
പലതരം കള്ളന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാലും, ഇങ്ങനെയൊരു പലഹാരക്കള്ളിയെ കണ്ടുകാണില്ല. ഓസ്ട്രേലിയയിൽ നിന്നും മോഷണം പോയത് 10,000 ഡോനട്ടുകളടങ്ങിയ വാൻ. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ തുറമുഖ നഗരമായ ന്യൂകാസിലിലാണ് സംഭവം.
വിവിധ ഔട്ട്ലെറ്റുകളിലേക്ക് ഡോനട്ട് ഡെലിവറി ചെയ്യുന്നതിനായി പോകുന്ന വഴിയാണ് വാൻ മോഷ്ടിക്കപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുലർച്ചെ 3.30 ഓടെ വാനിന്റെ ഡ്രൈവർ വാൻ ഒരു സർവീസ് സ്റ്റേഷനിൽ പാർക്ക് ചെയ്തു. ആ നേരത്ത് ഒരു സ്ത്രീ വാനിൽ കയറി ഓടിച്ചുപോവുകയായിരുന്നുവത്രെ. നൈൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ഓസ്ട്രേലിയയിൽ ഈ ഒരു ഡോനട്ടിന്റെ വില ഏകദേശം $4 ആണ് (ഏകദേശം 333 രൂപ). ഇങ്ങനെ നോക്കുമ്പോൾ ഏകദേശം 33 ലക്ഷത്തിന്റെ ഡോനട്ടാണ് സ്ത്രീ മോഷ്ടിച്ചു കൊണ്ടുപോയിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസ് പൊലീസ് ഇപ്പോൾ ഡോനട്ടും കൊണ്ടുപോയിരിക്കുന്ന ഈ വാനിനായി തിരച്ചിൽ നടത്തുകയാണ്. ഒരു പ്രസ്താവനയിൽ പൊലീസ് പറഞ്ഞത് എന്തെങ്കിലും വിവരം കിട്ടുകയാണ് എങ്കിൽ 1800 333 000 എന്ന നമ്പറിൽ ബന്ധപ്പെടണം എന്നാണ്. Euronews പറയുന്നതനുസരിച്ച്, വാഹനം കടത്തിക്കൊണ്ട് പോയിരിക്കുന്നത് ഒരു സ്ത്രീയാണ്. 30 -കളുടെ തുടക്കത്തിലാണ് ഇവരുടെ പ്രായം എന്നാണ് കരുതുന്നത്. കറുത്തതോ തവിട്ടുനിറത്തിലുള്ളതോ ആയ നീളമുള്ള മുടിയാണിവർക്ക്. ഡാർക്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച ഇവരുടെ കയ്യിൽ വെള്ള ഹാൻഡ്ബാഗുണ്ടായിരുന്നു എന്നും പറയുന്നു.
വാഹനത്തിൽ ട്രാക്കിംഗ് ഉപകരണം ഘടിപ്പിക്കാത്തതിനാൽ തന്നെ കണ്ടെത്തൽ അൽപം പ്രയാസമാണ്. ക്രിസ്മസിന് വേണ്ടി ആ തീമിൽ തയ്യാറാക്കിയിരിക്കുന്ന ഡോനട്ടുമായിട്ടാണ് യുവതി കടന്നു കളഞ്ഞത്. കമ്പനിയായ ക്രിസ്പി ക്രീം പറയുന്നത് ഓർഡർ ചെയ്തവർക്കൊക്കെ എന്ത് തന്നെയായാലും ഡോനട്ട് എത്തിക്കും എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Nov 30, 2023, 8:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]