രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കാൻ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയ ‘ആഗ്ര’ ഉൾപ്പടെ നാല് ഇന്ത്യൻ ചിത്രങ്ങൾ. പുരുഷ ലൈംഗിക ചോദനയുടെ ഇന്ത്യൻ യാഥാർഥ്യങ്ങളാണ് ഹിന്ദി ചിത്രം ആഗ്ര പങ്കുവയ്ക്കുന്നത്. കനുബേലാണ് മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട ആഗ്രയുടെ സംവിധായകൻ.
വിഭവസമൃദ്ധമായ മധ്യ ഇന്ത്യൻ വനങ്ങളുടെ ഉള്ളറകളിലേക്ക് ഗോത്രവർഗക്കാരുടെ ജീവിതം കാണാനെത്തുന്ന നായകൻ്റെ കഥപറയുന്ന ലുബ്ധക് ചാറ്റർജി ചിത്രം വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ, മലയാള ചിത്രങ്ങളായ തടവ്, ഡോൺ പാലത്തറയുടെ ഫാമിലി എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ഇന്ത്യൻ ചിത്രങ്ങൾ.
സമകാലിക ഇന്ത്യയിലെ വ്യക്തിബന്ധങ്ങളുടെ സങ്കീർണതകളും വൈരുധ്യങ്ങളും സോണി എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡോൺ പാലത്തറയുടെ ഫാമിലി. വിനയ് ഫോർട്ടാണ് ചിത്രത്തിലെ നായകൻ. ഏകാകിയും രോഗിയും ആലംബഹീനയുമായ ഗീത, തടവുകാർക്ക് ലഭിക്കുന്ന സൗജന്യ ചികിത്സ നേടാൻ വേണ്ടി നടത്തുന്ന കുറ്റകൃത്യമാണ് ഫാസിൽ റസാഖിന്റെ തടവ് പ്രമേയമാക്കുന്നത്.
ഡീഗോ ഡെൽ റിയോ ഒരുക്കിയ സ്പാനിഷ് ചിത്രം ഓൾ ദി സൈലെൻസ്, ടോട്ടം എന്നിവയാണ് ഈ വിഭാഗത്തിലെ സ്പാനിഷ് ചിത്രങ്ങൾ. മുത്തച്ഛൻ്റെ വീട്ടിൽ ദിവസം ചിലവഴിക്കാനെത്തുന്ന സോൾ എന്ന ബാലികയുടെ ജീവിതാനുഭവങ്ങളാണ് ടോട്ടം പ്രമേയമാക്കുന്നത്. എഡ്ഗാർഡോ ഡീലെക്ക്, ഡാനിയൽ കസബെ എന്നിവർ ചേർന്നൊരുക്കിയ അർജൻ്റീനിയൻ ചിത്രം സതേൺ സ്റ്റോം, പേർഷ്യൻ ചിത്രം അക്കില്ലസ്, അസർബൈജാൻ ചിത്രം സെർമോൺ ടു ദി ബേഡ്സ്, ഉസ്ബെക്കിസ്ഥാൻ ചിത്രം സൺഡേ, പോർച്ചുഗീസ് ചിത്രം പവർ ആലി, പ്രിസൺ ഇൻ ദി ആൻഡീസ്, കസാഖിസ്ഥാൻ ചിത്രം ദി സ്നോ സ്റ്റോം എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]