
തിരുവനന്തപുരം
മാധ്യമങ്ങളിൽ കാണുന്ന പ്രതിഷേധം പദ്ധതി പ്രദേശങ്ങളിലില്ലെന്ന് സിൽവർ ലൈൻ സാമൂഹ്യാഘാത പഠനം നടത്തുന്ന ഏജൻസികൾ. പരപ്രേരണകൊണ്ടും തെറ്റിദ്ധാരണകൊണ്ടും ചില കുടുംബങ്ങൾ പ്രതിഷേധിക്കുന്നുണ്ട്. കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിലൂടെ അവർകൂടി പിന്തുണ നൽകുന്നു. മുഖ്യമന്ത്രി പിണറായി വിജയനിലുള്ള പൂർണ വിശ്വാസമാണ് അവരെ സഹകരിപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് സർവേ പ്രവർത്തകർ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞാൽ അത് നടക്കുമെന്ന ഉറപ്പ് അവർക്കുണ്ട്. കല്ലിട്ട സ്ഥലങ്ങളിലെല്ലാം പഠനം പൂർത്തിയാക്കിയതായി അഞ്ച് ജില്ലയിൽ കരാർ എടുത്ത കെവിഎച്ച്എസ് അധികൃതർ വ്യക്തമാക്കി. അളന്ന് കല്ലിട്ട നാലായിരത്തോളം സ്ഥലത്ത് പഠനം നടത്തി. ഏഴുമുതൽ പത്ത് ശതമാനം മാത്രമാണ് എതിർപ്പുണ്ടായത്. അപ്പോഴും കൂട്ടത്തോടെയുള്ള എതിർപ്പുണ്ടായില്ല. നഷ്ടപരിഹാരം കിട്ടാതെ വഴിയാധാരമാകുമോ എന്ന ഭീതിയാണ് ഇവർക്കുള്ളത്. ‘ദേശീയപാതയ്ക്ക് കേന്ദ്ര ഫണ്ടുണ്ട്, സിൽവർ ലൈൻ കേരളമാണ് ചെയ്യുന്നത്, സർക്കാരിന് പണമില്ല ’എന്നിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.
അതേസമയം, പഴയ വീടുള്ളവരും റെയിൽവേ ലൈനിനടുത്ത് താമസിക്കുന്നവരും സർക്കാർ പദ്ധതികളിൽ വീട് ലഭിച്ചവരും ഇപ്പോഴുള്ള വീടും സ്ഥലവും വിട്ടുകൊടുക്കാൻ സന്നദ്ധമായി. മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞതിലൂടെയാണത്. ആദ്യം കല്ല് പിഴുത കണ്ണൂരിലെ മാടായിപ്പാറയിൽ കാര്യങ്ങൾ മനസ്സിലാക്കി നാട്ടുകാർ ഇങ്ങോട്ട് വന്ന് സഹകരിച്ചുവെന്നും സർവേ പ്രവർത്തകർ പറഞ്ഞു.
ആദ്യം പൊലീസ് എത്തിയത് ചില സ്ഥലങ്ങളിൽ വീട്ടുകാരെ പരിഭ്രാന്തരാക്കി. സർവേ നടത്തുന്ന സ്ഥലവും വിവരങ്ങളും പ്രശ്നമുണ്ടാക്കാൻ നടക്കുന്നവരെ ചിലർ മുൻകൂട്ടി അറിയിക്കുന്നുണ്ട്. അതുമൂലം ഉടമകൾക്ക് എതിർപ്പില്ലാത്തിടത്തും സംഘർഷത്തിന് ശ്രമമുണ്ടാകുന്നുവെന്നും കരാറുകാർ പറഞ്ഞു. ചിലയിടങ്ങളിൽ സർവേ നടക്കാത്തതിനാൽ കരാറുകാർ ഏപ്രിൽ അവസാനംവരെ സമയം നീട്ടി ചോദിച്ചു.
വേൽസിറ്റി പുറത്താക്കിയ ഏജൻസി
എറണാകുളം, തൃശൂർ ജില്ലകളിൽ സർവേ കരാർ എടുത്ത ചെന്നൈയിലെ വേൽസിറ്റി ഏജൻസിയെ പ്രവർത്തനം മോശമായതിനാൽ പുറത്താക്കിയതാണെന്ന് കെ–-റെയിൽ അറിയിച്ചു. ആവശ്യമായ സർവേക്കല്ല്പോലും തയ്യാറാക്കാൻ കഴിയാത്ത അവരെ ഇപ്പോഴല്ല മൂന്നുമാസം മുമ്പ് നീക്കി. ഈ ജില്ലകളിൽ പുതിയ കരാറുകാരെ വച്ചു. എറണാകുളത്ത് പ്രവർത്തനം തുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]