

First Published Nov 30, 2023, 7:12 PM IST
ജലദോഷം, ചുമ, കഫക്കെട്ട് പോലുള്ള അണുബാധകളുടെ കാലമാണിത്. പൊതുവെ മഞ്ഞുകാലം ഇങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഏറെ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാറുണ്ട്. പകരുന്ന തരത്തിലുള്ള ജലദോഷമോ ചുമയോ ആണെങ്കില്‍ പറയാനുമില്ല. ഒരു വീട്ടിലെ തന്നെ എല്ലാവരും ഇതുപോലുള്ള അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന അവസ്ഥയായിരിക്കും.
ചുമയ്ക്കും ജലദോഷത്തിനുമെല്ലാം ആന്റിബയോട്ടിക്സ് കഴിക്കാവുന്നതാണ്. എങ്കിലും താല്‍ക്കാലിക ആശ്വാസത്തിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന പൊടിക്കൈകളെ ആശ്രയിക്കുന്നവരും ഏറെയാണ്. ഇത്തരത്തില്‍ ചുമയുടെയോ ജലദോഷത്തിന്റെയോ എല്ലാം പ്രയാസങ്ങള്‍ മാറാൻ വേണ്ടി മിക്കവരും നിര്‍ദേശിക്കുന്നതാണ് ചുക്കുകാപ്പി. ഇതില്‍ ചേര്‍ക്കുന്നത് നമുക്കറിയാം കരിപ്പുകട്ടി, അല്ലെങ്കില്‍ ചക്കര എന്നൊക്കെ പറയുന്ന മധുരമാണ്.
ഇതേ മധുരം ഉപയോഗിച്ച് വെറുതെ ചായ വച്ച് കഴിക്കുന്നത് നല്ലതാണെന്നും ധാരാളം പേര് പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ എന്തുകൊണ്ടാണ് കരിപ്പുകട്ടി ചുമ പോലുള്ള പ്രശ്നങ്ങള്‍ക്ക് നല്ലതാണെന്ന് പറയുന്നതെന്ന് അധികപേര്‍ക്കും അറിയില്ല എന്നതാണ് സത്യം.
വാസ്തവത്തില്‍ കരിപ്പുകട്ടി നേരിട്ട് ചുമയെയോ ജലദോഷത്തെയോ ആക്കപ്പെടുത്തുന്നില്ല. എന്നുവച്ചാല്‍ നേരിട്ട് ഇത്തരം പ്രശ്നങ്ങള്‍ക്ക് പെടുന്നനെ ആശ്വാസമാവുകയല്ല. മറിച്ച് ഇതിനുള്ള പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളും ഒത്തുചേരുമ്പോള്‍ അത് ചുമ, കഫക്കെട്ട്, ജലദോഷം എന്നിങ്ങനെയുള്ള അണുബാധകള്‍ക്ക് ആശ്വാസമാവുകയാണ്. മാത്രമല്ല ശരീരത്തിന് ചൂട് പകരാനും രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താനുമെല്ലാം ഇത് സഹായിക്കും.
അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങി പല ധാതുക്കളുടെയും മികച്ച കലവറയാണ് കരിപ്പുകട്ടി. ഇവയെല്ലാം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിന് ചൂട് പകരാൻ കഴിവുള്ളൊരു വിഭവമെന്ന നിലയില്‍ പണ്ടുമുതലേ തണുപ്പുകാലങ്ങളില്‍ പഞ്ചസാരയ്ക്ക് പകരം നിര്‍ബന്ധമായും കരിപ്പുകട്ടി ഉപയോഗിച്ചുവന്നിട്ടുള്ളവരും ഏറെ.
പഞ്ചസാര പൊതുവില്‍ തന്നെ ശരീരത്തിന് വലിയ ഗുണങ്ങളേകാത്തൊരു വിഭവമാണ്. പഞ്ചസാരയ്ക്ക് പകരം പതിവായി കരിപ്പുകട്ടി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിശേഷിച്ചും ഇത് പതിവായി ഉപയോഗിക്കുമ്പോഴാണ് രോഗ പ്രതിരോധശേഷിയും മറ്റും മെച്ചപ്പെടുന്നത്. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാൻ ശേഷിയുമുള്ളതിനാല്‍ ഏതെങ്കിലും അസുഖം ബാധിക്കപ്പെട്ടിരിക്കുമ്പോള് അനുബന്ധമായി ദഹനക്കുറവ് നേരിടുന്ന സാഹചര്യത്തിലും കരിപ്പുകട്ടി വളരെയധികം സഹായകമാകുന്നു.
ചുമ, കഫക്കെട്ട് എല്ലാം പിടിപെടുമ്പോള്‍ വയറ്റിനകത്തും കഫം കുടുങ്ങി അത് മലബന്ധത്തിലേക്ക് നയിക്കാറുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനും കരിപ്പുകട്ടി സഹായിക്കുന്നു. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ചേരുവയാണിത്. കാരണം ഇത് കലോറി കുറയ്ക്കുന്നതിന് നമ്മെ സഹായിക്കുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Nov 30, 2023, 7:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]