

വയനാട്: ഒരു കടയിൽ രണ്ടാഴ്ചയ്ക്കിടെ കള്ളൻ കയറിയത് മൂന്ന് തവണ. മൂർപ്പനാട് സ്വദേശി ജോയിയുടെ കടയിലാണ് തുടർച്ചയായി കള്ളൻ മോഷണം നടത്തുന്നത്. മൂന്ന് തവണയും ഒരാൾ തന്നെയാണ് മോഷണം നടത്തിയിരിക്കുന്നത്. 15,000 രൂപയുടെ സാധനങ്ങളാണ് കള്ളൻ കടയിൽ നിന്ന് പലപ്പോഴായി മോഷ്ടിച്ചത്.
കള്ളന്റെ ശല്യം കാരണം പൊറുതിമുട്ടിയ കടയുടമ ഒരു കുറിപ്പ് വയ്ക്കുകയായിരുന്നു. ‘മോഷ്ടാവെ ഉപദ്രവിക്കരുത് പ്ലീസ് ജീവിച്ച് പോകട്ടെ’, എന്നായിരുന്നു കുറിപ്പ്. ഈ മാസം ഏഴിനായിരുന്നു ആദ്യ മോഷണം നടന്നത്. കടയോട് ചേർന്ന് ജോയി ഒരു നഴ്സറിയും നടത്തുന്നുണ്ട്. ആദ്യം മോഷണം നടത്തിയ ദിവസം കുറച്ച് അലങ്കാര മത്സ്യങ്ങളെയാണ് പ്രതി മോഷ്ടിച്ചത്.
എന്നാൽ രണ്ടാം തവണയാണ് കടയുടമ ഞെട്ടിയത്. 15,000 രൂപ വിലമതിക്കുന്ന സാധനങ്ങൾ കള്ളൻ കവർന്നു. 19 -നാണ് മൂന്നാമത്തെ മോഷണം നടന്നത്. ഇത്തവണ സിഗരറ്റ്, മിഠായി എന്നിവ കവർന്നു. ഒപ്പം കടയിലുണ്ടായിരുന്ന പണവും മൂന്നാം തവണ കള്ളൻ കവർന്നു. ആദ്യത്തെ രണ്ട് തവണ അർദ്ധരാത്രിയും, മൂന്നാമത്തെ തവണ രാത്രി ഒൻപത് മണിയോടെയുമാണ് മോഷണം നടന്നത്.
കള്ളന്റെ ശല്യം കാരണം പൊറുതിമുട്ടിയ കടയുടമയും നാട്ടുകാരും പറയുന്നത്, എന്ത് പ്രശ്നമുണ്ടെങ്കിലും പറഞ്ഞു തീർക്കണം. ഇങ്ങനെ മോഷ്ടിച്ചു തീർക്കരുത് എന്നാണ്. സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മുഖം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.