
കൊച്ചി
സംസ്ഥാന വ്യവസായ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങൾ 2021–-22 സാമ്പത്തിക വർഷത്തിൽ 3884.06 കോടി രൂപയുടെ വിറ്റുവരവ് എന്ന ചരിത്രനേട്ടം കൈവരിച്ചു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 562.69 കോടി രൂപയാണ് വർധിച്ചത്. 16.94 ശതമാനമാണ് വർധന. മൊത്തം പ്രവർത്തനലാഭം 384.60 കോടി രൂപയുമായി. കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തിലും പൊതുവിൽ മികച്ച പ്രകടനം നടത്തിയതിനാൽ പ്രവർത്തനലാഭം 273.38 കോടി രൂപയാണ് വർധിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 245.62 ശതമാനത്തിന്റെ വർധനയാണിതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇരുപതു സ്ഥാപനങ്ങളാണ് കഴിഞ്ഞ സാമ്പത്തികവർഷം പ്രവർത്തനലാഭം നേടിയത്. മുൻവർഷം ഇത് 16 കമ്പനികളായിരുന്നു. അഞ്ച് കമ്പനികൾ വിറ്റുവരവിലും പ്രവർത്തനലാഭത്തിലും സർവകാല റെക്കോഡ് രേഖപ്പെടുത്തി. 1058 കോടി രൂപയുടെ വിറ്റുവരവും 332.20 കോടി രൂപയുടെ പ്രവർത്തനലാഭവുമായി ചവറ കെഎംഎംഎല്‍ ഏറ്റവും മുന്നിലെത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇത്ര ഉയർന്ന പ്രവർത്തനലാഭം നേടുന്നതെന്ന് മന്ത്രി പറഞ്ഞു.
2015–16ൽ സംസ്ഥാന പൊതുമേഖലാ കമ്പനികളുടെ ആകെ ലാഭം 10 കോടിമാത്രമായിരുന്നു. അതിന്റെ 36 മടങ്ങാണ് ഇപ്പോൾ നേടിയിരിക്കുന്നത്. ടിസിസി, കെൽട്രോൺ, ട്രാവൻകൂർ ടൈറ്റാനിയം, കെൽട്രോൺ കംപോണന്റ് എന്നിവ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ട്രിവാൻഡ്രം സ്പിന്നിങ് മിൽ, ടെക്സ്സ്റ്റൈൽ കോർപറേഷൻ തുടങ്ങിയ ചില സ്ഥാപനങ്ങൾ നഷ്ടത്തിലാണെങ്കിലും ഇത്തവണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിറ്റുവരവ് നേടി.
പൊതുമേഖലയെ സംരക്ഷിക്കുക എന്ന നയമാണ് എക്കാലത്തും എൽഡിഎഫ് സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ചരിത്രത്തിൽ ആദ്യമായി മാസ്റ്റർപ്ലാൻ തയ്യാറാക്കൽ, തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തി ഉൽപ്പാദനക്ഷമത കൂട്ടാൻ നടപടികൾ സ്വീകരിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ ആ നയം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയാണ് സർക്കാർ. അതിന് കരുത്ത് പകരുന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രവർത്തനമെന്നും രാജീവ് പറഞ്ഞു. വ്യവസായ, വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ എം ജി രാജമാണിക്കം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]