
വിവിധ ഭാഷകളിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്ത് ഒട്ടേറെ ആരാധകരെ സമ്പാദിക്കുകയും കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ അകാലത്തിൽ മരണപ്പെടുകയും ചെയ്ത നടിയാണ് സിൽക്ക് സ്മിത. ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലൂടെ അവരുടെ ജീവിതം സിനിമയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിൽക്ക് സ്മിതയുടെ ബയോപിക് എന്ന പേരിൽ ഒരുചിത്രംകൂടി വെള്ളിത്തിരയിൽ എത്താനൊരുങ്ങുകയാണ്.
സിൽക്ക് സ്മിതയുടെ അറുപത്തിമൂന്നാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ചാണ് അവരുടെ ജീവിതം പറയുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സിൽക്ക് സ്മിത: ദ അൺടോൾഡ് സ്റ്റോറി എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഓസ്ട്രേലിയൻ-ഇന്ത്യൻ നടിയും മോഡലും നർത്തകിയുമായ ചന്ദ്രികാ രവിയാണ് സിൽക്ക് സ്മിതയായെത്തുന്നത്. ആമസോൺ പ്രൈമിലൂടെ പുറത്തുവന്ന തമിഴ് സീരീസായ സ്വീറ്റ് കാരം കോഫി ഒരുക്കിയ ജയറാം ശങ്കരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. സിൽക്ക് സ്മിതയുടെ അതിപ്രശസ്തമായ ഫോട്ടോയുടെ പുനരാവിഷ്കാരമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ കാണാനാവുക.
2018-ൽ പുറത്തിറങ്ങിയ ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ നടിയാണ് ചന്ദ്രികാ രവി. 2019-ൽ ഇതേ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലും അവർ അഭിനയിച്ചു. നന്ദമൂരി ബാലകൃഷ്ണ നായകനായി ഈ വർഷം ആദ്യം പുറത്തിറങ്ങിയ വീരസിംഹ റെഡ്ഡി എന്ന ചിത്രത്തിലെ മാ ബാവ മനോഭാവലു എന്ന ഗാനം ചന്ദ്രികയെ കൂടുതൽ ശ്രദ്ധേയയാക്കി. ബോളിവുഡ് ടു കോളിവുഡ് എന്ന ഇംഗ്ലീഷ് ചിത്രത്തിലും അവർ വേഷമിട്ടിട്ടുണ്ട്.
1980-ൽ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന ചിത്രത്തിലെ കഥാപാത്രമാണ് സ്മിത അവതരിപ്പിച്ച സിൽക്ക്. ഈ ചിത്രം സൂപ്പർ ഹിറ്റായതോടെ സിൽക്കും ആ കഥാപാത്രം അവതരിപ്പിച്ച വിജയലക്ഷ്മി എന്ന സ്മിതയും പ്രശസ്തിയിലേക്കുയർന്നു. തെലുങ്ക്, തമിഴ് ഭാഷകളിലായിരുന്നു സിൽക്ക് സ്മിത കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇടയ്ക്ക് കന്നഡയിലും മലയാളത്തിലും എത്തി. പുഷ്യരാഗം, സരസ്വതീ യാമം, ഇവർ, കരിമ്പന, അങ്ങാടി, തീരം തേടുന്ന തിര, രതിലയം, ഒറ്റയാൻ, മിസ്. പമീല, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, സ്ഫടികം, അഥർവം, ന്യൂ ഇയർ, നാടോടി, കിരീടമില്ലാത്ത രാജാക്കന്മാർ തുടങ്ങിയവയാണ് സിൽക്ക് സ്മിത അഭിനയിച്ച മലയാളചിത്രങ്ങളിൽ ചിലത്. 1996- സെപ്റ്റംബർ 23-നായിരുന്നു സിൽക്ക് സ്മിതയുടെ അന്ത്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]