
ഫറോക്ക്: ഫാറൂഖ് കോളേജില്‍ ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിച്ചു വരുത്തിയ ശേഷം പരിപാടി റദ്ദാക്കി സംവിധായകന് ജിയോ ബേബിയെ അപമാനിച്ച സംഭവം പ്രതിഷേധാര്‍ഹമെന്ന് എസ്എഫ്ഐ. പരിപാടി റദ്ദാക്കിയതിന്റെ കാരണം കോളേജ് അധികൃതരും യൂണിയനും വ്യക്തമാക്കിയിട്ടില്ല. ഫാറൂഖ് കോളേജിന്റെ ധാര്‍മികമൂല്യങ്ങള്‍ക്ക് എതിരായ പരാമര്‍ശം നടത്തിയ വ്യക്തിയാണ് ജിയോ ബേബി എന്നും അങ്ങനെയുള്ള ഒരാളെ കേള്‍ക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം വിദ്യര്ഥികള്ക്കുണ്ടെന്നുമാണ് യൂണിയന്റെ വിശദീകരണം.
ഫാറൂഖ് കോളേജില്‍ അങ്ങനെയൊരു ധാര്‍മിക മൂല്യമുണ്ടോയെന്നും ജിയോ ബേബി എന്ന വ്യക്തിയാണോ അദ്ദേഹം സംവിധാനം ചെയ്ത സിനിമയുടെ രാഷ്ട്രീയമാണോ പ്രശ്നമെന്നും കോളേജ് മാനേജ്മെന്റ് വ്യക്തമാക്കണമെന്നുമാണ് എസ്.എഫ്.ഐ. ആവശ്യപ്പെടുന്നത്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായ കേരളത്തിലെ ക്യാമ്പസുകളില്‍ വേര്തിരിവുകളുണ്ടാകുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും എസ്.എഫ്.ഐ. കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച വൈകുന്നേരം എസ്.എഫ്.ഐ. പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും.
കഴിഞ്ഞ ദിവസമാണ് ഫാറൂഖ് കോളേജില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ജിയോ ബേബി രംഗത്ത് വന്നത്. കോളജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടിയിലാണ് ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചിരുന്നത്. പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പ്രോഗ്രാം റദ്ദാക്കിയ വിവരം കോളജ് അധികൃതര്‍ തന്നെ വിളിച്ചറിയിക്കുന്നതെന്ന് ജിയോ ബേബി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
ജിയോ ബേബിയുടെ വാക്കുകള്‍
‘നമസ്കാരം, ഞാന്‍ ജിയോ ബേബി, എനിക്കുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാനിവിടെ വന്നത്. ഡിസംബര്‍ അഞ്ചിന് ഫാറൂഖ് കോളജ് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന സബ്ടില് പൊളിറ്റിക്സ് ഓഫ് പ്രസന്റ് ഡേ മലയാള സിനിമ എന്ന വിഷയവുമായി ബന്ധപ്പെട്ട് എന്നെ അവര്‍ ക്ഷണിച്ചിരുന്നു. അതനുസരിച്ച് അഞ്ചാം തിയതി രാവിലെ ഞാന്‍ കോഴിക്കോടെത്തി. കോഴിക്കോട് എത്തിയതിന് ശേഷമാണ് ഞാന്‍ അറിയുന്നത്, ഈ പരിപാടി അവര്‍ റദ്ദാക്കിയെന്ന്. ഇത് കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. അവര്‍ക്കും വളരെ വേദനയുണ്ടായി. പക്ഷേ എന്താണ് കാരണം എന്നു ചോദിക്കുമ്പോള്‍ വ്യക്തമായൊരു ഉത്തരവും അവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ വരെ റിലീസ് ചെയ്ത ഈ പരിപാടി പെട്ടെന്ന് മാറ്റിവയ്ക്കാന്‍ കാരണമെന്തെന്ന് അറിയാന്‍ കോളജ് പ്രിന്‍സിപ്പാളിന് ഞാനൊരു മെയില്‍ അയച്ചു. എന്താണ് എന്നെ മാറ്റി നിര്‍ത്തുവാനുള്ള കാരണമെന്ന്. വാട്ട്സാപ്പിലും ബന്ധപ്പെട്ടു. പക്ഷേ ഇതുവരെ മറുപടിയില്ല. അതിന് ശേഷം ഈ വിഷയവുമായി ബന്ധപ്പെട്ട് ശേഷം ഫാറൂഖ് കോളജിലെ സ്റ്റുഡന്റ്സ് യൂണിയന്റെ ഒരു കത്ത് ഈ എനിക്ക് ലഭിക്കുകയുണ്ടായി. അത് ഫോര്‍വേര്‍ഡ് ചെയ്ത് എനിക്ക് കിട്ടിയതാണ്.
ഫാറൂഖ് കോളജില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട് നാളെ 5.12.2023-ന് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളജ് വിദ്യാര്‍ഥി യൂണിയന് സഹകരിക്കുന്നതല്ല. എന്റെ ധാര്‍മിക മൂല്യങ്ങളാണ് പ്രശ്നമെന്നാണ് സ്റ്റുഡന്റ്സ് യൂണിയന് പറയുന്നത്. മാനേജ്മെന്റ് എന്തുകൊണ്ട് ആ പരിപാടി കാന്‍സല്‍ ചെയ്തതെന്ന് കൂടി എനിക്കിനി അറിയേണ്ടതുണ്ട്. കോഴിക്കോട് വരെ യാത്ര ചെയ്ത് തിരിച്ചുവരണമെങ്കില്‍ ഒരു ദിവസം വേണം. ഇത്രയും ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. അതിനേക്കാളൊക്കെ ഉപരിയായി ഞാന്‍ അപമാനിതനായിട്ടുണ്ട്.
അതിനൊക്കെയുള്ള ഉത്തരം എനിക്ക് കിട്ടണം. അതേപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിയും ഞാന്‍ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തില്‍ ഒരു പ്രതിഷേധം ചെയ്തില്ലെങ്കില്‍ അത് ശരിയല്ല. എനിക്ക് മാത്രമല്ല നാളെ ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് ഞാന്‍ പ്രതിഷേധിക്കുന്നത്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ വിദ്യാര്‍ഥി യൂണിയനുകള്‍ എന്തുതരം ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും എനിക്ക് അറിയേണ്ടതുണ്ട്’- ജിയോ ബേബി പറഞ്ഞു.
വിവാദത്തില്‍ കോളേജിന് പിന്തുണയുമായി എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് രംഗത്ത് വന്നു. സംവിധായകന് ജിയോ ബേബിക്ക് പറയാനുള്ള അവകാശം പോലെത്തന്നെ എന്റെ സിനിമകണ്ട് പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാല്‍ ഞാന്‍ സന്തോഷവാനാണെന്ന് പറയുന്ന ഒരു മനുഷ്യനെ വിദ്യാര്‍ഥികള്‍ക്ക് കേള്‍ക്കേണ്ട എന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് പി.കെ. നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.
പി.കെ. നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപം:
‘ഒരാള്‍ക്ക് ഒരു ഇണ എന്നതേ തെറ്റാണ്’
‘വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്’
‘കുടുംബം ഒരു മോശം സ്ഥലമാണ്’
‘എന്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാല്‍ ഞാന്‍ സന്തോഷവാനാണ്’
(ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്) ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങള്‍ കേള്‍ക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്.
തടയുമെന്നോ, തടുക്കുമെന്നോ, പറയാന്‍ അനുവദിക്കില്ലെന്നോ അവര്‍ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കേള്‍ക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്.
കൂട്ടിച്ചേര്‍ക്കല്‍:- ക്ഷണിച്ചത് യൂണിയനല്ല.
#ഫാറൂഖാബാദിനൊപ്പം
#
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]