
ബെംഗളൂരു: തെലങ്കാനയിൽ താഴേത്തട്ടിൽ നിന്ന് മുതൽ പാർട്ടിയുടെ സംഘടനാസംവിധാനം അഴിച്ചുപണിഞ്ഞതിന്റെ ക്രെഡിറ്റോടെയാണ് എ രേവന്ത് റെഡ്ഡി മുഖ്യമന്ത്രി സ്ഥാനത്തിനുള്ള മത്സരത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. വിദ്യാർഥിരാഷ്ട്രീയത്തിൽ തുടങ്ങിയത് എബിവിപിയിലാണെങ്കിലും വളർന്നത് ടിഡിപിയിലൂടെയാണ്.
2017-ൽ കോൺഗ്രസിലെത്തിയ രേവന്ത് വെറും നാല് വർഷം കൊണ്ട് പാർട്ടി അധ്യക്ഷനായി, രണ്ട് വർഷത്തിൽ കെസിആറിനെ തറപറ്റിച്ച് കോൺഗ്രസിനെ വിജയത്തിലെത്തിച്ചു. പിസിസി അധ്യക്ഷനായി 2021-ൽ ചുമതലയേറ്റത് മുതൽ 2 വർഷം നിരന്തരം ജോലി ചെയ്തു. സമരങ്ങൾ നയിച്ചു.
ഇനി ഞങ്ങളുടെ ശക്തി തെളിയിക്കേണ്ട സമയമാണ്.
തെലങ്കാന ജനത കെസിആറിന് പത്ത് വർഷമാണ് നൽകിയത്. ഇനി ജനം മാറ്റം ആഗ്രഹിക്കുന്നു.
ഞങ്ങളാണ് ആ മാറ്റം എന്ന് പറഞ്ഞായിരുന്നു റെഡ്ഡി തുടങ്ങിയത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് അനുമുല രേവന്ത് റെഡ്ഡി തെലങ്കാന ജനതയ്ക്ക് രേവന്ത് അണ്ണ ആയിരുന്നു.
അവിടെ നിന്ന് രേവന്ത് ഗാരുവിലേക്ക് വളരുകയാണ് ഈ യുവനേതാവ്. ആന്ധ്രയുടെ രാഷ്ട്രീയത്തിലൊരു ചാണക്യനുണ്ടെങ്കിൽ അത് ചന്ദ്രബാബു നായിഡുവാണ്. ആ നായിഡുവിന്റെ കളരിയിൽ രാഷ്ട്രീയം പഠിച്ചയാളാണ് രേവന്ത് റെഡ്ഡി.
ഇപ്പോഴത്തെ തെലങ്കാനയിലെ നാഗർകുർണൂൽ സ്വദേശിയായ രേവന്ത് 2009-ലും 2014-ലും കോടങ്കലിൽ നിന്ന് ടിഡിപിയിൽ നിന്ന് മത്സരിച്ച് ജയിച്ച് പാർലമെന്റിലെത്തിയതാണ്. 2015-ൽ എംഎൽസി തെരഞ്ഞെടുപ്പിൽ എൽവിസ് സ്റ്റീഫൻസണെന്ന നോമിനേറ്റഡ് എംഎൽഎയ്ക്ക് വോട്ടിന് പണം വാഗ്ദാനം ചെയ്തെന്ന പേരിൽ രേവന്തിന്റെ ഒരു ശബ്ദരേഖ പുറത്ത് വന്നത് തെലങ്കാന രാഷ്ട്രീയത്തിലുണ്ടാക്കിയ കോളിളക്കം ചില്ലറയല്ല.
വോട്ടിന് കോഴ ആരോപണത്തിൽ രേവന്ത് അന്ന് അറസ്റ്റിലായി. ജയിലിലായി.
ഇതിനെത്തുടർന്നുണ്ടായ ബഹളങ്ങൾക്കൊടുവിൽ ടിഡിപി വിട്ട രേവന്ത്, 2017-ൽ കോൺഗ്രസിലെത്തി.
2018-ൽ കോടങ്കലിൽ നിന്ന് മത്സരിച്ച രേവന്ത് തോൽക്കുമെന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല. പക്ഷേ ആ തോൽവിയോട് തോറ്റ് പിൻമാറാൻ രേവന്ത് തയ്യാറായിരുന്നില്ല. മൽക്കജ് ഗിരിയിൽ നിന്ന് 2019-ൽ മത്സരിച്ച് ജയിച്ച് പാർലമെന്റിലെത്തിയ രേവന്ത് വളരെപ്പെട്ടെന്ന് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി മാറി.
2021-ൽ ഉത്തം കുമാർ റെഡ്ഡിയ്ക്ക് പകരം പിസിസി പ്രസിഡന്റായി നിയമിക്കപ്പെട്ടു. ഒരർഥത്തിൽ തെലങ്കാന കോൺഗ്രസിലെ ഒരു തലമുറമാറ്റമായിരുന്നു ആ നിയമനം.
കെസിആറിനെതിരെ ആഞ്ഞടിക്കാത്ത, ശക്തമായ സമരം നയിക്കാൻ മടിച്ച് നിന്ന കോൺഗ്രസ് നേതാക്കളെപ്പോലെയേ ആയിരുന്നില്ല രേവന്ത്. ശക്തമായ പ്രതിഷേധങ്ങളിലൂടെ, സമരങ്ങളിലൂടെ, കെസിആറിനെ എതിരിടാൻ കെൽപ്പുള്ള മുഖമായി രേവന്ത് മാറി. കെസിആറിനോട് ബൈ ബൈ പറഞ്ഞ് തെലങ്കാന; എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി കോൺഗ്രസ് 2021 മുതൽ താഴേത്തട്ട് മുതൽ കഠിനമായി പണിയെടുത്തു, ഇനിയതിന്റെ ഫലം കാണാനുള്ള സമയമായെന്ന് രേവന്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഏകാധിപതിയായി പെരുമാറുന്നുവെന്നും, പ്രിയപ്പെട്ടവരെ മാത്രം പാർട്ടി പദവികളിൽ തിരുകിക്കയറ്റുന്നുവെന്നും ആരോപണങ്ങളും പരാതികളും രേവന്തിനെതിരെ പാർട്ടിയിൽ നിന്ന് തന്നെ ഉയർന്നിരുന്നതാണ്. മുന്നാക്ക സമുദായമായ റെഡ്ഡി വിഭാഗത്തിന് മുഖ്യമന്ത്രിസ്ഥാനം കിട്ടുമ്പോൾ പാർട്ടിയിലെ ദളിത്, പിന്നാക്ക നേതാക്കൾക്ക് പരാതിയുണ്ടായേക്കാം.
പക്ഷേ, 19 സീറ്റിൽ നിന്ന്, തോൽവിയോടെ മറുകണ്ടം ചാടിയ എംഎൽഎമാർ നൽകിയ തിരിച്ചടിയിൽ നിന്ന് കോൺഗ്രസിനെ ഉയിർത്തെഴുന്നേൽപ്പിച്ച നേതാവായ രേവന്ത് ഇനി അനിഷേധ്യനാണ്. കടപുഴക്കിയത് തെലങ്കാനയുടെ മറുപേരായി സ്വയം അവരോധിച്ച കെസിആറിനെയാണ്.
ഒരിക്കൽ തന്നെ ജയിലിലടച്ച നേതാവിനോടുള്ള മധുരപ്രതികാരം. അത് കൂടിയാണ് രേവന്ത് റെഡ്ഡിക്ക് ഈ വിജയവും സ്ഥാനമാനങ്ങളും. https://www.youtube.com/watch?v=Ko18SgceYX8 Last Updated Dec 3, 2023, 6:58 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]