
പൊരിച്ച മീനിന്റെ പേരിൽ ലോകത്ത് ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്ത ഒരാൾ ഒരുപക്ഷേ മലയാളം നടി റിമ കല്ലിങ്കലായിരിക്കും. റിമ കല്ലിങ്കൽ പറഞ്ഞ പൊരിച്ച മീനിന്റെ രാഷ്ട്രീയം മാത്രം പലർക്കും മനസിലായില്ല. വീട്ടിൽ മീൻ പൊരിച്ചാൽ സഹോദരനാണ് നല്ല പങ്ക് കിട്ടിയിരുന്നത് എന്നായിരുന്നു നടിയുടെ പരാമർശം. എന്നാൽ, അതിലൂടെ അവർ വ്യക്തമാക്കാൻ ശ്രമിച്ച സ്ത്രീ-പുരുഷ അസമത്വം മാത്രം അധികമാർക്കും പിടികിട്ടിയില്ല. ഇപ്പോഴിതാ അതുപോലെ തന്നെ ചിക്കൻപീസിന്റെ കാര്യം പറഞ്ഞതിന്റെ പേരിൽ ഒരു ഇൻഫ്ലുവൻസർ വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയുമാണ്.
കണ്ടന്റ് ക്രിയേറ്ററും ഇൻഫ്ലുവൻസറുമായ റിദാ തരാനയാണ് ചിക്കൻ പീസിന്റെ പേരിൽ ഓൺലൈനിൽ വലിയ തരത്തിൽ പരിഹസിക്കപ്പെടുന്നത്. എങ്ങനെയാണ് നല്ല ഇറച്ചിക്കഷ്ണങ്ങൾ വീട്ടിലെ പുരുഷന്മാർക്ക് വേണ്ടി മാറ്റിവയ്ക്കപ്പെടുന്നത് എന്നതായിരുന്നു റിദയുടെ പരാമർശം. ‘നമ്മുടെ വീട്ടിലേക്ക് ഒരു പുരുഷൻ വരുന്നുണ്ടെങ്കിൽ നമ്മളവർക്ക് ഭക്ഷണം വയ്ക്കുന്നുണ്ടെങ്കിൽ അവരാദ്യം കഴിക്കട്ടെ, അവരാദ്യം കഴിച്ചു തീർക്കട്ടെ എന്നാണ് നമ്മൾ കരുതുക. നല്ല ചിക്കൻ പീസെല്ലാം അവർക്ക് വേണ്ടി മാറ്റിവച്ചിരിക്കും, നല്ല മീൻ അവർക്കുവേണ്ടി മാറ്റി വച്ചിരിക്കും. ഇതെന്തുകൊണ്ടാണ് എന്ന് ഞാൻ എല്ലായ്പ്പോഴും ചിന്തിച്ചിട്ടുണ്ട്’ എന്നായിരുന്നു റിദ പറഞ്ഞത്.
ഇത്തരം ശീലങ്ങളെ ചോദ്യം ചെയ്ത റിദ എന്തുകൊണ്ടാണ് വീട്ടിലെ സ്ത്രീകൾ ആദ്യം ഭക്ഷണം കഴിക്കാത്തത് എന്ന ചോദ്യവും ഉന്നയിക്കുന്നു. ‘എന്തുകൊണ്ടാണ് സ്ത്രീകൾ ആദ്യം ഭക്ഷണം കഴിക്കാത്തത്. അവർ ഭക്ഷണം തയ്യാറാക്കുന്നു. എന്നിട്ടും അവർ കഴിക്കാതെ അത് പുരുഷന്മാർക്ക് വേണ്ടി മാറ്റിവയ്ക്കപ്പെടുന്നു. എന്തുകൊണ്ടാണിത്’ എന്നാണ് റിദയുടെ ചോദ്യം.
എന്നാൽ, റിദ പറഞ്ഞതിലെ പ്രശ്നം മനസിലാക്കാൻ ഈ സമൂഹം ഇനിയും പാകപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് അവർക്ക് നേരെ ഉയർന്ന വിമർശനങ്ങളും പരിഹാസങ്ങളും തെളിയിക്കുന്നത്. ഗ്യാസ് സിലിണ്ടർ എടുക്കുന്നത് പുരുഷനല്ലേ? തുടങ്ങിയ സില്ലി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് പലരും ഇതിന് കമന്റുകളിട്ടത്. ചിലരാവട്ടെ, ഇതെല്ലാം സ്നേഹവും കരുതലും കൊണ്ട് സംഭവിക്കുന്നതാണ് എന്നാണ് പറഞ്ഞത്. ഒപ്പം റിദയെപ്പോലുള്ള ഫെമിനിസ്റ്റുകൾക്ക് ഇതൊന്നും പറഞ്ഞാൽ മനസിലാവില്ല തുടങ്ങി കാലാകാലങ്ങളായി പറയുന്ന ചില കാരണങ്ങളും ചിലർ കമന്റായി നൽകി.
ഏതായാലും, അന്ന് പൊരിച്ച മീനിന്റെ രാഷ്ട്രീയം പറഞ്ഞതിന് റിമയും ഇന്ന് ചിക്കൻപീസിന്റെ കാര്യം പറഞ്ഞതിന് റിദയും വലിയ തരത്തിൽ ട്രോൾ ചെയ്യപ്പെടുകയാണ്. അതിനകത്തെ രാഷ്ട്രീയം മനസിലാകുന്നവർ ഇന്നും ചുരുക്കമാണ് എന്ന് അർത്ഥം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Nov 29, 2023, 4:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]