
രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘അനിമല്‍’ ബോക്സ് ഓഫിസിൽ ഗംഭീരവിജയം നേടിയിരിക്കുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിനം തികയുമ്പോള്‍ 360 കോടിയോളമാണ് ചിത്രം നേടിയിരിക്കുന്നത്. രശ്മിക മന്ദനയാണ് നായികയായെത്തുന്നത്. ‘അര്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് ‘അനിമലി’ന്റെ സംവിധായകന്. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിയേറ്ററില്‍ വന്വിജയമാവുമ്പോഴും ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ച് ഒട്ടേറെയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. രണ്‍ബീര്‍ കപൂറിന്റെ പ്രകടനത്തേക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോള്‍ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധതയാണ്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുന്‍ചിത്രങ്ങളായ അര്ജുന് റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും സമാനരീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സമീപകാലത്തെ സിനിമകളിലെ ഏറ്റവും മോശം സ്ത്രീകഥാപാത്രമാണ് ‘അനിമലി’ലെ രശ്മികയുടെ ഗീതാഞ്ജലിയെന്നും ഒരുപാട് പേര് അഭിപ്രായപ്പെട്ടു.
ചിത്രത്തെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗാനരചയിതാവും നടനും സഹസംവിധായകനുമായ സ്വാനന്ത് കിര്‍കിരേ. ‘അനിമല്‍’ കണ്ടപ്പോള്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികളോട് സഹതാപം തോന്നിയെന്നും സ്വാനന്ത് കിര്‍കിതേ അഭിപ്രായപ്പെട്ടു. കൂടാതെ ഇത്തരം സിനിമകള്‍ ഇന്ത്യന്‍ സിനിമയെ അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“സ്ത്രീകളെ എങ്ങിനെ ബഹുമാനിക്കണമെന്നും അവരുടെ അവകാശങ്ങള്‍ എന്താണെന്നും എല്ലാം മനസ്സിലാക്കിയതിനു ശേഷവും ഈ പഴഞ്ചന്‍ ചിന്താഗതിയില്‍ പല പോരായ്മകള്‍ ഉണ്ടെന്നും എന്നെ പഠിപ്പിച്ച നിരവധി ഇന്ത്യന്‍ സിനിമകളുണ്ട്. സ്ത്രീകളെ മനസ്സിലാക്കുന്നതില്‍ ഞാന്‍ വിജയിച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഇന്നും ഞാന്‍ എന്നെത്തന്നെ മെച്ചപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുന്നു.
“സിനിമയ്ക്ക് എല്ലാം നന്ദിയും. എന്നാല്‍ ഇന്ന് അനിമല്‍ എന്ന സിനിമ കണ്ടപ്പോള്‍ ഇന്നത്തെ തലമുറയിലെ സ്ത്രീകളോട് എനിക്ക് ശരിക്കും സഹതാപം തോന്നി. ഇന്ന് വീണ്ടും നിങ്ങൾക്കായി ഒരു പുതിയ മനുഷ്യൻ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. കൂടുതൽ ഭീകരനായ, ബഹുമാനിക്കാൻ ഒട്ടും അറിയാത്ത, നിങ്ങളെ കീഴ്പ്പെടുത്താനും അടിച്ചമർത്താനും ലക്ഷ്യമിടുന്ന ഒരാൾ. ഒരു മനുഷ്യൻ എന്ന നിലയിൽ ഈ കാര്യങ്ങൾ ചെയ്യുന്നതിൽ അഭിമാനിക്കുന്നതാണ് തന്റെ ലക്ഷ്യമെന്ന് അയാൾക്ക് തോന്നുന്നു. രശ്മികയുടെ കഥാപാത്രം ഉപദ്രവിക്കപ്പെടുന്നത് കണ്ട് ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികള്‍ കയ്യടിക്കുമ്പോള്‍ സമത്വം എന്ന ആശയത്തോട് ഞാന്‍ എന്റെ മനസ്സില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നിരാശനായും ബലഹീനനായും ഞാന്‍ വീട്ടിലെത്തിയിരിക്കുകയാണ്.”- സ്വാനന്ത് കിര്‍കിരേ കൂട്ടിച്ചേര്‍ത്തു.
ഭൂഷണ് കുമാറിന്റെയും കൃഷന് കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നു.
അമിത് റോയ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന് ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി,അഷിം കിംസണ്‍, ഹര്ഷവര്ദ്ധന്, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് ‘അനിമലി’ലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]