
കണ്ണൂര്‍: കണ്ണൂരിൽ കഞ്ചാവിന്റെ ശേഖരവുമായി യുവതി പിടിയിലായി. ഒന്നര കിലോ കഞ്ചാവാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. പയ്യന്നൂര്‍ സ്വദേശി നിഖില എന്ന 28കാരിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നിഖിലയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിഖിലയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. വീട്ടിലെ മുറിയിൽ ഒളിപ്പിച്ചു വെച്ച ബാഗിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. കര്‍ണാടകത്തിൽ നിന്ന് കേരളത്തിലേക്ക് വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവാണിതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതിയെ പൊലീസിന് കൈമാറും. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പയ്യന്നൂർ കണ്ടങ്കാളി സ്വദേശിയാണ് നിഖില. ഇവര്‍ തന്റെ വീട്ടിൽ കഞ്ചാവ് വെച്ചിട്ടുണ്ടെന്ന രഹസ്യ വിവരം തളിപ്പറമ്പ് എക്സൈസിനാണ് കിട്ടിയത്. സർക്കിൾ ഇൻസ്പെക്ടർ കെകെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നിഖിലയുടെ വീട് വളഞ്ഞായിരുന്നു എക്സൈസ് പരിശോധന. വീടിനകത്ത് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. 1.6 കിലോഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്. കർണാടകയിൽ നിന്ന് കഞ്ചാവ് എത്തിച്ച് ചെറു പാക്കറ്റുകളിലാക്കി വിൽക്കുകയായിരുന്നു രീതി. ആഴ്ചകൾക്ക് മുൻപ് കണ്ണൂരിൽ നിന്ന് കഞ്ചാവുമായി അറസ്റ്റിലായ ആളുമായി നിഖിലയ്ക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിരുന്നു. കടകളിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുകയായിരുന്നു നിഖില. ഇവരുടെ ഫോൺ കോളുകൾ ഉൾപ്പെടെ പരിശോധിച്ച് സംഘത്തിലെ കൂടുതൽ പേരിലേക്ക് അന്വേഷണം എത്തുമെന്ന് എക്സൈസ് പറയുന്നു.
Last Updated Dec 1, 2023, 11:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]