
കൊച്ചി
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ മാപ്പുസാക്ഷി ജിൻസന്റെ ശബ്ദ സാമ്പിൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. കേസിലെ ഒന്നാംപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) സഹതടവുകാരനായിരുന്നു തൃശൂർ സ്വദേശി ജിൻസൺ.
ശനി രാവിലെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിച്ചാണ് സാമ്പിൾ ശേഖരിച്ചത്. ഇത് ഒരുമണിക്കൂറിലധികം നീണ്ടു. സാമ്പിൾ ശാസ്ത്രീയപരിശോധനയ്ക്ക് അയക്കും. ജയിലിൽനിന്ന് സുനി ജിൻസനോട് പുറത്തുനടക്കുന്ന കാര്യങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും ഫോണിൽ പറഞ്ഞിരുന്നു. ഈ ഫോൺസംഭാഷണം പിന്നീട് പുറത്തുവന്നു. ഇതിലേത് ജിൻസന്റെ ശബ്ദമാണെന്ന് ഉറപ്പിക്കാനാണ് ശബ്ദ സാമ്പിൾ ശേഖരിച്ചത്.
സുനിയുടെ ശബ്ദ സാമ്പിൾ നേരത്തേ ശേഖരിച്ചിരുന്നു.നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ അറിയാമെന്ന് സുനിയുടെ സംഭാഷണത്തിലുണ്ട്. കേസുമായി ബന്ധപ്പെട്ട് പത്രത്തിൽ വരുന്ന വിവരങ്ങൾമാത്രമാണ് അറിയാൻ സാധിക്കുന്നത്, എന്തൊക്കെയാണ് നടക്കുന്നത് എന്നാണ് സുനി ജിൻസനോട് ചോദിക്കുന്നത്. വിഷയം ഇപ്പോൾ വലിയ ചർച്ചയാണെന്നും പുനരന്വേഷണം നടക്കുന്നുവെന്നാണ് മാധ്യമങ്ങൾ പറയുന്നതെന്നുമായിരുന്നു ജിൻസന്റെ മറുപടി.
കേസിൽ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നൽകിയാൽ അഞ്ചുസെന്റ് ഭൂമിയും 25 ലക്ഷം രൂപയും നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചതായി ജിൻസൺ പരാതി നൽകിയിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരിയുടെ ഭർത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ഉടൻ ചോദ്യംചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]