

യുകെയില്‍ ഓണ്‍ലൈന്‍ വഴി പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഓര്‍ഡറിനൊപ്പം ലഭിച്ചത് മനുഷ്യ വിസര്‍ജ്യം. ലങ്കാഷെയറിൽ താമസിക്കുന്ന 59 കാരനായ ഫിൽ സ്മിത്തിനാണ് ദുരനുഭവമുണ്ടായത്. ഒരു മാസത്തിലേറെയായി നഗരത്തിന് പുറത്തായിരുന്ന സ്മിത്ത് തിരിച്ചെത്തിയ ശേഷം ബ്രിട്ടീഷ് സൂപ്പർമാർക്കറ്റ് ശൃംഖലയായ ഐസ്ലാൻഡിൽ നിന്ന് 15,000 രൂപയ്ക്ക് പലചരക്ക് സാധനങ്ങൾ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ഓര്‍ഡര്‍ ലഭിച്ച ശേഷം അടുക്കളയിലേക്ക് മാറ്റുന്നതിനിടെ കൈയ്യില്‍ നിന്ന് സാധനങ്ങള്‍ തറയില്‍ വീഴുകയായിരുന്നു. ഒപ്പം ഭക്ഷണ വസ്തുക്കള്‍ അടങ്ങിയ പൊതികളില്‍ ഒന്നില്‍ നിന്ന് മനുഷ്യ വിസര്‍ജ്യവും താഴെ വീഴുകയായിരുന്നു.
ഇതുകണ്ട സ്മിത്ത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഇത്തരമൊരു കാഴ്ച കണ്ടതിന് പിന്നാലെ തനിക്ക് അറപ്പും വെറുപ്പും തോന്നിയെന്ന് സ്മിത്ത് പ്രതികരിച്ചു. അത് വെറുപ്പുളവാക്കുന്നതാണ് മറ്റൊന്നും പറയാനില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റൊരു പൊതികളില്‍ ഒന്നില്‍ നോക്കിയതോടെ തനിക്ക് ചര്ദ്ദിക്കാന് വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടർന്ന് സ്മിത്ത് സ്റ്റോറുമായി ബന്ധപ്പെടുകയും സാധനങ്ങള്‍ തിരിച്ചുകൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. കമ്പനി നഷ്ടപരിഹാരം അനുവദിച്ചെങ്കിലും നഷ്ടപരിഹാരം അല്ലായിരുന്നു തന്റെ മനസിലെന്നും ഇത്തരത്തില്‍ ഭയാനകമായ വീഴ്ച കമ്പനി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് പകരം സാധനങ്ങള്‍ ആവശ്യമില്ലെന്ന് ഞാൻ അവരോട് പറഞ്ഞു, അവർ അത് തിരിച്ചെടുക്കണം എന്ന് തന്നെയായിരുന്നു എന്റെ നിലപാട്. നഷ്ട പരിഹാരം വേണ്ട, മുടക്കിയ തുക റീഫണ്ട് ചെയ്തു തരണം’ അദ്ദേഹം പറഞ്ഞു. അതേസമയം, സൂപ്പർമാർക്കറ്റ് ശൃംഖല ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. അന്വേഷണം നടക്കുകയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് സ്മിത്ത് ആരോഗ്യ വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.