
രണ്‍ബീര്‍ കപൂര്‍ നായകനായ ബോളിവുഡ് ചിത്രം അനിമലിന് ആദ്യദിനം മുതല്‍ സമ്മിശ്രാഭിപ്രായങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ അത് പ്രതിഫലിക്കുന്നില്ലതാനും. ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗുകളില്‍ ഒന്നാണ് ചിത്രം നേടിയത്. അര്ജുന് റെഡ്ഡിയും കബീര്‍ സിംഗും ഒരുക്കിയ സന്ദീപ് റെഡ്ഡി വാംഗയാണ് അനിമലിന്റെ സംവിധായകന്. തിയറ്ററുകളില്‍ പണം വാരുന്നതിനൊപ്പം ചിത്രം കാര്യമായ വിമര്‍ശനങ്ങളും ക്ഷണിച്ചുവരുത്തുന്നുണ്ട്.
ഉള്ളടക്കത്തിലെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശനം നേരിട്ട ചിത്രങ്ങളായിരുന്നു തെലുങ്കില്‍ വന്‍ വിജയം നേടിയ അര്ജുന് റെഡ്ഡിയും അതിന്റെ ഹിന്ദി റീമേക്ക് ആയ കബീര്‍ സിംഗും. സമാനമായ വിമര്‍ശനങ്ങളാണ് അനിമലിനെതിരെയും പ്രധാനമായി ഉയരുന്നത്. ചിത്രത്തിലെ പ്രകടമായ സ്ത്രീവിരുദ്ധതയുടെ ഏറ്റവും വലിയ തെളിവായി വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നത് രണ്‍ബീര്‍ കപൂര്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ ഒരു സംഭാഷണമാണ്. നായിക രശ്മിക മന്ദാനയോട് രണ്‍ബീര്‍ പറയുന്ന ഡയലോഗ് ആണിത്. മാസത്തില്‍ നാല് തവണ പാഡ് മാറ്റുന്ന നീ അതിന്റെ പേരില്‍ ഡ്രാമ സൃഷ്ടിക്കുകയാണ്. ഇവിടെ ഞാന്‍ 50 എണ്ണമാണ് ഒരു ദിവസം മാറ്റുന്നത്, എന്നാണ് നായകന് ഭാര്യയോട് പറയുന്നത്. ഭാര്യയുടെ ആര്‍ത്തവകാലത്തെ തന്റെ ആശുപത്രിവാസവുമായി താരതമ്യപ്പെടുത്തിയുള്ളതാണ് ഈ ഡയലോഗ്.
സംവിധായകന് സന്ദീപ് റെഡ്ഡി വാംഗയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് എക്സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. മാസത്തില്‍ നാല് തവണയോ? അല്ല, ദിവസത്തില്‍ നാല് പ്രാവശ്യം! സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കാനായി വാംഗ സാര്‍ എത്രത്തോളം സമയം വിനിയോഗിക്കുന്നു എന്നതിന് തെളിവാണ് ഇത് എന്നാണ് ഒരു എക്സ് ഉപയോക്താവിന്റെ കമന്റ്. വാംഗയെ ഒരു സ്ത്രീ ഇതുവരെ സ്നേഹിച്ചിട്ടുണ്ടാവില്ലെന്നാണ് മറ്റൊരു കമന്റ്. മാസം നാല് പാഡ്!? ഇന്ത്യയില്‍ വലിയ വിഭാഗം സ്ത്രീകള്‍ക്ക് പിസിഒഡിയും പിസിഒഎസുമുണ്ട്. രക്തനഷ്ടം കൂടുതലായതിനാല്‍ ദിവസേന ആറ് പാഡുകള്‍ വരെ ഉപയോഗിക്കേണ്ടിവരാറുണ്ട്, എന്ന് മറ്റൊരാള്‍ കുറിക്കുന്നു. മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കില്‍ ഈ ഡയലോഗിന്റെ പേരില്‍ സന്ദീപ് റെഡ്ഡി വാംഗയും രണ്‍ബീര്‍ കപൂറും ക്യാന്‍സല്‍ കള്‍ച്ചറിന് വിധേയരായേനെ എന്നാണ് മറ്റൊരാളുടെ കമന്റ്.
സന്ദീപ് റെഡ്ഡി വാംഗയുടെ തന്നെ കഥയ്ക്ക് അദ്ദേഹവും ഒപ്പം പ്രണയ് റെഡ്ഡി വാംഗയും സൗരഭ് ഗുപ്തയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]