
തിരുവനന്തപുരം
കോൺഗ്രസിൽ കെ സുധാകരൻ, വി ഡി സതീശൻ ഭിന്നത രൂക്ഷം. സതീശനെതിരെ ഡിസിസി പ്രസിഡന്റുമാരെ രംഗത്തിറക്കി ഒളിയമ്പെയ്യുകയാണ് സുധാകരൻ. പ്രതിപക്ഷനേതാവിന്റെ നിസ്സംഗതയാണ് ഡിസിസി പുനഃസംഘടന വഴിമുട്ടാൻ കാരണമെന്നാണ് ആരോപണം. ഭാരവാഹികളുടെ കരടുപട്ടിക മാസങ്ങളോളം സതീശൻ പൂഴ്ത്തിവച്ചത് കെ സി വേണുഗോപാലിന്റെ താളത്തിന് തുള്ളിയാണെന്നും വിമർശമുണ്ട്.
അംഗത്വവിതരണം ചർച്ച ചെയ്യാൻ സുധാകരൻ വിളിച്ച ഓൺലൈൻ യോഗത്തിൽ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സതീശനെതിരെ ആഞ്ഞടിച്ചു.
കോട്ടയം ഡിസിസി സതീശന്റെ പരിപാടികൾ ബഹിഷ്കരിക്കുകയും ചെയ്തു. ഐഎൻടിയുസിക്കെതിരായ പ്രസ്താവനയിലും പരക്കെ വിമർശമുണ്ട്. പുനഃസംഘടനയിൽ കൂടിയാലോചിച്ചില്ലെന്ന എംപിമാരടക്കമുള്ളവരുടെ പരാതിയും വേണുഗോപാലന്റെ പാരയും കൂടിയായതോടെ പുനഃസംഘടന നിർത്താൻ ഹൈക്കമാൻഡ് നിർദേശിക്കുകയായിരുന്നു. ഇതിൽ അതൃപ്തി അറിയിച്ച കെ സുധാകരൻ നേതൃത്വവുമായി അകൽച്ചയിലാണ്.
അംഗത്വവിതരണം 15 വരെ നീട്ടിയെങ്കിലും താഴെത്തലത്തിൽ കാര്യമായ പ്രതികരണമില്ലാതെ വന്നതാണ് ഓൺലൈൻ യോഗം വിളിക്കാൻ കാരണം. 50 ലക്ഷംപേരെ ചേർക്കുമെന്നായിരുന്നു അവകാശവാദം. ഇതുവരെ നാലു ലക്ഷം തികഞ്ഞിട്ടില്ല. എ, ഐ ഗ്രൂപ്പുകളെ തള്ളി കോൺഗ്രസിൽ മാറ്റംകൊണ്ടുവരുമെന്നു പറഞ്ഞ വി ഡി സതീശനും കെ സുധാകരനും ഇപ്പോൾ രണ്ട് വഴിക്കായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]