പ്രഭാസ് നായകനായെത്തുന്ന സലാറിനെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി സംവിധായകൻ പ്രശാന്ത് നീൽ. സലാർ തന്റെ മുൻചിത്രങ്ങളെപ്പോലെയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ ഒന്നിന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുമെന്നും സംവിധായകൻ വ്യക്തമാക്കി. ഒരു അഭിമുഖത്തിലായിരുന്നു പ്രശാന്ത് നീലിന്റെ പ്രതികരണം. സലാറും കെ.ജി.എഫും എങ്ങനെ വ്യത്യസ്തമാകുന്നുവെന്നും പ്രശാന്ത് നീൽ ചൂണ്ടിക്കാട്ടി.
‘ശത്രുക്കളായി മാറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. സലാറിന്റെ കാതലായ വികാരം സൗഹൃദമാണ്. ആദ്യഭാഗമായ ‘സലാർ: പാർട്ട് വൺ: സീസ് ഫയറി’ൽ പകുതി കഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്ര കാണിക്കുകയാണ്. ഡിസംബർ ഒന്നിന് പുറത്തിറങ്ങുന്ന ട്രെയിലറിൽ സലാറിനായി ഞങ്ങൾ ഒരുക്കിയ ലോകത്തിന്റെ ഒരു ഗ്ലിംസ് പ്രേക്ഷകർക്ക് കാണാനാകും.
കെ.ജി.എഫിന്റേയും സലാറിന്റേയും കഥകൾ വ്യത്യസ്തമാണ്, വികാരങ്ങൾ വ്യത്യസ്തമാണ്, കഥ പറയുന്ന രീതിയും വ്യത്യസ്തമാണ്. സലാറിൽ നിന്ന് മറ്റൊരു കെ.ജി.എഫ് പ്രേക്ഷകർ പ്രതീക്ഷിക്കരുത്. സലാറിന് അതിന്റേതായ ഒരു ലോകമുണ്ട്. ഈ ചിത്രത്തിന് ഇതിന്റേതായ കഥാപാത്രങ്ങളും വികാരങ്ങളുമുണ്ട്. ആദ്യ രംഗം മുതൽ തന്നെ ഞങ്ങൾ സലാറിന്റെ ടോൺ സെറ്റ് ചെയ്തിട്ടുണ്ട്’, പ്രശാന്ത് നീൽ പറഞ്ഞു. ചിത്രത്തിലെ പ്രഭാസിന്റെ പ്രകടനത്തെ പ്രശംസിക്കാനും സംവിധായകൻ മറന്നില്ല.
ഭുവൻ ഗൗഡ ഛായാഗ്രാഹണം നിർവഹിക്കുന്ന സലാറിൽ ശ്രുതി ഹാസനാണ് നായിക. വിജയ് കിരാഗണ്ടൂരിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]