
അബിഗേലിനെ തട്ടിക്കൊണ്ടുപോയത് ഒരു സ്ത്രീയുടെ ക്വട്ടേഷനിലെന്ന് സൂചന ; കുട്ടിയുടെ മാതാപിതാക്കൾ നഴ്സിംഗ് സംഘടനാ നേതാക്കൾ ; കുട്ടിയുടെ മാതാപിതാക്കളോടുള്ള വൈരാഗ്യമോ ക്രൂരകൃത്യത്തിലേക്ക് കലാശിച്ചത്…; സംഭവത്തിനു പിന്നിൽ സംഘടനയിലെ പ്രശ്നങ്ങളും ചില സാമ്പത്തിക, റിക്രൂട്ട്മെന്റ് ഇടപാടുകളും സംശയിച്ച് പോലീസ്; ഏത് പ്രശ്നമാണ് തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയതെന്ന് കണ്ടെത്താനുള്ള പരിശ്രമത്തിൽ പോലീസ്
സ്വന്തം ലേഖകൻ
കൊല്ലം: ആറുവയസുകാരി അബിഗേൽ സാറയെ കാറിലെത്തി തട്ടിക്കൊണ്ടുപോവാൻ ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് പോലീസ് സംശയിക്കുന്നു. കൊല്ലത്തെ ഒരു ഗുണ്ടാസംഘത്തിനായിരുന്നു ക്വട്ടേഷനെന്നും കുട്ടിയെ തട്ടിയെടുത്തശേഷം ഇവരും ക്രിമിനൽ സംഘത്തിനൊപ്പം ഉണ്ടായിരുന്നെന്നും സൂചന.
കുട്ടിയുടെ മാതാപിതാക്കളോടുള്ള വൈരാഗ്യമാണ് ക്രൂരകൃത്യത്തിലേക്ക് കലാശിച്ചത്. ഇവരും നഴ്സാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതിനിടെ, തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാനപ്രതിയായ കൊല്ലം പെരിനാട് കുഴിയം സ്വദേശി അറസ്റ്റിലായെന്നും സൂചനയുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുഞ്ഞിന്റെ മാതാപിതാക്കൾ നഴ്സുമാരും, നഴ്സുമാരുടെ ആഗോള സംഘടനയിലെ ഭാരവാഹികളുമാണ്. പിതാവ് സംഘടനയുടെ ജില്ലാ പ്രസിഡന്റ് പദവിയിലാണ്. നാലു ലക്ഷം നഴ്സുമാരുള്ള ഈ സംഘടന അടുത്തിടെ കോടികളുടെ സാമ്പത്തിക ക്രമക്കേടിലടക്കം ആരോപണം നേരിട്ടിരുന്നു.
സംഘടനയുടെ ഒരു ഭാരവാഹിക്കെതിരേ പോലീസ് കേസുമുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഈ കേസുമായി ബന്ധമില്ലെങ്കിലും, സംഘടനയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളടക്കം തട്ടിക്കൊണ്ടുപോകൽ ക്വട്ടേഷന് പിന്നിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു. അടുത്തകാലം വരെ വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന സംഘവുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നതായും റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ പിന്നീട് ഗുരുതര സ്വഭാവത്തിലുള്ളതായി മാറിയെന്നും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.
ക്വട്ടേഷൻ നൽകിയവർക്ക് പിണഞ്ഞ ചതിയുടെ പ്രതികാരമാണോ കുട്ടിയെ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പ്രധാന സംശയം. ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കപ്പെടുന്ന സ്ത്രീയാണോ ഇത്തരമൊരു ചതിയിൽ കുടുങ്ങിയതെന്നും അന്വേഷിക്കുന്നു. വിദേശത്തേക്ക് നഴ്സുമാർക്ക് ജോലിയിൽ പ്രവേശിക്കാനുള്ള യോഗ്യതാ പരീക്ഷയുമായി ബന്ധപ്പെട്ടും ചില ആരോപണങ്ങളുയരുന്നുണ്ട്.
യൂറോപ്പിലടക്കം നഴ്സുമാർക്ക് ജോലിക്ക് നിർബന്ധമായും പാസാവേണ്ട ഈ പരീക്ഷയിൽ ചില കൃത്രിമം നടന്നെന്നും അതേച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരുന്നെന്നുമാണ് ആക്ഷേപം. ഇതേച്ചൊല്ലി ഒരു മാസത്തിനുള്ളിൽ പിതാവുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും വിവരമുണ്ട്.
എന്നാൽ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്. ആഗോളതലത്തിൽ നടക്കുന്ന ഈ പരീക്ഷ സ്വകാര്യ ഏജൻസിയാണ് നടത്തുന്നത്. കേരളത്തിനു പുറത്തെ ചില സെന്ററുകളിൽ പരീക്ഷയെഴുതുന്നവർ വിജയിക്കുന്നതായും കേരളത്തിലെ സെന്ററുകളിൽ എഴുതുന്ന ഭൂരിഭാഗം പേരും പരാജയപ്പെടുന്നതായും നേരത്തേ പരാതികളുണ്ടായിരുന്നു.
ഒരു തവണ പരീക്ഷയെഴുതാൻ കാൽ ലക്ഷത്തോളം രൂപ ചെലവുണ്ട്. ആയിരക്കണക്കിന് നഴ്സുമാരാണ് യൂറോപ്പിലേക്ക് പോവാൻ ഈ പരീക്ഷയെഴുതുന്നത്. ഇതിൽ കൃത്രിമം നടന്നെന്ന ആക്ഷേപം ആഴത്തിൽ അന്വേഷിക്കേണ്ടതാണെന്ന നിലപാടിലാണ് പോലീസ്.
സംഘടന, റിക്രൂട്ട്മെന്റ്, പരീക്ഷാ ക്രമക്കേട് തുടങ്ങിയ വിവിധ സാദ്ധ്യതകളാണ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച അർദ്ധരാത്രിയിൽ മൂന്ന് മണിക്കൂറിലേറെ കുട്ടിയുടെ പിതാവിനെ പോലീസ് ചോദ്യംചെയ്തിരുന്നു. ചൊവ്വാഴ്ച വീണ്ടും വിശദമായി ചോദ്യം ചെയ്യവേയാണ് കുഞ്ഞിനെ ആശ്രാമം മൈതാനത്ത് നിന്ന് കിട്ടിയ വിവരമറിയുന്നത്.
തട്ടിക്കൊണ്ടുപോകലിന് പിന്നിലുള്ളവരെ കണ്ടെത്താൻ മാതാപിതാക്കളുടെ സഹായം അത്യാവശ്യമാണെന്ന് പോലീസ് പറയുന്നു. കുട്ടിയെ തിരികെ കിട്ടിയ സ്ഥിതിക്ക് ഇനി അവർ അന്വേഷണവുമായി പൂർണതോതിൽ സഹകരിക്കുമോയെന്നും ഉറപ്പില്ല. മാതാപിതാക്കളുടെ ഫോൺ വിവരങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ വിശകലനം ചെയ്ത് ഏത് പ്രശ്നമാണ് തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയതെന്ന് കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]