
തിരുവനന്തപുരം
കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ സംഘടനയായ ഐഎൻടിയുസിയെ ചവിട്ടിപ്പുറത്താക്കാനിറങ്ങിയ വി ഡി സതീശന് അന്ത്യശാസനം നൽകി തൊഴിലാളികൾ. പ്രസ്താവന പിൻവലിച്ച് സതീശൻ മാപ്പ് പറയണമെന്ന് വെള്ളിയാഴ്ച ചേർന്ന ഐഎൻടിയുസി നേതൃയോഗം ആവശ്യപ്പെട്ടു. ഐഎൻടിയുസി കോൺഗ്രസിന്റെ ഭാഗമല്ലെങ്കിൽ കെപിസിസി അക്കാര്യം വ്യക്തമാക്കണം. അല്ലാത്തപക്ഷം ശക്തമായി പ്രതികരിക്കാൻ യോഗം സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ ചുമതലപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ ശരീരഭാഷപോലും തൊഴിലാളികളെ അവഹേളിക്കുന്നതാണ്. ഇതു സംബന്ധിച്ച് കെപിസിസി നേതൃത്വത്തിനും ഐഎൻടിയുസി പരാതി നൽകി.
തനിക്കെതിരെ ചങ്ങനാശേരിയിൽ പരസ്യപ്രകടനം നടത്തിയത് കുത്തിത്തിരിപ്പുകാരാണെന്നു പറഞ്ഞ വി ഡി സതീശൻ ഉന്നമിട്ടത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആണ്. കെപിസിസി പ്രസിഡന്റുമായി ആലോചിച്ചാണ് അഭിപ്രായം പറഞ്ഞതെന്നാണ് സതീശന്റെ അവകാശവാദം. എന്നാൽ, കെ സുധാകരൻ മൗനത്തിലാണ്. മൗനം തുടർന്നാൽ സതീശനുവേണ്ടി കെ സി വേണുഗോപാൽ വിഭാഗം സതീശനുവേണ്ടി രംഗത്തിറങ്ങും.
ഐഎൻടിയുസിയെ എഐസിസി പോഷകസംഘടനയായി അംഗീകരിച്ചിട്ടുണ്ട്. 2009 മുതൽ സമരങ്ങളെല്ലാം അധ്യക്ഷ സോണിയ ഗാന്ധിയുടെ പിന്തുണയോടെയാണെന്നാണ്. ഐഎൻടിയുസിയെമാത്രം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി നാലുവർഷംമുമ്പ് വിളിച്ച ട്രേഡ് യൂണിയൻ യോഗത്തോട് സഹകരിക്കില്ലെന്ന് അറിയിച്ച് ആദ്യം കത്ത് നൽകിയത് സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ ആണ്. ആ സംഘടനയോട് സഹകരിച്ചാണ് പണിമുടക്കിയത്. സിഐടിയുവിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ ഒരു ദൃശ്യമാധ്യമ അവതാരകൻ മോശംഭാഷയിൽ പ്രതികരിച്ചപ്പോൾ അതിനെതിരായ പ്രതിഷേധത്തിൽ പങ്കുചേർന്നത് സ്വാഭാവികം. അതിന്റെ പേരിൽ തള്ളിപ്പറയുന്നത് അപമാനകരമാണെന്ന് ജില്ലാ പ്രസിഡന്റുമാർ ഓൺലൈൻ യോഗത്തിൽ വിമർശമുന്നയിച്ചു. അതിനിടയിൽ തിരുവനന്തപുരം കഴക്കൂട്ടത്തും ഐഎൻടിയുസിയുടെ നേതൃത്വത്തിൽ വി ഡി സതീശനെതിരെ പ്രതിഷേധ പ്രകടനമുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]