
റായ്പൂര്‍: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. റായ്പൂര്‍, ഷഹീദ് വീര്‍ നാരായണ്‍ സിംഗ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന നാലാം ടി20യില്‍ 20 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. റിങ്കു സിംഗാണ് (29 പന്തില്‍ 46)) ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഓസീസിന്റെ തുടക്കം തന്നെ പാളി. 52 റണ്‍സിനിടെ അവര്‍ക്ക് മൂന്ന വിക്കറ്റുകള്‍ നഷ്ടമായി. ജോഷ് ഫിലിപ് (8), ട്രാവിസ് ഹെഡ് (31), ആരോണ്‍ ഹാര്‍ഡി (8) എന്നിവരാണ് പുറത്തായത്. പിന്നീട് ബെന്‍ മക്ഡെര്‍മോട്ട് (19) – ടിം ഡേവിഡ് (19) സഖ്യം 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മക്ഡെര്‍മോട്ടിനെ ബൗള്‍ഡാക്കി അക്സര്‍ പട്ടേല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. ടിം ഡേവിഡിനെ ദീപക് ചാഹറും തിരിച്ചയച്ചു. മാത്യൂ ഷോര്‍ട്ടും (22) ചാഹറിന്റെ മുന്നില്‍ കീഴടങ്ങി. ബെന്‍ ഡ്വാര്‍ഷിസിനെ (1) ആവേഷ് ഖാന് ബൗള്‍ഡാക്കിയതോടെ ഓസീസിന്റെ കാര്യത്തില്‍ തീരുമാനമായി. മാത്യു വെയ്ഡ് (36) പൊരുതി നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ക്രിസ് ഗ്രീന്‍ (1) വെയ്ഡിനൊപ്പം പുറത്താവാതെ നിന്നു.
റിങ്കുവിന് പുറമെ ജിതേഷ് ശര്‍മ (35), യശസ്വി ജയസ്വാള്‍ (37), റുതുരാജ് ഗെയ്കവാദ് (32) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ബെന്‍ ഡ്വാര്‍ഷിസ് ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. തന്‍വീര്‍ സംഗ, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക്. പവര്‍ പ്ലേയില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്കായിരുന്നു. പവര്‍ പ്ലേയിലെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ജയസ്വാളിനെ ആരോണ്‍ ഹാര്‍ഡി പുറത്താക്കി. 28 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും ആറ് ഫോറും നേടിയിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരും (8) തുടര്‍ന്നെത്തിയ (1) സൂര്യകുമാര്‍ യാദവും വന്നത് പോലെ മടങ്ങി. ഇതോടെ ഇന്ത്യ മൂന്നിന് 63 എന്ന നിലയിലായി.
തുടര്‍ന്ന് റുതുരാജ് – റിങ്കു സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു. 14-ാം ഓവറില്‍ റുതുരാജിനെ മടക്കി സംഗ മടക്കി. 28 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റുതുരാജിന്റെ ഇന്നിംഗ്സ്. ശേഷം ക്രീസിലെത്തിയ ജിതേഷ് ശര്‍മ അവസരം ശരിക്കും മുതലാക്കി. റിങ്കുവിനൊപ്പം 56 റണ്‍സ് ചേര്‍ത്ത ശേഷമാണ് ജിതേഷ് മടങ്ങുന്നത്. 19 പന്തുകള്‍ മാത്രം നേരിട്ട താരം മൂന്ന് സിക്സും ഒരു ഫോറും നേടി. അക്സര്‍ പട്ടേല്‍ (0) നിരാശപ്പെടുത്തി. ഇതിനിടെ അവസാന ഓവറില്‍ റിങ്കുവിനെ ബെഹ്രന്‍ഡോര്‍ഫ് വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിങ്കുവിന്റെ ഇന്നിംഗ്സ്. അതേ ഓവറില്‍ ദീപക് ചാഹറും (0) മടങ്ങി. രവി ബിഷ്ണോയ് (4) അവസാന പന്തില്‍ റണ്ണൗട്ടായി. ആവേഷ് ഖാന് (1) പുറത്താവാതെ നിന്നു.
Last Updated Dec 1, 2023, 11:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]