
തൃശൂർ> നാടിൻവീഥികൾ തോരണങ്ങളാൽ ചെമ്പട്ടണിഞ്ഞു. നാട്ടിടങ്ങളാകെ ഇൻക്വിലാബിൻ ഈരടികൾ മുഴങ്ങി. ചെങ്കൊടികൾ വീശി ജനങ്ങളാകെ പ്രസ്ഥാനത്തെ നെഞ്ചൊടുചേർത്തു. പൊരിവെയിലിലും തളരാതെ നാളെയുടെ പ്രതീക്ഷയായ ചെമ്പതാക ചേർത്തുപിടിച്ച് അത്ലറ്റുകൾ കുതിച്ചു. സിപിഐ എം 23-ാം പാർടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിലെ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയുമേന്തിയ ജാഥയ്ക്ക് സാംസ്കാരിക തലസ്ഥാന നഗരിയായ തൃശൂർ ജില്ലയിൽ ഉജ്വല വരവേൽപ്പ്.
വയലാർ രക്തസാക്ഷി ഭൂമികയിൽ നിന്ന് പുറപ്പെട്ട ജാഥ ശനിയാഴ്ച രാവിലെ ഒമ്പതോടെ ജില്ലാ അതൃത്തിയായ കൊരട്ടി പൊങ്ങത്ത് എത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ജാഥാ ക്യാപ്റ്റനുമായ എം സ്വരാജിൽ നിന്ന് ജില്ലാ സെക്രട്ടറി എം എം വർഗീസ് പതാക ഏറ്റുവാങ്ങി. കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ ജാഥാക്യാപ്റ്റനെ മാലയിട്ട് സ്വീകരിച്ചു. ജാഥാക്യാപ്റ്റനേയും മാനേജർ സംസ്ഥാന കമ്മിറ്റി -അംഗം സി ബി ചന്ദ്രബാബുവിനെയും വിവിധ സംഘടനാ ഭാരവാഹികളും സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീൻ എംഎൽഎ, എം കെ കണ്ണൻ, മന്ത്രി ആർ ബിന്ദു, എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഗോപി കോട്ടമുറിക്കൽ തുടങ്ങിയവർ സ്വീകരിക്കാനെത്തി.
ചെണ്ടമേളം, മുത്തുക്കുടകൾ, ബാന്റ് സംഘം, കരിമരുന്നു പ്രയോഗം എന്നിങ്ങനെ ഉത്സവപ്രതീതിയോടെയാണ് വരവേറ്റത്. നൂറുക്കണക്കിന് അത്ലറ്റുകളും ഇരുചക്രവാഹനങ്ങളിലുള്ള റെഡ് വളണ്ടിയർമാരും അകമ്പടിയേകി. ജില്ലയിലേക്ക് ആനയിക്കും. പ്രധാന കവലകളിലെല്ലാം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും അഭിവാദ്യമേകി. തൃശൂർ ചട്ടിയങ്ങാടിയിലെ അഴീക്കോടൻ രക്തസാക്ഷി മണ്ഡപത്തിലുൾപ്പടെ നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ശനിയാഴ്ചയിലെ പര്യടനം വടക്കാഞ്ചേരിയിൽ സമാപിക്കും.. സമാപന പൊതുയോഗം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]