
മുംബൈ: റെക്കോര്‍ഡുകള്‍ പലതും കടപുഴകിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇപ്പോഴും ഇളക്കം തട്ടാത്തൊരു റെക്കോര്‍ഡുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ്. 2004ല്‍ സെന്റ് ജോണ്‍സില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ലാറ 400 റണ്‍സടിച്ച് റെക്കോര്‍ഡിട്ടത്. 582 പന്തിലായിരുന്നു ലാറ 43 ബൗണ്ടറികളും നാലു സിക്സുകളും പറത്തി 400 റണ്‍സിലെത്തി പുറത്താകാതെ നിന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ പലരും ട്രിപ്പിള്‍ സെഞ്ചുറി നേടിയെങ്കിലും ലാറയുടെ റെക്കോര്‍ഡ് ഇളകാതെ നിന്നു. എന്നാൽ തന്റെ 400 റണ്‍സിന്റെ റെക്കോര്‍ഡും 1994ല്‍ കൗണ്ട ക്രിക്കറ്റില്‍ കുറിച്ച ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 501 റണ്‍സിന്റെ റെക്കോര്‍ഡും തകര്‍ക്കാന്‍ പോകുന്നത് ഒരു ഇന്ത്യന്‍ ബാറ്ററായിരിക്കുമെന്ന് പ്രവചിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം.
എഴുതിവെച്ചോളു, ഗില്ലായിരിക്കും എന്റെ ഈ രണ്ട് റെക്കോര്‍ഡുകളും തകര്‍ക്കാന്‍ പോകുന്ന താരം. നിലവിലെ യുവ താരങ്ങളില്‍ ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റര്‍ ഗില്ലാണെന്നും വരും വര്‍ഷങ്ങളില്‍ ഗില്ലായിരിക്കും ലോക ക്രിക്കറ്റ് ഭരിക്കാന്‍ പോകുന്നതെന്നും ആനന്ദ് ബസാര്‍ പത്രികക്ക് നല്കിയ അഭിമുഖത്തില്‍ ലാറ പറഞ്ഞു.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറിയും ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറിയും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് നിലവില്‍ ഗില്‍. കരിയറില്‍ ഇതുവരെ കളിച്ച 18 ടെസ്റ്റ് മത്സരങ്ങളില്‍ 966 റണ്‍സാണ് ഗില്‍ നേടിയത്. ഗില്‍ ലോകകപ്പില്‍ സെഞ്ചുറി നേടിയില്ലായിരിക്കാം. പക്ഷെ അദ്ദേഹം ഇതുവരെ കളിച്ച കളികള്‍ കണ്ടാല്‍ അവന് വരാനിരിക്കുന്ന പല ഐസിസി ടൂര്‍ണമെന്റുകളുടെയും താരമാകുമെന്നുറപ്പാണെന്നും ലാറ പറഞ്ഞു.
ഗില്ലിന്റെ ബാറ്റിംഗ് ശൈലിയാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്നും ലാറ വ്യക്തമാക്കി. പേസര്‍മാര്‍ക്കെതിരെ സ്റ്റൈപ്പ് ഔട്ട് ചെയ്ത് ബൗണ്ടറി അടിക്കുന്ന ഗില്ലിന്റെ പ്രകടനം അവിശ്വസനീയമാണ്. ഗില്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ചാല്‍ എന്റെ 501 റണ്‍സിന്റെ റെക്കോര്‍ഡ് തകരുമെന്നുറുപ്പാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ തീര്‍ച്ചയായും അയാള്‍ക്ക് 400 റണ്‍സടിക്കാനാവും.
കാരണം ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോള്‍ അടിമുടി മാറിക്കഴിഞ്ഞു. ഐപിഎല്ലും ടി20 ലീഗുകളും വന്നതിനുശേഷം ടെസ്റ്റിലെ സ്കോറിംഗ് റേറ്റ് ഉയര്‍ന്നു. അതുകൊണ്ട് തന്നെ ടെസ്റ്റില്‍ അതിവേഗം സ്കോര്‍ ചെയ്യുന്നവരാണ് ഇപ്പോഴത്തെ ബാറ്റര്‍മാരെന്നും ലാറ പറഞ്ഞു. ടെസ്റ്റില്‍ ഓപ്പണറായി തുടങ്ങിയ ഗില്‍ ചേതേശ്വര്‍ പൂജാര ടീമില്‍ നിന്ന് പുറത്തായതോടെ മൂന്നാം നമ്പറിലാണ് ഇപ്പോള്‍ കളിക്കുന്നത്. ഈ മാസം നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനമായിരിക്കും ഗില്ലിന്റെ അടുത്ത വെല്ലുവിളി.
Last Updated Dec 6, 2023, 8:36 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]