
ഇന്ത്യയില്‍ അടുത്തകാലത്തായി ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചുവരുന്നതായി പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. പലരും ഇതെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കുകയും ഇതിന്റെ പശ്ചാത്തലത്തില്‍ പലവിധ ചര്‍ച്ചകള്‍ ഉയരുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സത്യത്തില്‍ ഇന്ത്യയില്‍ ഹാര്‍ട്ട് അറ്റാക്ക് കേസുകള്‍ വര്‍ധിച്ചിരിക്കുകയാണോ? ആണെങ്കില്‍ എന്താണ് ഇതിലേക്ക് നമ്മെ നയിക്കുന്നത്? കൊവിഡ് 19 കാരണമായി വന്നിട്ടുണ്ടോ?
ഈ ചോദ്യങ്ങളിലേക്കും അവയുടെ ലഭ്യമായ ഉത്തരങ്ങളിലേക്കുമാണ് നാമിനി കടക്കുന്നത്.
‘നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ’ (എന്‍സിആര്‍ബി)യുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ 2022ല്‍ മാത്രം 12.5 ശതമാനം ഹാര്‍ട്ട് അറ്റാക്ക് കേസുകളില്‍ വര്‍ധനവ് വന്നിട്ടുണ്ട്. ഇത് നിസാരമായ കണക്കല്ല. എൻസിആര്‍ബിയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് 2021ല്‍ 28,413 ഹാര്‍ട്ട് അറ്റാക്ക് മരണങ്ങളുണ്ടായി എങ്കില്‍ 2022ല്‍ അത് 32,457 ആയി എന്നാണ്.
കാരണം എന്തുതന്നെ ആയാലും അതിലേക്ക് ശ്രദ്ധ നീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഈ വിവരങ്ങളെല്ലാം സൂചിപ്പിക്കുന്നത്.
അധികവും 25നും 45നും ഇടയ്ക്ക് പ്രായം വരുന്നവരിലാണ് ഹാര്‍ട്ട് അറ്റാക്ക് വര്‍ധനവുണ്ടായിരിക്കുന്നത് എന്ന് നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്നുള്ള ഡോ. സഞ്ജീവ് ഗെറ പറയുന്നു. ഇവിടത്തെ കാര്‍ഡിയോളജി വിഭാഗം മേധാവിയാണ് ഡോ. സഞ്ജീവ്. കൂട്ടത്തില്‍ പ്രായം കുറഞ്ഞ സ്ത്രീകള്‍ക്കിടയിലും ഹാര്‍ട്ട് അറ്റാക്ക് തോത് കൂടിയതായും ഡോക്ടര്‍ പറയുന്നു.
കൊവിഡ് 19 ഒരു അസുഖം എന്ന നിലയില്‍ അല്ലാതെ ഹാര്‍ട്ട് അറ്റാക്കുകളെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. എന്നുവച്ചാല്‍ കൊവിഡ് ആരോഗ്യത്തെ നേരിട്ട് ബാധിച്ചത് മൂലം ഹൃദയാഘാതം സംഭവിക്കുന്നതിന് തെളിവുകളില്ലെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം കൊവിഡ് കാലം നമ്മുടെ ജീവിതരീതികളിലുണ്ടാക്കിയ മാറ്റങ്ങള്‍ വര്‍ധിച്ചുവരുന്ന ഹൃദയാഘാത കേസുകളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടത്രേ.
അനാരോഗ്യകരമായ ഭക്ഷണരീതി (പ്രോസസ്ഡ് ഫുഡ്സ്, സ്നാക്സ് പോലുള്ളവയുടെ അമിതോപയോഗം), ഉയര്‍ന്ന സ്ട്രെസ്, വ്യായാമമില്ലായ്മ, സാമൂഹിജീവിതത്തില്‍ നിന്നുള്ള ഉള്‍വലിയല്‍, ഉറക്കമില്ലായ്മ എന്നിവയും കൊവിഡ് കാലത്തെ പ്രമേഹം- ബിപി- കൊളസ്ട്രോള്‍ കേസുകളിലെ വര്‍ധനവുമെല്ലാമാണ് ഹാര്‍ട്ട് അറ്റാക്ക് കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ കാരണമായിരിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
നേരത്തെ ഹൃദയസംബന്ധമായ പ്രശ്നങ്ങളോ അസുഖങ്ങളോ നേരിട്ടിരുന്നവര്‍ ആണെങ്കില്‍ ഇത്തരം ജീവിതശൈലികള്‍ കൂടി ആയതോടെ ഇവരില്‍ അപകടസാധഅയത ഉയരുകയായിരുന്നുവത്രേ.
ആരോഗ്യകരമായ ഭക്ഷണരീതി, സ്ട്രെസ് ഇല്ലായ്മ, വ്യായാമം, സുഖകരമായ ഉറക്കം എന്നിങ്ങനെയുള്ള മികച്ച ജീവിതശൈലിയിലൂടെ ഒരു പരിധി വരെ ഹൃദയാഘാത സാധ്യതയെ പിടിച്ചുകെട്ടാം എന്നുതന്നെയാണ് ഇവര്‍ നല്കുന്ന സൂചന. എന്നാലിത്തരത്തില്‍ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ മാത്രം ഹൃദയാഘാതത്തെ പ്രതിരോധിക്കുക സാധ്യമല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]