
കണ്ണൂർ> ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങി മെഗാ ക്വിസ്. ഉത്തരങ്ങൾക്കപ്പുറം ചരിത്രത്തിലേക്ക് സദസ്സിനെയടക്കം നയിക്കുകയായിരുന്നു സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി. ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു.
അരിവാൾ ചുറ്റികയുടെ ചിത്രകാരനെയും മീനമാസത്തിലെ സൂര്യനു പിന്നിലെ നോവലിനെയും പാബ്ലോ നെരൂദയുടെ ഒളിവുകാല ജീവിതത്തെയും ചോദ്യങ്ങളിലൂടെ ഓർമപ്പെടുത്തിയായിരുന്നു ഉദ്ഘാടനം. ഇന്ത്യയുടെ മതനിരപേക്ഷ സംസ്കാരത്തെ മറക്കുന്ന ഭരണാധികാരികളെ സുവർണക്ഷേത്രത്തിന്റെ ശിലാസ്ഥാപകനായ ബാബാ മിർ മുഹമ്മദ് സൂഫിയെ ചോദ്യങ്ങളിലൂടെ അദ്ദേഹം പരിചയപ്പെടുത്തി.
ഹസ്റത്ത് മൊഹാനിയിലൂടെ ഇൻക്വിലാബ് സിന്ദാബാദ് പിറന്നതിന്റെ ചരിത്രം പറഞ്ഞാണ് മത്സരം ആരംഭിച്ചത്. ലോകത്താകെയുള്ള കമ്യൂണിസ്റ്റ് മുന്നേറ്റങ്ങൾ, ചരിത്ര സംഭവങ്ങൾ, കമ്യൂണിസ്റ്റ് സർക്കാരുകൾ തുടങ്ങിയവയാണ് ചോദ്യങ്ങളായി നിറഞ്ഞത്. മധു മുരളീകൃഷ്ണൻ ക്വിസ് മാസ്റ്ററായി. ഓൺലൈനായി നടത്തിയ ആദ്യഘട്ട മത്സരത്തിൽ ഇരുനൂറോളം ടീമുകളാണ് മത്സരിച്ചത്. ഇതിൽനിന്ന് കൂടുതൽ സ്കോർ നേടിയ ആറ് ടീമുകളെയാണ് മെഗാ ക്വിസിലേക്ക് തെരഞ്ഞെടുത്തത്. ശ്രീനന്ദ് സുധീഷ്–- ടി അനന്തൻ (കണ്ണൂർ), പ്രസാദ് കാളവയൽ–- കെ പ്രഭാകരൻ (കാസർകോട്), ടി മോഹൻദാസ്–- എൻ ജി ജിനീഷ് (കണ്ണൂർ), ടെസിൻ സൈമൺ (പത്തനംതിട്ട) –- ആർ ഷിബു( കൊല്ലം), വി ആർ അനന്തു–- വി ആർ ശരത്ത് (കൊല്ലം), കെ പത്മനാഭൻ, പി ഐ ഷെറീഫ്(കാസർകോട്) എന്നീ ടീമുകളാണ് മാറ്റുരച്ചത്. ഉദ്ഘാടന ചടങ്ങിൽ എം വി ജയരാജൻ അധ്യക്ഷനായി. എ പി അൻവീർ, നാരായണൻ കാവുമ്പായി എന്നിവർ സംസാരിച്ചു.
അനന്തുവും ശരത്തും ഒന്നാമത്
വി ആർ അനന്തു–-വി ആർ ശരത്ത് ടീം മെഗാക്വിസിൽ ഒന്നാമതെത്തി. 146 മാർക്കാണ് ഇവരുടെ ടീമിന്. 135 മാർക്ക് നേടിയ ടി മോഹൻദാസ് –-എൻ ജിനീഷ് ടീമിനാണ് രണ്ടാം സ്ഥാനം. 131 പോയിന്റുമായി ടെസിൻ സൈമൺ–- ആർ ഷിബു ടീം മൂന്നാമതെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]