മാത്രവുമല്ല നായകനും അവരുടെ കുടുംബവും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് എപ്പോഴും അതിനു കാരണക്കാരായ കുറെ വില്ലന്മാരുമുണ്ടാവുമല്ലോ. എന്നാല്‍ കാതലില്‍ ആ കറുപ്പ്-വെളുപ്പ ദ്വന്ദമില്ല. പക്ഷെ അപ്പോഴും ഒരു ക്വീര്‍ മനുഷ്യനായ ഇടതുപക്ഷക്കാരനെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്തെ മനുഷ്യര്‍ വിജയിപ്പിക്കുമെന്നത് റിയാലിറ്റിയുമായി ചേരാത്ത കാര്യമാണെന്ന തോന്നലോ സംശയമോ ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ലേ. സിനിമയിലെ നാടു പോലെ ഇത്ര നല്ല മനുഷ്യര്‍ മാത്രമുള്ളതോ നമ്മുടെ നാട്?.
സിനിമയിലെ നാട് അത്ര നല്ല പ്രദേശമായിട്ടൊന്നുമല്ല അവതരിപ്പിച്ചത്. ആര്‍സി കൃസ്ത്യാനിയായ മാത്യുവിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരഞ്ഞടുക്കുകയാണ് പാർട്ടി. അതും ജയിക്കാനായി. മതത്തിലേക്ക് ചുരുങ്ങുന്ന പാർട്ടിയെയും അങ്ങനൊരു നാടുമാണ് കാണിച്ചത്. നിരന്തരം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളൊരാള്‍ക്ക് കിട്ടേണ്ട സ്ഥാനാർഥിത്വമാണ് ആര്‍സി ക്രിസ്ത്യാനിയായ സ്വീകാര്യനായ വ്യക്തി എന്ന നിലയില്‍ മാത്യുവിലേക്ക് വന്നുചേരുന്നത്. ആ അര്‍ഥത്തില്‍ ആ നാടു തന്നെ ശരിയല്ല. അവിടത്തെ ഇടതുപക്ഷ രാഷ്ട്രീയവും ശരിയല്ല എന്നാണ് സിനിമ കാണിക്കുന്നത്.
ഇനി സ്വവര്‍ഗാനുരാഗിയായ ഒരാള്‍ അത്തരം ഒരു പ്രദേശത്ത് ജയിക്കുമോ എന്ന ചോദിച്ചാല്‍ ജയിക്കാന്‍ പാടാണ്. പക്ഷെ എനിക്ക് മാത്യു ജയിക്കണമായിരുന്നു. സ്വവര്‍ഗാനുരാഗിയായ എല്‍ജിബിടി കമ്മ്യൂണിറ്റിയിലെ ഒരു വ്യക്തി ജയിച്ചു കാണണമെന്ന എന്റെ ആഗ്രഹമാണ് ഞാന്‍ കാണിച്ചത്. അതാ കമ്മ്യൂണിറ്റിക്ക് നല്കുന്ന ഒരു പ്രതീക്ഷയാണ്.
സിനിമയെന്നത് മനുഷ്യനെ എന്റര്‍ടൈന്‍ ചെയ്യാനുള്ളതാണ് സന്ദേശം നല്‍കാനുള്ളതല്ല എന്ന ഒരു അഭിപ്രായം പല സിനിമാക്കാരും പറഞ്ഞുകേട്ടിട്ടുണ്ട്. ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും’, ‘കാതലും’ കണ്ട പ്രേക്ഷക എന്ന നിലയ്ക്ക് ജിയോ ബേബിയുടെ പൊളിറ്റിക്കല്‍ എക്സ്പ്രഷന്‍ നടത്താനുള്ള വേദികൂടിയാണ് സിനിമയെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ജിയോ ബേബിയെ സംബന്ധിച്ച് എന്താണ് സിനിമ…..
എന്നെ സംബന്ധിച്ച് സിനിമ എന്റര്ടെയ്ന്മെന്റാണ്. മനുഷ്യര്‍ക്ക് ആസ്വദിക്കാനുള്ളതാണ് സിനിമ. അവരുടെ ഹൃദയത്തില്‍ തൊടുന്ന ചില വിഷയങ്ങളെ ഞാന്‍ സ്പര്‍ശിക്കുന്നൂ എന്നേയുള്ളൂ.. സന്ദേശം ഉണ്ടാവുക എന്നത് സംഭവിച്ചു പോവുന്നതാണ്. മനപ്പൂര്‍വം സന്ദേശമുള്ള സിനിമ എടുക്കുന്നതല്ല.
ത്രില്ലര്‍ അല്ലെങ്കില്‍ തമാശപ്പടം ഇതൊക്കെ ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നുണ്ട്. ഒരു ഫിലിം മേക്കര്‍ എന്ന നിലക്ക് വ്യത്യസ്തമായ സിനിമകളുണ്ടാക്കുക എന്നേ ഞാന്‍ ആലോചിക്കുന്നുള്ളൂ. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് സിനിമക്കു ശേഷം അത്തരം ലൗഡ് ആയി കാര്യങ്ങള്‍ പറയുന്ന സിനിമ അടുത്തു തന്നെ ചെയ്യില്ലെന്നതായിരുന്നു തീരുമാനം. എന്നാല്‍ അവസാനം ചെന്നെത്തിയപ്പോൾ ഇങ്ങനെയായി.. സമൂഹവും ചുറ്റുപാടുമൊക്കെ നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടാവാം ഇത്തരം വിഷയങ്ങളിലെല്ലാം ചെന്നുചേരുന്നത്.
സിനിമ എന്നത് താങ്കളെ സംബന്ധിച്ച് ആസ്വദിക്കാനുള്ളതാണെന്ന് പറഞ്ഞല്ലോ. പൊളിടിക്സ് പറയാനായി സന്ദേശം നല്‍കാനായി സിനിമ ചെയ്യുക എന്നതല്ല പകരം ചെയ്യുന്ന സിനിമകള്‍ സ്ത്രീവിരുദ്ധവും പുരോഗമന വിരുദ്ധവും അരാഷ്ട്രീയവും ആവാതിരിക്കുക എന്നതിലാണ് ശ്രദ്ധ എന്നാണോ…
തീര്‍ച്ചയായും അത് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. ഏതു തരം സിനിമ ചെയ്യുമ്പോഴും, ആക്ഷന്സിനിമയാവട്ടെ ത്രില്ലര്‍ സിനിമയാവട്ടെ ഈ പറഞ്ഞത് ബാധകമാണ്. മോശമായ മനുഷ്യരും കഥാപാത്രങ്ങളും സിനിമയിലുണ്ടാവാം. എന്നാല്‍ അത് മനുഷ്യരെ മോശമായി സ്വാധീനിക്കരുതെന്ന നിര്‍ബന്ധമാണ് എനിക്കുള്ളത്.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് സിനിമയിലെ ജീവിതത്തിലെ എല്ലാ ഫ്രസ്ട്രേഷനും തുറന്ന് പ്രകടിപ്പിക്കുന്ന കഥാപാത്രത്തിന് വിരുദ്ധമായി ജ്യോതികയുടെ കഥാപാത്രം തന്റെ കുലീനത്വം കാത്തുസൂക്ഷിക്കുന്ന സര്‍വം സഹയായ കഥാപാത്രമാണെന്ന ചില വായനകള്‍ കണ്ടു. പ്രത്യേകിച്ചും ഇത്രയും നീതികേട് കാണിച്ച ഭര്‍ത്താവിനോടും അദ്ദേഹത്തിന്റെ അച്ഛനോടും കടമകള്‍ നിറവേറ്റുന്ന വീട്ടമ്മയെന്നത് അസ്വാഭാവികമായും ചിലർക്ക് അനുഭവപ്പെട്ടതായി വായിച്ചു.. ഫെമിനിസ്റ്റ് പെര്സ്പെക്ടീവിലെ ഈ വിമര്‍ശനത്തെ ജിയോ ബേബി എങ്ങനെ കാണുന്നു….
ഓമന കുലീനത്വ കാത്തു സൂക്ഷിക്കുന്ന കുടുംബത്തിന്റെ അന്തസ്സിന് വേണ്ടി ജീവിക്കുന്ന ഭര്‍ത്താവിനും അദ്ദേഹത്തിന്റെ വീടിനും വേണ്ടി എന്തും സഹിക്കുന്ന ഒരു സ്ത്രീ തന്നെയായിരുന്നു. അതിനാലാണ് 20 വര്‍ഷവും അവരങ്ങനെ തന്നെ ജീവിച്ചത്. പുസ്തകങ്ങളുമായുള്ള നിരന്തര ഇടപഴകല്‍ അവരെ മാറ്റിയിട്ടുണ്ടാവാം. അവരെ ശാക്തീകരിച്ചിട്ടുണ്ടാവാം. വിവാഹം കഴിഞ്ഞ ശേഷം പ്രശ്നങ്ങള്‍ മനസ്സിലാക്കിയ ഓമന അവളുടെ ചാച്ചന്റെ സഹായം തേടി. ചാച്ചന് സമ്മതിക്കുന്നില്ല. ആരും സമ്മതിക്കുന്നില്ല. ആ ബന്ധത്തിൽ നിന്നുള്ള ഇറങ്ങിപ്പോക്കും അവർക്ക് ബുദ്ധിമുട്ടാവുന്നു. ഡിവോഴ്സ് മാത്രമാണ് അവള്‍ക്ക് ഇറങ്ങി പ്പോകാനുള്ള മാര്‍ഗം എന്ന് തിരിച്ചറിയുമ്പോഴും മാത്യു സമ്മതിക്കാത്തതിനാൽ അവള് ഇറങ്ങിപ്പോകുന്നില്ല.. എന്നാൽ പിന്നീട് ശാക്തീകരിക്കപ്പെട്ട പുതിയ ഓമന കൂടെ നില്‍ക്കണമെന്ന ചാച്ചന്റെ ആവശ്യത്തെ നിരാകരിക്കാനുള്ള ക്ലാരിറ്റിയിലേക്കെത്തുന്നുണ്ട്.
ഓമന പിന്നീട് പുതിയ മനുഷ്യനെ പരിചയപ്പെടുന്നുണ്ട്. അത് ഡേറ്റിങ്ങാവാം. സുഹൃത്താവാം. വിവാഹം പോലുമാണെന്ന നിര്‍ബന്ധവുമില്ല. സാമ്പ്രദായിക വിവാഹരീതി ചിന്തിച്ചിരുന്നേല്‍ വീട്ടിലെ പെണ്ണുകാണല്‍ രംഗമാണല്ലോ കാണിക്കേണ്ടത്. അതല്ലല്ലോ സിനിമ കാണിച്ചത്. ഇങ്ങനെ കൂടി ഒരു വായന ഉണ്ടല്ലോ. ഞാനീ പറഞ്ഞതു പോലെയും ഒന്ന് വായിച്ചു നോക്കൂ. വിഭിന്നമായ വായനകളും വിഭിന്നമായ വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാവട്ടെ.
സെക്ഷ്വല്‍ സാറ്റിസ്ഫാക്ഷനപ്പുറത്ത് ദമ്പതികള്‍ തമ്മിലുണ്ടാവുന്ന വല്ലാത്ത ഇഴയടുപ്പങ്ങളുണ്ട്. അതിനപ്പുറത്തുണ്ടാവുന്ന ആത്മബന്ധങ്ങളുണ്ട്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് സഹോദരനെപ്പോലെയായെന്ന് പറഞ്ഞ സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അത് ഈ സിനിമ പകര്‍ത്തി എന്നെനിക്ക് തോന്നിയിട്ടുണ്ട്. ആ ഒരു ആഴത്തിലേക്കെത്തിയതെങ്ങനെയായിരുന്നു …..
മാത്യുവും ഓമനയും ത്മമിലുള്ള ബന്ധം എങ്ങനെ അടയാളപ്പെടുത്തണം എന്നതിനു പിന്നില്‍ വലിയ രീതിയിലുള്ള ആലോചനകള്‍ ഉണ്ടായിട്ടുണ്ട്. സെക്സ് അല്ല അവരുടെ ആവശ്യം.. അത് കോടതിയില്‍ പറയാനൊരു കാരണമായി ഉപയോഗിച്ചു എന്നേയുള്ളൂ. മാത്യുവിന്റെ കൈ പിടിക്കാന്‍ ശ്രമിക്കുന്ന രംഗമൊക്കെ അധികം ലൗഡ് ആവാതെ എങ്ങനെ സട്ടിലായി ചെയ്യാം എന്ന ആലോചനക്കൊടുവില്‍ തന്നെ രൂപപ്പെടുന്നതാണ്. ഓമനയ്ക്കും മാത്യുവിനുമിടയില് വളരെ ഊഷ്മളമായ സ്നേഹവും സൗഹൃദവും നിലനില്‍ക്കുന്നുണ്ട്. അല്ലാതെ ശത്രുതയും വെറുപ്പുമല്ല. ഇലക്ഷന് പ്രചരണസമയത്തൊക്കെ അത് കാണാം. ഓമന ഒരാളെ മീറ്റ് ചെയ്യാന്‍ വരുന്നത് മാത്യുവിനൊപ്പം തങ്കന് ഓടിച്ചു വരുന്ന കാറിലാവുന്നത് ആ ആത്മബന്ധമാണ് കാണിക്കുന്നത്. സിനിമ ചെയ്യുമ്പോൾ തന്നെ ഓരോ കഥാപാത്രത്തെ കുറിച്ചും വ്യക്തമായ ക്ലാരിറ്റി ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഓമന എന്ന കഥാപാത്രം.
തങ്കന്റെയും മാത്യുവിന്റെയും പ്രണയത്തിലെ ശാരീരിക അടുപ്പം കാണിക്കുന്ന രംഗങ്ങള്‍ എന്ത് കൊണ്ടാണ് സിനിമയില്‍ നിന്നൊഴിവാക്കിയത്….
ഇത്തരം സിനിമകളുടെ സ്ഥിരം രീതിയാണല്ലോ അത്തരത്തിലുള്ള രംഗങ്ങള്‍ ഉണ്ടാവുക എന്നത്. അതിനാൽ ബോധപൂര്‍വ്വം തന്നെയാണ് അത് വേണ്ടെന്ന് വെച്ചത്.. സിനിമ കുട്ടികള്‍ കാണണമെന്നും കുടുംബപ്രേക്ഷകര്‍ കാണണമെന്നും ഞങ്ങളാഗ്രഹിച്ചിരുന്നു. കുട്ടികള്‍ അത്തരം രംഗങ്ങള്‍ കാണരുതെന്നല്ല. പകരം ഹെറ്ററോ സെക്ഷ്വല്‍ ബന്ധങ്ങളില്‍ പ്രണയം സെക്സില്ലാതെ എത്രയോ കാണിച്ചിട്ടുണ്ട്. ഹെറ്ററോ സെക്ഷ്വല്‍ ബന്ധങ്ങളില്‍ കാമമില്ലാത്ത പ്രണയ സീന്‍ സാധാരണമാണ് സ്വാഭാവികതയാണ്. എന്നാല്‍ സ്വവര്‍ഗാനുരാഗം പരാമര്‍ശിക്കുന്ന സിനിമകളില്‍ അവരുടെ അനുരാഗത്തെ പലപ്പോഴും മാംസനിബദ്ധമായും എക്സ്പ്ലിസിറ്റ് ആയിട്ടുമാണ് എപ്പോഴും കാണിച്ചിട്ടുള്ളത്.. കാതലില്‍ ഇന്റിമേറ്റ് സീനില്ലാതെ ഹൃദയം കൊണ്ടുള്ള ബന്ധം വര്‍ക്ക് ആവാനാണ് ശ്രമിച്ചത്. അങ്ങനെയും ഇവര്‍ക്കിടയില്‍ പ്രണയമുണ്ടെന്നതിനെ നോര്‍മലൈസ് ചെയ്യുക എന്ന ഉദ്ദേശവുമുണ്ടായിരുന്നു.
മാത്യുവും ഓമനയും തമ്മിലുള്ള ചേര്‍ച്ചയുടെയും ചേർച്ചയില്ലായ്മയുടെയും കഥ പറഞ്ഞു കൊണ്ടാണല്ലോ സിനിമ വികസിക്കുന്നത്. എന്നാല്‍ മാത്യുവിന് ലഭിച്ച ക്ലാസ് പ്രിവിലേജ് തങ്കനെ അദൃശ്യവത്കരിച്ചു എന്നതരത്തിലുള്ള വായന ചിലയിടങ്ങളില്‍ കണ്ടിരുന്നു . എന്താണ് പ്രതികരണം…
അതങ്ങനെ തന്നെ സിനിമയില്‍ വര്‍ക്ക് ചെയ്തതാണ്. മാത്യു കഥാപാത്രത്തിന് വീട്, കുടുംബം, മതം എന്നിവ നല്കുന്ന പ്രിവിലേജ് ഉണ്ട്. ഒരുപക്ഷെ മാത്യുവിനെ ആളുകള്‍ കളിയാക്കാത്തത് പോലും ആ പ്രിവിലജ് ഉള്ളതുകൊണ്ടാണ്. മാത്യുവിനെ ആളുകള്‍ തള്ളിപ്പറയുന്നത് സഭ്യമായ ഭാഷയിലാണ്. ഇങ്ങനൊരാള് വിജയിച്ചാല്‍ നമ്മുടെ നാടിന്റെ അവസ്ഥ എന്താവുമെന്ന തരത്തിലുള്ള സഭ്യമായ വാക്കുകളെ മാത്യുവിന് നേരിടേണ്ടി വരുന്നുള്ളൂ. മാത്യുവിന് കേൾക്കേണ്ടി വരുന്ന ചീത്ത പോലും നല്ല വാക്കുകൾ ഉപയോഗിച്ചാണ്. എന്നാല്‍ തങ്കനെ മോശമായി അധിക്ഷേപിക്കുന്നുണ്ട്. തങ്കന്റെ വീടിനു മുന്നില്‍ കുണ്ടനെന്ന് എഴുതിവച്ചിട്ടുണ്ട്. ഒരേ വിഷയത്തില്‍ പ്രിവിലേജ് ഉള്ളവനോടും ഇല്ലാത്തവനോടും സമൂഹം കാണിക്കുന്ന ഇരട്ടത്താപ്പ് സമീപനം പകര്‍ത്തുക എന്നത് ബോധപൂര്‍വം ചെയ്തത് തന്നെയാണ്
ഇത്തരം വിപ്ലവാത്മക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകളെല്ലാം ബോധവത്കരിക്കപ്പെട്ട നല്ല വായനയുള്ള ബൗദ്ധികശേഷിയുള്ള ജനസമൂഹമാണ് പലപ്പോഴും കാണുന്നത്. എന്നാല്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് പോലെ കാതലും കുടുംബപ്രേക്ഷകരിലേക്ക് എത്തിക്കാനായി എന്നത് വലിയ കാര്യമാണ്. ആ തരത്തില്‍ പോപ്പുലറൈസ് ചെയ്യണം എന്നതുകൊണ്ടാണ് ജ്യോതികയെയും മമ്മൂട്ടിയെയും കാസ്റ്റ് ചെയ്യുന്നത്…..
മമ്മൂട്ടി എന്ന നടനെ ഈ സിനിമയ്ക്ക് ആവശ്യമായിരുന്നു. ജ്യോതികയെ കാസ്റ്റ് ചെയ്യുന്നത് പോപ്പുലർ ആക്കുക എന്ന ഫാക്ടര്‍ വെച്ചാണ്. അത് വര്‍ക്കായി. ജ്യോതിക മമ്മുട്ടി കാസ്റ്റിനെ കാണാനായി മാത്രം സിനിമ കാണാന്‍ വന്നവരുണ്ട്. ആത്യന്തികമായി നമുക്ക് വേണ്ടത് കൂടുതല്‍ ആളുകളിലേക്ക് ഇത്തരം വിഷയങ്ങളും സിനിമകളും എത്തുക എന്നതാണ്. അത് സംഭവിക്കുന്നതില്‍ സന്തോഷം.
സാധാരണ കുടുംബപ്രേക്ഷകരിലേക്ക് എത്തിയതു കൊണ്ടു തന്നെ സിനിമ കണ്ടശേഷം സ്വയം നവീകരിക്കപ്പെട്ടെന്ന തരത്തിലുള്ള പ്രതികരണങ്ങളോ വിളികളോ ലഭിച്ചിരുന്നോ …
കാതല്‍ ടീമിലെ മനുഷ്യര്‍ക്കും കമ്മ്യൂണിറ്റിയിലെ മനുഷ്യരുമായി ഒരു എംപതി രൂപ്പപെട്ടുവെന്ന് തോന്നിയിട്ടുണ്ട്. അഭിനേതാക്കളുള്‍പ്പെടെ.
ഈ കഥ ജ്യോതികയോട് പറയുന്നതിനു മുമ്പ് അതേ ദിവസം തന്നെ ജ്യോതികയും അവരുടെ മകളും ഈ വിഷയം പറഞ്ഞ് തര്‍ക്കിച്ചിരുന്നു. മകള്‍ പറഞ്ഞ കാര്യം ജ്യോതികക്ക് ആക്സപ്റ്റ് ചെയ്യാന്‍ പറ്റാത്തതാണ് തര്‍ക്കത്തിനുള്ള കാരണം. ആ ദിവസം തന്നെയാണ് സിനിമയുടെ കഥ കേള്‍ക്കുന്നതും. സിനിമയും കഥയും അഭിനേതാക്കളെ വരെ വളരെ പോസിറ്റീവായി സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]