
പാലക്കാട് > സംസ്ഥാനത്തെ ഒമ്പത് അമൃത്നഗരങ്ങളിൽ ഫണ്ട് ചെലവഴിക്കുന്നതിൽ രണ്ടാമതെന്ന് ബിജെപി ഭരണസമിതിയുടെ അവകാശവാദത്തിനെതിരെ നഗരവാസികൾ. നഗരത്തിൽ പലയിടത്തും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിലാണ് 170 കോടി രൂപയോളം നഗരത്തിൽ ചെലവഴിച്ചുവെന്നും സംസ്ഥാനത്ത് രണ്ടാംസ്ഥാനമുണ്ടെന്നും പരാമാർശം. എന്നാൽ ഇത്രയും കോടികൾ ചെലവഴിച്ചിട്ടും നഗരജീവിതം നരകമായതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്.
റോഡ്, കുടിവെള്ളം, മാലിന്യ നിർമാർജനം എന്നിവയിൽ കേരളത്തിലെ ഏറ്റവും മോശം നഗരമായി പാലക്കാട് തുടരുന്നതും ജനങ്ങൾ എടുത്തുകാട്ടുന്നു. നഗരഗതാഗതത്തിലെ പ്രധാനറോഡുകൾ എല്ലാം തകർന്നു കിടക്കുകയാണ്. മറ്റ് നഗരങ്ങളിൽ അമൃതിൽ ലഭിച്ച കോടികൾ കൊണ്ട് മികച്ച റോഡുകളും പാർക്കുകളും അടക്കം വലിയ സൗകര്യങ്ങൾ ജനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടും പാലക്കാട് പൊട്ടിപ്പൊളിഞ്ഞ റോഡുകളും കാടുകയറിയ പാർക്കുകളും മാലിന്യം നിറഞ്ഞ പൊതു ഇടങ്ങളുമാണ് ബാക്കി. അമൃതിലെ 150 പദ്ധതികളിൽ 110 എണ്ണവും പൂർത്തിയായതാണ് വെബ്സൈറ്റിലെ കണക്ക്. 220 കോടി രൂപയിൽ 164 കോടി രൂപയും ചെലവഴിച്ചു. നഗരശുചീകരണം, ഗതാഗതം, കുടിവെള്ളവിതരണം, പ്രളയജല നിർമാർജനം, സൗന്ദര്യവൽക്കരണം എന്നീ വിഭാഗങ്ങളിലും പദ്ധതികൾ പൂർത്തിയായതായി പറയുന്നു.
നഗരത്തിലെ റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തതിൽ ഭരണസമിതി അംഗങ്ങൾതന്നെ പ്രതിഷേധവുമായി എത്തുന്ന അവസ്ഥയുണ്ടായി. കേരളത്തിലെ ഏറ്റവും ശുദ്ധമായ ജലശേഖരം അടുത്തുണ്ടായിട്ടും കുടിക്കാൻ വെള്ളമില്ലാതെ വലയുകയാണ് നഗരവാസികൾ. അമൃതിൽ ഏറ്റവും കൂടുതൽ തുക കുടിവെള്ളവിതരണ പദ്ധതികൾക്കായിരുന്നു. 127.95 കോടിയുടെ 11 പ്രവൃത്തികളിൽ അഞ്ചെണ്ണം മാത്രം പൂർത്തിയായപ്പോൾ ചെലവഴിച്ച തുക 110 കോടി രൂപ കവിയും. നഗരത്തിൽ കുടിവെള്ളമെത്തുന്നില്ലെങ്കിലും പലയിടത്തും പൈപ്പ്പൊട്ടുന്നത് തകൃതിയാണ്.
കഴിഞ്ഞ ദിവസം ബിഒസി റോഡിൽ ഗസ്റ്റ്ഹൗസിന്സമീപം പൈപ്പ് പൊട്ടി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പച്ചത്തുരുത്തുകളും പാർക്കുകളും നിർമിച്ച് നഗരസൗന്ദര്യവൽക്കണത്തിനും 8.74 കോടി രൂപയുടെ പദ്ധതിയാണുണ്ടായിരുന്നത്. അമൃതിന്റെ പേരിൽ ചെലവഴിച്ചെന്ന് അവകാശപ്പെടുന്ന കോടികൾ എവിടെയെന്ന ചോദ്യത്തിന് കൃത്യമായി നഗരസഭയ്ക്കും മറുപടിയില്ല. ഇനി എത്രനാളിനുള്ളിൽ നഗരജീവിതം സാധാരണനിലയിലാകും എന്ന ചോദ്യത്തിനും നഗരസഭയ്ക്ക് മറുപടിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]