
തൊടുപുഴ> ധീരജ് വധക്കേസിൽ ഇടുക്കി ജില്ലാ സെഷൻസ് കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം നടന്ന് 81 ദിവസം പൂർത്തിയാകുമ്പോഴാണ് കുറ്റപത്രം സമർപ്പിച്ചത്. കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എട്ടുപേരാണ് കേസിലെ പ്രതികൾ. ഇതിൽ ആറുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
പോക്കറ്റിൽ കരുതിയിരുന്ന മടക്കുപിച്ചാത്തി ഉപയോഗിച്ച് ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖിൽ പൈലി ആദ്യം അഭിജിത്തിനെയും തുടർന്ന് ധീരജിനെയും കുത്തി. ധീരജിന്റെ ഇടതുനെഞ്ചിൽ മൂന്നു സെന്റീമീറ്റർ ആഴത്തിൽ മുറിവുണ്ടായി ഹൃദയധമനികളെ ഭേദിച്ചതാണ് മരണകാരണം. അഭിജിത്തിന്റെ നെഞ്ചിലും മൂന്നു സെന്റീമീറ്റർ ആഴത്തിൽ മുറിവേറ്റു. അമലിന്റെ കഴുത്തിൽ താക്കോൽ ഉപയോഗിച്ചാണ് പ്രതികൾ കുത്തിയത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സംഘംചേരൽ, കൊലപാതകം, വധശ്രമം, മർദ്ദനം, തെളിവ് നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 1600 ലേറെ പേജുകളുള്ള കുറ്റപത്രം ആറ് വാല്യങ്ങളായാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ കുറ്റപത്രം സമർപ്പിച്ചത്. ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ, നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി, ജസിൻ ജോയി, അലൻബേബി എന്നിവരാണ് രണ്ടുമുതൽ എട്ടുവരെ പ്രതികൾ. ഇവർ നിലവിൽ ജാമ്യത്തിലാണ്. കേസിൽ 143 സാക്ഷികളാണുള്ളത്. തൊണ്ടിമുതലുകളോടൊപ്പം 85 ഓളം പ്രമാണങ്ങളും കേസിൽ തെളിവായി ഹാജരാക്കി. ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്റ്റിലായ ശേഷം ജാമ്യം നൽകിയിട്ടില്ല. ഇയാളുടെ ജാമ്യാപേക്ഷ 5ന് വാദം കേൾക്കുന്നതിനായി മാറ്റിയിട്ടുണ്ട്.
കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പ്രതികൾക്ക് കോടതി സമൻസ് അയക്കും. തുടർന്ന് വിചാരണനടപടികളിലേക്ക് കടക്കും. ധീരജ് കേസിന്റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.സുരേഷ് ബാബു തോമസിനെ സംസ്ഥാനസർക്കാർ നിയമിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]