
പാലക്കാട്
ഇരട്ടിയിലേറെ പ്രതിഫലം നൽകിയിട്ടും നാടിന്റെ വികസനത്തിന് സ്ഥലം വിട്ടുകൊടുക്കാൻ മടിക്കുന്ന കാലത്ത് വില കൊടുത്തുവാങ്ങിയ സ്ഥലത്തുനിന്ന് ഏഴരസെന്റ് സംഭാവന നൽകി കാരുണ്യത്തിന്റെ പ്രതീകമാകുകയാണ് റിട്ട. അധ്യാപകദമ്പതിമാർ.
വടക്കഞ്ചേരി മുടപ്പല്ലൂർ പന്തപ്പറമ്പ് വെളുത്താക്കൽ വീട്ടിൽ വി രാജശേഖരൻ–-പി സരസ്വതി ദമ്പതിമാരാണ്, ലക്ഷങ്ങൾ വില കൊടുത്തുവാങ്ങിയ 58.5 സെന്റിൽനിന്ന് ഏഴരസെന്റ് നിർധനകുടുംബത്തിന് വീട് നിർമിക്കാൻ സിപിഐ എം മുടപ്പല്ലൂർ ലോക്കൽ കമ്മിറ്റിക്ക് സൗജന്യമായി കൈമാറിയത്. ഇവിടെ മൂന്ന് കുടുംബങ്ങൾക്ക് വീടൊരുക്കാൻ തീരുമാനിച്ചതായി സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം ടി എം ശശി പറഞ്ഞു. ലൈഫ് പദ്ധതിയിൽ വീട് കിട്ടാൻ സാങ്കേതികതടസ്സമുള്ള രണ്ട് കുടുംബങ്ങൾക്കായി വീട്പണിക്ക് ശനിയാഴ്ച കല്ലിട്ടു. കല്ലിടൽചടങ്ങിൽത്തന്നെ നാട്ടുകാരിൽനിന്ന് സംഭാവനയായി രണ്ടര ലക്ഷം രൂപ ലഭിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു ലോക്കൽകമ്മിറ്റി രണ്ട് കുടുംബങ്ങൾക്ക് സ്നേഹവീട് നിർമിച്ചുനൽകുന്നത്. ബാക്കി രണ്ടരസെന്റ് സ്ഥലം ലൈഫിൽ വീട് അനുവദിച്ചുകിട്ടിയ കുടുംബത്തിന് നൽകും.
ആലത്തൂർ എഎസ്എംഎം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകനാണ് വി രാജശേഖരൻ. ഭാര്യ പി സരസ്വതി ചിറ്റിലഞ്ചേരി പികെഎംഎ യുപി സ്കൂൾ പ്രധാനാധ്യാപികയായി കഴിഞ്ഞവർഷമാണ് വിരമിച്ചത്. പാർടിക്ക് സ്ഥലം നൽകാൻ മക്കൾക്കും മരുമക്കൾക്കും പൂർണസമ്മതമാണെന്ന് ദമ്പതികൾ പറഞ്ഞു. മൂത്ത മകൻ ഡോ. അമൃതരാജ് പാലക്കാട് സഹകരണ ആശുപത്രിയിലും ഭാര്യ ഡോ. വിധു വിജയകുമാർ വള്ളിയോട് ആശുപത്രിയിലും ഡോക്ടർമാരാണ്. മറ്റൊരു മകൻ അനൂപ്രാജ് യാക്കര -ശ്രവണ–-സംസാര സ്കൂൾ ജീവനക്കാരനും ഭാര്യ രഞ്ജിനി നെന്മാറ അവൈറ്റീസ് ആശുപത്രിയിൽ ടെക്നീഷ്യനുമാണ്. കെഎസ്ടിഎ മുൻ സംസ്ഥാന പ്രസിഡന്റ് പി വേണുഗോപാലന്റെ സഹോദരിയാണ് പി സരസ്വതി. 2010ലെ സംസ്ഥാന അധ്യാപകഅവാർഡ് ജേതാവാണ് രാജശേഖരൻ.
അധ്യാപകദമ്പതിമാരെ സിപിഐ എം ജില്ലാസെക്രട്ടറി ഇ എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ എന്നിവർ വീട് നിർമാണത്തിന് തുടക്കംകുറിച്ചദിവസം അനുമോദിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]