
തിരുവനന്തപുരം
തുടർച്ചയായ പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയ്ക്കു പിന്നാലെ കേന്ദ്ര ബിജെപി സർക്കാർ പൊതുവിതരണത്തിനുള്ള മണ്ണെണ്ണവിലയും കുത്തനെ കൂട്ടി. ലിറ്ററിന് 22 രൂപയാണ് കൂട്ടിയത്. ഒപ്പം കേരളത്തിനുള്ള മണ്ണെണ്ണവിഹിതം 40 ശതമാനം വെട്ടിക്കുറച്ചു. കേന്ദ്ര സർക്കാരിന്റെ തീരുമാനം കേരളത്തിലെ കുടിലുകളിലെ ഇത്തരിവെട്ടംപോലും കെടുത്തും. മത്സ്യതൊഴിലാളികളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടും.
ഈ വർഷത്തെ ആദ്യ പാദത്തിലെ (ഏപ്രിൽ, മെയ്, ജൂൺ) പൊതുവിതരണ മണ്ണെണ്ണ വിലയാണ് കൂടിയത്. നിലവിൽ ഒരു ലിറ്ററിന് 59 രൂപയാണ്. ഇത് 81 ആകും. 2021–-2022ൽ 6480 കിലോ ലിറ്ററായിരുന്നു സംസ്ഥാനത്തിന്റെ മണ്ണെണ്ണവിഹിതം. ഇത് 3,888 കിലോലിറ്ററായി കുറയും. കഴിഞ്ഞ ഫെബ്രുവരി രണ്ടുമുതൽ തീരുമാനിച്ച അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിലെ അഞ്ച് ശതമാനം വർധനയാണ് വിലക്കയറ്റത്തിനു പിന്നിൽ. ഫെബ്രുവരിയിലും എട്ടു രൂപ കൂട്ടിയിരുന്നു. എന്നാൽ, സംസ്ഥാനം നേരത്തേ മണ്ണെണ്ണ സംഭരിച്ചിരുന്നതിനാൽ വർധിച്ച വില ജനങ്ങളിൽനിന്ന് ഈടാക്കിയില്ല. റേഷൻ മണ്ണെണ്ണയുടെ സബ്സിഡി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ ഒരു വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി വില ഇരട്ടിയാക്കി. സംസ്ഥാനത്തിനുള്ള മണ്ണെണ്ണവിഹിതം 30 ശതമാനം നേരത്തേയും വെട്ടിക്കുറച്ചിരുന്നു. മണ്ണെണ്ണവിഹിതം കുറച്ചതിനാൽ റേഷൻകാർഡ് ഉടമകൾക്ക് നൽകുന്ന വിഹിതം കുറയ്ക്കേണ്ടി വന്നു. വൈദ്യുതീകരിച്ച വീട്ടിലെ റേഷൻകാർഡിന് മാസം അര ലിറ്റർവീതവും വൈദ്യുതി ഇല്ലാത്ത കാർഡുകൾക്ക് നാലു ലിറ്റർ വീതവുമാണ് നേരത്തേ വിതരണം ചെയ്തിരുന്നത്. കേന്ദ്രവിഹിതം കുറഞ്ഞതോടെ മൂന്നു മാസം കൂടുമ്പോഴാണ് മണ്ണെണ്ണ നൽകുന്നത്.
മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കും
മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചത് മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും. ബോട്ടുകൾക്കുള്ള മണ്ണെണ്ണവിലയിലും വർധിക്കും. പൊതുവിതരണത്തിന് അനുവദിക്കുന്ന ക്വോട്ടയിൽനിന്നാണ് ഫിഷറീസ് വകുപ്പ് സബ്സിഡി മണ്ണെണ്ണ(വെള്ള) എൻജിനുകൾക്കും നൽകുന്നത്. നിലവിൽ 124 രൂപയാണ്. ഇതിൽ 25 രൂപ സർക്കാർ സബ്സിഡി നൽകും. ഈ വില സ്വാഭാവികമായും ഉയരും. ഒപ്പം പുറം വിപണിയിലെ മണ്ണെണ്ണവിലയും ഉയരും. ഇതും മത്സ്യതൊഴിലാളികളുടെ വയറ്റത്തടിക്കും.
മന്ത്രി 6ന് *കേന്ദ്രമന്ത്രിയെ കാണും
മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നും വിലവർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി ആർ അനിൽ ആറിന് കേന്ദ്ര പെട്രോളിയംമന്ത്രിയെ കാണും. വിഹിതം കൂട്ടുന്ന കാര്യം ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]