
അങ്കമാലി- നവകേരള സദസ്സ് ജനാധിപത്യത്തിന്റെ മാത്രമല്ല ഭരണനിര്‍വ്വഹണത്തിന്റെ കൂടി പുതിയ മാതൃക ഉയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവകേരള സദസ്സ് എറണാകുളം ജില്ലയില്‍ പ്രവേശിച്ചതിന് പിന്നാലെ അങ്കമാലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ വേദിയിലും തങ്ങളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനും പരിഹാരം കാണാനുമായി ഇന്നലെ വരെ 3,00,571 പേരാണ് നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ പരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 18,19 തിയ്യതികളില്‍ കാസര്‍കോട് ജില്ലയില്‍ നവകേരള സദസ്സിന്റെ ഭാഗമായി ഒരുക്കിയ കൗണ്ടറുകളില്‍ ആകെ 14701 നിവേദനകളാണ് ലഭിച്ചത്. 255 എണ്ണം തീര്‍പ്പാക്കി. 11950 എണ്ണം വിവിധ വകുപ്പ് ഓഫീസുകളില്‍ പരിഗണനയിലാണ്. പൂര്‍ണമല്ലാത്തതും അവ്യക്തവുമായ 14 പരാതികള്‍ പാര്‍ക്ക് ചെയ്തു. 2482 എണ്ണത്തില്‍ നടപടി ആരംഭിച്ചു.
കണ്ണൂര്‍ ജില്ലയില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ 28801 നിവേദനങ്ങളാണ് ലഭിച്ചത്. ഏറ്റവുമധികം നിവേദനങ്ങള്‍ എല്‍. എസ്. ജി. ഡിയുമായി ബന്ധപ്പെട്ടാണ് വന്നത്. ലഭിച്ച 8663 നിവേദനങ്ങളില്‍ 4614 എണ്ണത്തില്‍ നടപടി ആരംഭിച്ചു. രണ്ടെണ്ണം തീര്‍പ്പാക്കി. റവന്യു- 5836, സഹകരണം- 2118, പൊതുവിദ്യാഭ്യാസം- 1274, ഭക്ഷ്യ സിവില്‍സപ്ലൈസ്- 1265, തൊഴില്‍ വകുപ്പ്- 1231, പൊതുമരാമത്ത്- 722, ആരോഗ്യ-കുടുംബക്ഷേമം- 719, സാമൂഹ്യനീതി- 596, ജലവിഭവം- 458 എന്നിങ്ങനെയാണ് വ്യത്യസ്ത വകുപ്പുകളില്‍ ലഭിച്ച നിവേദനങ്ങള്‍. ഇതില്‍ ഇതുവരെ 312 എണ്ണം തീര്‍പ്പാക്കുകയും 12510ല്‍ നടപടി ആരംഭിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
ലഭിച്ച എല്ലാ നിവേദനങ്ങളിലും നടപടിയുണ്ടാകുമെന്നും നടപടികള്‍ ത്വരിതപ്പെടുത്താന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ലഭിക്കുന്ന നിവേദനങ്ങളില്‍ പൊതു ആവശ്യങ്ങളും വ്യക്തിഗത ആവശ്യങ്ങളും സങ്കടങ്ങളും സര്‍ക്കാരിന്റെ പരിധിയില്‍ വരാത്ത കാര്യങ്ങളുമൊക്കെ ഉണ്ട്. വ്യവസ്ഥാപിത രീതിയില്‍ അപേക്ഷ സമര്‍പ്പിച്ച് നിശ്ചിത യോഗ്യത തെളിയിച്ച് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങള്‍ക്കും നിവേദനം സമര്‍പ്പിച്ചവര്‍ ഉണ്ട്. ചില പരാതികള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെ സ്വന്തം സങ്കടങ്ങളും പരിഭവങ്ങളും സമര്‍പ്പിക്കാന്‍ തയ്യാറാവുന്നവരുമുണ്ട്. ജനങ്ങള്‍ സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുന്നത് കൊണ്ടാണ് കൂടുതല്‍ പേര് ഇങ്ങനെ മുന്നോട്ടു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിവേദനങ്ങളുടെ എണ്ണം കൂടുന്നത് ശരിയായ അവസ്ഥയാണോ എന്ന ചോദ്യം ചില കേന്ദ്രങ്ങളില്‍ ഉയര്‍ന്നു കേട്ടു. തങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണാനും സര്‍ക്കാര്‍ ഉണ്ട് എന്ന വിശ്വാസമാണ് ഏതു വിഷയവും ഇങ്ങനെ നിവേദനങ്ങളായി നല്കാന് ജനങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്നും ആ ജനവിശ്വാസമാണ് ജനാധിപത്യത്തിന്റെ വിജയം എന്നാണ് അവര്‍ക്കുള്ള മറുപടിയെന്നും പിണറായി ചൂണ്ടിക്കാട്ടി.
വ്യക്തികളേയും സമൂഹത്തെയാകെയും ബാധിക്കുന്ന പലതരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നവകേരള സദസ്സിനു ഇതിനകം സാധിച്ചതായും കാസര്‍കോട് മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ ഏരിഞ്ചേരിയില്‍ ഒന്‍പത് വര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഡിസ്പെന്‍സറിക്ക് സ്വന്തമായി കെട്ടിടം ഉണ്ടാവുകയാണെന്നും ഉദാഹരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉദുമ മണ്ഡലത്തിലെ നവകേരള സദസ്സില്‍ സമര്‍പ്പിച്ച നിവേദനത്തിനാണ് ദിവസങ്ങള്‍ക്കുള്ളില്‍ റവന്യൂഭൂമി അനുവദിച്ച് ഉത്തരവായത്.
30 ശതമാനം പണമടച്ചാല്‍ ലാപ്ടോപ്പ് നല്‍കാമെന്നറിയിച്ച് പണം വാങ്ങിയശേഷം വഞ്ചിച്ച കൊച്ചി കാക്കനാട്ടെ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ നടപടിക്കെതിരെ ആര്‍ഡി നഗര്‍ മന്നിപ്പാടിയിലെ വി. അനഘ എന്ന വിദ്യാര്‍ഥി നല്കിയ പരാതിക്ക് ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരമായി. അനഘയെപ്പോലെ വഞ്ചിതരായ മറ്റ് കൂട്ടുകാര്‍ക്കും പണം തിരികെ ലഭിച്ചു. അതുപോലെ കാറ്റിലും മഴയിലും ഭാഗികമായി തകര്‍ന്ന വീടിന്റെ പുനരുദ്ധാരണത്തിന് ധനസഹായം ആവശ്യപ്പെട്ട് ഉദുമ മയിലാട്ടിയിലെ എം. രത്നാകരന് നല്കിയ നിവേദനത്തിനും പരിഹാരമായി. രത്നാകരനു തുകയനുവദിക്കുന്ന സെയ്പ് പദ്ധതിയില്‍ ജില്ലയില്‍ നടപ്പു സാമ്പത്തിക വര്‍ഷം 150 പേര് ഗുണഭോക്തക്കളാകും. നിലവില്‍ 72 പേര്‍ക്ക് സേവനം നല്കി കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നവകേരള സദസ്സ് വ്യാഴാഴ്ച ഉച്ചക്ക്ശേഷമാണ് എറണാകുളം ജില്ലയില്‍ പര്യടനം ആരംഭിക്കുന്നത്.