
‘ആര്‍ക്കും നിങ്ങളെ രക്ഷിക്കാനാകില്ല’; സല്‍മാനും ജിപ്പി ഗ്രേവാളിനും വധഭീഷണി
സൽമാൻ ഖാൻ, ലോറൻസ് ബിഷ്ണോയി |
മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാനെതിരെ വീണ്ടും വധഭീഷണി വന്നതോടെ മുംബൈ പോലീസ് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് ഭീഷണിയ്ക്ക് പിന്നില്‍. നിലവില്‍ സല്മാന് വൈ പ്ലസ് സുരക്ഷ നല്കി വരുന്നുണ്ട്.
പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിനെ സംബോധന ചെയ്ത് ലോറന്‍സ് ബിഷ്ണോയി എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നുമാണ് ഭീഷണി ഉയര്‍ന്നത്.
”നിങ്ങള്‍ സല്മാന് ഖാനെ ഒരു സഹോദരനായി കണക്കാക്കുന്നുണ്ടല്ലോ. അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ ‘സഹോദരന്’ നിങ്ങളെ രക്ഷിക്കാനുള്ള സമയമാണിത്. ഈ സന്ദേശം സല്മാന് ഖാന് വേണ്ടിയുമാണ്. ദാവൂദ് നിങ്ങളെ രക്ഷിക്കുമെന്ന് വ്യാമോഹിക്കരുത്. നിങ്ങളെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സിദ്ധു മൂസേവാലയുടെ മരണത്തോടുള്ള നിങ്ങളുടെ പ്രതികരണം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അയാള്‍ എങ്ങിനെയുള്ളയാളാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ റഡാറില്‍ എത്തിയിരിക്കുന്നു. ഇതൊരു ട്രെയിലറായി കരുതുക. മുഴുവന്‍ പടവും ഉടന്‍ പുറത്തിറങ്ങും. നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും രാജ്യത്തേക്ക് ഓടിപ്പോവുക. എന്നാല്‍ ഓര്‍ക്കുക മരണത്തിന് വിസ ആവശ്യമില്ല. അത് ക്ഷണിക്കപ്പെടാതെ വരും’ – എന്നായിരുന്നു ആ കുറിപ്പ്.
കാനഡയിലെ വാന്‍കൂവറിലെ തന്റെ വീടിന് പുറത്ത് ഒരാള്‍ വെടിവച്ചതായി ഗ്രെവാള്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയ് നേരത്തെ ഏറ്റെടുത്തിരുന്നു. സല്‍മാനുമായി തനിക്ക് സൗഹൃദമില്ലെന്നും രണ്ട് തവണ മാത്രമേ താരത്തെ കണ്ടിട്ടുള്ളൂവെന്നും വെടിവെപ്പ് സംഭവത്തിന് ശേഷം ഗ്രെവാള്‍ പറഞ്ഞിരുന്നു.
സല്‍മാനെതിരെ പുതിയ ഭീഷണി വന്നതിന് പിന്നാലെ മുംബൈ പോലീസ് അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കുകയും അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ യഥാര്‍ത്ഥമാണോയെന്നും ബിഷ്ണോയി ജയിലിലായതിനാല്‍ ആരാണ് അത് കൈകാര്യം ചെയ്യുന്നതെന്ന് കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പോലീസ്.
Content Highlights: Salman Khan death threat, Lawrence Bishnoi Gang, increases security for actor
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]