

ലഖ്നൗ: ഹൊറർ സിനിമകളിൽ പോലും കണ്ട് പരിചയമില്ലാത്ത ദുരൂഹത നിറഞ്ഞ സംഭവത്തിന്റെ ചുരുളഴിച്ച് ഉത്തർ പ്രദേശ് പോലീസ്. വാരാണസിയിലെ ലങ്കയിൽ അമ്മയുടെ മൃതദേഹത്തിനൊപ്പം ഒരു വർഷമായി കഴിഞ്ഞു വന്നിരുന്ന സഹോദരിമാരെ പോലീസ് ഒടുവിൽ പണിപ്പെട്ട് കസ്റ്റഡിയിലെടുത്തു.
യുവതികളെ ഒരാഴ്ചയായി വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് ദുരൂഹതയുടെ ചുരുളഴിയുന്നത്.
കഴിഞ്ഞ ഡിസംബറിൽ യുവതികളുടെ അമ്മ മരിച്ചിരുന്നു. എന്നാൽ ഇവരുടെ മൃതദേഹം സംസ്കരിക്കാതെ മക്കൾ ഇതിന് കാവലിരിക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
രോഗബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന ഉഷ ത്രിപാഠി എന്ന 52 വയസ്സുകാരി കഴിഞ്ഞ വർഷമാണ് മരിച്ചത്. രണ്ട് വർഷം മുൻപ് ഇവരെ ഉപേക്ഷിച്ച് പോയ ഭർത്താവ് പിന്നീട് മടങ്ങി വന്നിട്ടില്ലെന്ന് പോലീസ് കണ്ടെത്തി.
ഇവരുടെ മക്കളായ പല്ലവി ത്രിപാഠി (27), വൈഷ്വിക് ത്രിപാഠി (18) എന്നിവരാണ് അമ്മയുടെ മൃതദേഹം സംസ്കരിക്കാതെ വീട്ടിനുള്ളിൽ പൂട്ടി വെച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പെൺകുട്ടികൾ പുറത്തിറങ്ങുന്നുണ്ടായിരുന്നില്ല. സംശയം തോന്നിയ അയൽക്കാർ വാതിലിൽ മുട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. തുടർന്നാണ് അവർ പോലീസിൽ വിവരമറിയിച്ചത്.
തുടർന്ന് പോലീസെത്തി വിശദമായ അന്വേഷണം നടത്തുകയായിരുന്നു. വീട്ടിലെത്തിയ പോലീസുകാർ ആദ്യം വാതിലിൽ മുട്ടി. പ്രതികരണം ഇല്ലാതിരുന്നപ്പോൾ വാതിൽ അകത്ത് നിന്നും പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലാക്കി. തുടർന്ന് പൂട്ട് പൊളിച്ച് പോലീസ് അകത്ത് കടക്കുകയായിരുന്നു.
അകത്ത് കടന്ന പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഉഷയുടെ അഴുകി ജീർണ്ണിച്ച മൃതദേഹം നിലത്ത് കിടക്കുന്നു. അതേ മുറിയിൽ തന്നെ, മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു പെൺകുട്ടികൾ. പോലീസ് നിർബന്ധിച്ചിട്ടും അവർ അവിടെ നിന്നും അനങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് ഇരുവരെയും ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പെൺകുട്ടികളെ വൈദ്യപരിശോധനക്ക് വിധേയരാക്കി. ഇവരുടെ മനശാസ്ത്ര പരിശോധനാ ഫലം പുറത്ത് വരാനുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.