
പാതി ചാരിയ ചന്ദനമണിവാതിൽ തുറന്ന് ആദ്യം യാത്രയായത് ഗാനശില്പിയായ രവീന്ദ്രൻ മാസ്റ്ററാണ്. തിരുവനന്തപുരം വൈദ്യനാഥനും വി സി ജോർജ്ജും പിന്നാലെ മടങ്ങി; ഇപ്പോഴിതാ ബി ശശികുമാറും.
“മരിക്കുന്നില്ല ഞാൻ” (1988) എന്ന ചിത്രത്തിലെ “ചന്ദനമണിവാതിൽ പാതി ചാരി” എന്ന ഗാനത്തെ അവിസ്മരണീയമാക്കിയതിൽ പിന്നണിയിലെ വാദ്യസംഗീതജ്ഞരുടെ പങ്ക് നിസ്തുലം. വൈദ്യനാഥന്റെ മൃദംഗവും ജോർജ്ജിന്റെ പുല്ലാങ്കുഴലും ശശികുമാറിന്റെ വയലിനുമില്ലാതെ ആ പാട്ടിനെ കുറിച്ച് സങ്കല്പിക്കാനാകുമോ? എഴാച്ചേരി രാമചന്ദ്രന്റെ വരികൾ പോലെ, രവീന്ദ്രന്റെ ഈണം പോലെ, ജി വേണുഗോപാലിന്റെയും ആർ ഉഷയുടെയും ശബ്ദങ്ങൾ പോലെ ആ പാട്ടിന്റെ ആത്മാവിൽ അലിഞ്ഞുചേർന്നിരിക്കുന്നു പശ്ചാത്തലത്തിലെ നാദശകലങ്ങളും.
“ചന്ദനമണിവാതിലിന്റെ ജനപ്രീതിക്ക് പിന്നിൽ ഈ അസാമാന്യ പ്രതിഭകളുടെ മാന്ത്രികസ്പർശം കൂടിയുണ്ടെന്ന് വിശ്വസിക്കുന്നു ഞാൻ. “– വേണുഗോപാലിന്റെ വാക്കുകൾ. “മൂന്ന് പേരും ഇപ്പോൾ നമുക്കൊപ്പമില്ല എന്നത് തീർത്തും വേദനാജനകം. അവരുടെ ദീപ്തസ്മരണ കൂടിയാണ് എനിക്കാ പാട്ട്.” വേണു ഉൾപ്പെടെ വിവിധ തലമുറകളിൽപ്പെട്ട നിരവധി സംഗീത പ്രതിഭകളുടെ ഗുരുവായ ശശികുമാർ ഓർമ്മയായത് കഴിഞ്ഞ ദിവസമാണ്.
സിനിമാപ്പാട്ടിന് വയലിൻ വായിക്കാൻ രവീന്ദ്രൻ മാസ്റ്റർ ക്ഷണിച്ചപ്പോൾ ഒഴിഞ്ഞുമാറാനാണ് ശശികുമാർ ആദ്യം ശ്രമിച്ചത്. പൂർവനിശ്ചിതമായ നൊട്ടേഷനുകളുടെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങി നിൽക്കുന്നതിനേക്കാൾ മനോധർമ്മത്തിന്റെ അനന്തവിഹായസ്സിലേക്ക് പറന്നുയർന്നാണ് ശശികുമാറിന് ശീലം. പക്ഷേ ശശികുമാറിന്റെ കഴിവുകൾ തിരിച്ചറിഞ്ഞിരുന്ന രവീന്ദ്രനുണ്ടോ വിടുന്നു? വായനയിൽ പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുതന്നെ ശശികുമാറിന്റെ പ്രതിഭ ചന്ദനമണിവാതിലിന് വേണ്ടി കടമെടുക്കുന്നു അദ്ദേഹം. മൂന്ന് സംഗീതവിശാരദന്മാരുടെ മത്സരബുദ്ധിയോടെയുള്ള പ്രകടനമാണ് പിന്നെ കണ്ടത്.
കീബോർഡിൽ തുടങ്ങി ശശികുമാറിന്റെ വയലിനിലൂടെ, ജോർജ്ജിന്റെ ഫ്ലൂട്ടിലൂടെ പാട്ട് വേണുവിന്റെ മനോഹരമായ ഹമ്മിംഗിലെത്തുന്നതോടെ പ്രണയലോലമാകുന്നു അന്തരീക്ഷം. ആ ഹമ്മിംഗ് നുകരാൻ വേണ്ടി മാത്രം ചന്ദനമണിവാതിൽ ആവർത്തിച്ച് കേൾക്കുന്ന സുഹൃത്തുക്കളുണ്ടെനിക്ക്. രവീന്ദ്രൻ മാസ്റ്ററുടെ ഏറ്റവും വ്യത്യസ്തമായ സൃഷ്ടികളിൽ ഒന്നായ ഈ പാട്ടിന്റെ ഫീമെയ്ൽ വേർഷനാണ് സിനിമയിൽ ഇടം നേടിയത്. ചിത്രീകരിക്കപ്പെടാതെ പോയിട്ടും വേണുവിന്റെ ഗാനം സൂപ്പർ ഹിറ്റായി എന്നത് കാലത്തിന്റെ കാവ്യനീതിയാകാം. താരാ കല്യാണും ബാലചന്ദ്രൻ ചുള്ളിക്കാടുമാണ് സിനിമയിലെ ഗാനരംഗത്ത്.
“സിനിമാലോകവുമായി സഹകരിക്കാൻ മടിയായിരുന്നെങ്കിലും റേഡിയോ ലളിതഗാനങ്ങളുടെ പിന്നണിയിൽ ധാരാളം വയലിൻ വായിച്ചിട്ടുണ്ട് ശശികുമാർ സാർ.”– വേണു ഓർക്കുന്നു. “നേരത്തെ ഫിക്സ് ചെയ്ത ബി ജി എം വായിക്കുന്ന പതിവില്ല അദ്ദേഹത്തിന്. രാഗഛായ ഉൾക്കൊണ്ട് കൃത്യമായ താളവട്ടക്കണക്ക് പിന്തുടർന്നാണ് ശീലം. ഉദാഹരണത്തിന് ഈ പാട്ടിൽ നാല് താളവട്ടമാണ്. ഓരോ റിഹേഴ്സലിനും അത് മാറിയും മറിഞ്ഞും വരും. പാടുന്നവർ അതീവ ശ്രദ്ധയോടെ നിന്നാലേ ഗാനത്തോട് നീതി പുലർത്താൻ പറ്റൂ.” ഫ്ലൂട്ടിൽ കെ എസ് ഗോപാലകൃഷ്ണനും ഗിറ്റാറിൽ എസ് എ സ്വാമിയും വീണയിൽ ആർ വെങ്കിട്ടരാമനും ഇതേ ശൈലി പിന്തുടരുന്നവർ. മനോധർമ്മത്തിന്റെ വക്താക്കൾ.
താരതമ്യങ്ങളില്ലാത്ത സംഗീതപരിശീലനമായിരുന്നു ശശികുമാറിന്റേത് എന്ന് വേണു. “ആദ്യം കഠിനമെന്ന് തോന്നും നമുക്ക്. നിരന്തര സാധകത്തിലൂടെ വോക്കൽ റേഞ്ച് മാത്രമല്ല, രാഗബോധവും വർദ്ധിപ്പിക്കുന്ന പാഠഭേദങ്ങളായിരുന്നു സാറിൻ്റെത്. ഗ്രൂപ്പ് ക്ലാസ്സുകളാണ് സാർ സാധാരണ എടുക്കുക. ഗായകരും, വയലിനിസ്റ്റുകളുമൊക്കെ ഒരുമിച്ചിരുന്ന് പരിശീലിക്കുന്ന രീതി. ഓരോ പാഠവും കൃത്യമായി സാർ വയലിനിലൂടെയും പാടിയും പഠിപ്പിച്ചിരുന്നു. കാവാലം ശ്രീകുമാറും കല്ലറ ഗോപനും ശ്രീറാമും ബാലഭാസ്ക്കറുമൊക്കെ ചേർന്നുള്ള ഞങ്ങളുടെ ഗ്രൂപ്പ് സെഷൻസ് ഒരിക്കലും മറക്കാനാകില്ല. ഇനി അതെല്ലാം ഓർമ്മ.”
തിരുവനന്തപുരം തരംഗിണിയിലായിരുന്നു ചന്ദനമണിവാതിലിന്റെ റെക്കോർഡിംഗ് എന്നോർക്കുന്നു വേണു. ഗാനലേഖനം നിർവഹിച്ചത് ബാലകൃഷ്ണൻ. “മരിക്കുന്നില്ല ഞാൻ” എന്ന ചിത്രം ഇന്ന് ഓർക്കപ്പെടുന്നത് പോലും ഈ പാട്ടിലൂടെയാവണം.
ചന്ദനമണിവാതിൽ ഉൾപ്പെടെ മലയാളത്തിലെ ഒട്ടനവധി മനോഹര ചലച്ചിത്രഗാനങ്ങൾക്കും തരംഗിണി ആൽബങ്ങൾക്കും പിന്നിൽ പുല്ലാങ്കുഴൽ നാദമായി നിറഞ്ഞുനിന്ന വി സി ജോർജ്ജ് വിടപറഞ്ഞത് രണ്ടു വർഷം മുൻപൊരു മേയിലാണ്. സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം, ചന്ദനം മണക്കുന്ന പൂന്തോട്ടം, മൗനം പോലും മധുരം, കോകിലേ തുടങ്ങി നൂറുകണക്കിന് ചലച്ചിത്ര ഗാനങ്ങൾ, എൻ ഹൃദയപ്പൂത്താലവും ഉത്രാടപ്പൂനിലാവേയും ശങ്കരധ്യാനപ്രകാരവും പോലുള്ള തരംഗിണിയുടെ ആദ്യകാല ഉത്സവഗാനങ്ങൾ…. ജോർജ്ജിന്റെ മുരളീനാദം കൂടിയുണ്ട് ആ പാട്ടുകളുടെ ആസ്വാദ്യതയ്ക്ക് പിന്നിൽ.
വൈദ്യനാഥനും ജോർജ്ജിനും പിന്നാലെ ശശികുമാറും യാത്രയായതോടെ ഒരു കാലഘട്ടം കൂടി ഓർമ്മയാകുകയാണ്. ഗാനങ്ങളുടെ പിന്നണിയിൽ മൗലിക വാദ്യോപകരണങ്ങൾ മാത്രം നിറഞ്ഞുനിന്ന കാലം. ആ പാട്ടുകൾക്കൊപ്പം അവയ്ക്ക് പിന്നിലെ സൂക്ഷ്മമായ നാദശകലങ്ങൾ പോലും നാം ഓർമ്മയിൽ സൂക്ഷിക്കുന്നുവെങ്കിൽ, അതുതന്നെ ആ പ്രതിഭകൾക്കുള്ള ഏറ്റവും വലിയ അംഗീകാരം.