
തിരുവനന്തപുരം: വര്‍ഷങ്ങളായി തിരയുന്ന മകനെ തിരുവനന്തപുരത്തെത്തി കൺനിറയെ കണ്ട സന്തോഷത്തിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി കാളീദേവി. സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടലും യുഎസ്ടി ഗ്ലോബൽ അധികൃതരുടെ കരുതലും കൂടിയായപ്പോൾ എട്ട് വര്‍ഷം മുൻപ് എങ്ങോട്ടെന്നില്ലാതെ വീട്ടിൽ നിന്ന് ഇറങ്ങിത്തിരിച്ച രാജേഷ് ദാസിനും ബന്ധുക്കളെ തിരിച്ച് കിട്ടി.
22-ാം വയസിൽ ഒരു ദിവസം രാവിലെ ആരോടും പറയാതെ ഇറങ്ങിയതാണ് രാജേഷ് ദാസ്. കറങ്ങിത്തിരിഞ്ഞ് 25 കിലോമീറ്റർ ദൂരത്തുള്ള റെയിൽവേ സ്റ്റേഷനിലെത്തി. വഴിയറിയാതെ കണ്ട ട്രെയിനിൽ കയറിപ്പോയതാണ്. പിന്നീട് എവിടെയായിരുന്നെന്ന് ഓർത്തെടുക്കാൻ രാജേഷ് ദാസിനുമായിട്ടില്ല. ഗുജറാത്തിലും ദില്ലിയിലുമെല്ലാം കുടുംബം തിരഞ്ഞു. രണ്ട് വർഷം മുമ്പാണ് തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. രാജേഷ് ദാസ് തന്നെ പങ്കുവച്ച വിവരങ്ങൾ അനുസരിച്ച് സന്നദ്ധ പ്രവര്‍ത്തകരാണ് പശ്ചിമബംഗാളിലെ ബന്ധുക്കളെ കണ്ടെത്താൻ സഹായിച്ചത്.
വർഷങ്ങള്‍ കഴിഞ്ഞ് മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് അമ്മ കാളിദേവി. കർഷക കുടുംബമാണ് രാജേഷ് ദാസിന്റേത്. മകനെ കാണാനായി അച്ഛൻ വീട്ടിൽ കാത്തിരിക്കുന്നുണ്ട്. മകനെ തിരിച്ചുതന്ന കേരളത്തോട് നന്ദി പറയുകയാണ് ഈ കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]