
ആലൂര് (ബംഗളൂരു) – ബാറ്റിംഗ് നിര പരാജയപ്പെട്ടെങ്കിലും വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ത്രിപുരക്കെതിരായ മത്സരത്തില്‍ ബൗളര്‍മാര്‍ കേരളത്തെ രക്ഷിച്ചു. അഖില്‍ സ്കറിയ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചതോടെ 119 റണ്‍സിനാണ് കേരളം ജയിച്ചത്.
അഖിലും അതിഥി താരം ശ്രേയസ് ഗോപാലും ആറാം വിക്കറ്റില്‍ നേടിയ 59 റണ്‍സാണ് 47.1 ഓവറില്‍ 231 ലെത്താന്‍ കേരളത്തെ സഹായിച്ചത്. പിന്നീട് ഇരുപത്തഞ്ചുകാരന് മൂന്നു വിക്കറ്റെടുത്തതോടെ (6-1-11-3) ത്രിപുര 27.5 ഓവറില്‍ 112 ന് ഓളൗട്ടായി. അഖിന് സത്താര്‍ (7-1-27-3), വൈശാഖ് ചന്ദ്രന് (4-0-14-2) എന്നിവര്‍ അഞ്ചു വിക്കറ്റ് പങ്കുവെച്ചു. ശ്രേയസ് ഗോപാലിന് ഒരു വിക്കറ്റ് കിട്ടി (1.5-0-13-1).
ആദ്യം ബാറ്റ് ചെയ്ത കേരളം മികച്ച തുടക്കത്തിന് ശേഷമാണ് വിക്കറ്റ് തുലച്ചത്. മുഹമ്മദ് അസ്ഹറുദ്ദീനും (61 പന്തില്‍ 58) രോഹന് കുന്നുമ്മലും (70 പന്തില്‍ 44) ഓപണിംഗ് വിക്കറ്റില്‍ 20 ഓവറില്‍ 95 റണ്‍സിന്റെ അടിത്തറയിട്ടതായിരുന്നു. ഇരുവരും തുടരെ പുറത്തായ ശേഷം സചിന് ബേബി (20 പന്തില്‍ 14), ക്യാപ്റ്റന്‍ സഞ്ജു സാംസണ് (1), വിഷ്ണു വിനോദ് (2) എന്നിവര്‍ ക്രീസ് സന്ദര്‍ശിച്ച് മടങ്ങി. അഞ്ചിന് 135 ലേക്ക് ടീം തകര്‍ന്നു. അഖില്‍, ശ്രേയസ് (38 പന്തില്‍ 41), അബ്ദുല്‍ ബാസിത് (11), ബെയ്സില്‍ തമ്പി (22 പന്തില്‍ 23) എന്നിവരാണ് സ്കോര്‍ 200 കടത്തിയത്.
അവസാനം പുറത്തായ രജത് ഡേ ഒഴികെ (34 പന്തില്‍ 46) ആര്‍ക്കും ത്രിപുര നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. രജത് അഞ്ച് സിക്സറും ഒരു ബൗണ്ടറിയുമടിച്ചു.
ഗ്രൂപ്പ് എ-യില്‍ നാലു കളികളില്‍ കേരളത്തിന്റെ മൂന്നാം ജയമാണ് ഇത്. വെള്ളിയാഴ്ച സിക്കിമുമായി മത്സരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
