാട് തുരങ്ക പാതയെ സഹ്യൻ്റെ പേര് പറഞ്ഞ് എതിർത്ത ആളാണ് പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാട് ഒരു നിലക്കും മുന്നോട്ട് പോകാൻ പാടില്ലെന്നതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട്. നവ കേരള സദസ്സ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ നേതാവിൻ്റെ ആഹ്വാനം ജനങ്ങൾ തള്ളി. പല കൂട്ടായ്മകളും കേരളം കണ്ടിട്ടുണ്ട്. ജനങ്ങൾ അതിലെല്ലാം പങ്കെടുത്തിട്ടുണ്ട്. അതിൻ്റെയെല്ലാം മുകളിലാണ് നവകേരള സദസ്. പറവൂരിലെ ജനങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് പറവൂരിൽ കാണാമെന്ന് പറഞ്ഞത്. അത് ജനങ്ങൾ പാലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനെ മന്ത്രിമാരും രൂക്ഷമായ ഭാഷയിൽ വേദിയിൽ വിമർശിച്ചു. പറവൂരിലെ തമ്പുരാന് മുഖ്യമന്ത്രി പദം സ്വപ്നം മാത്രമാവുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലക്കാരനായതിൽ ലജ്ജ തോന്നേണ്ട സമയമാണെന്ന് നവ കേരള സദസ്സിൽ പങ്കെടുക്കാനും പരാതി പറയാനുമെത്തിയവരോട് മന്ത്രി ആർ ബിന്ദുവും പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ നവ കേരള സദസ്സിനെതിരായ പ്രസ്താവനകളെ മന്ത്രി പി പ്രസാദും വിമർശിച്ചു.
Last Updated Dec 7, 2023, 9:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]