അടുത്ത കാലത്തായി സോഷ്യൽ മീഡിയയെ ഒന്നടങ്കം പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന സംഭവമാണ് നടിമാരുടെ ഡീപ്ഫെയ്ക്ക് വീഡിയോ. നടി രശ്മിക മന്ദാനയുടെ ഒരു വീഡിയോയാണ് ഡീപ്ഫെയ്ക്കിലൂടെ എഡിറ്റ് ചെയ്ത് പുറത്തിറങ്ങിയ ആദ്യത്തെ വീഡിയോ. നടൻ അമിതാഭ് ബച്ചനടക്കം നിരവധി പേരാണ് രശ്മികയ്ക്ക് പിന്തുണയർപ്പിച്ച് രംഗത്തെത്തുകയും ഇത്തരം വീഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയാവശ്യപ്പെടുകയും ചെയ്തത്.
ഇപ്പോൾ ഡീപ്ഫെയ്ക്ക് വീഡിയോയുമായി ബന്ധപ്പെട്ട് തുറന്നുസംസാരിച്ചിരിക്കുകയാണ് രശ്മിക മന്ദാന. പുതിയ ചിത്രമായ അനിമലിന്റെ ലോഞ്ച് ചടങ്ങിൽ വെച്ചായിരുന്നു ഇത്. ഡീപ്ഫെയ്ക്ക് വീഡിയോകളെ നമ്മൾ സാധാരണമാക്കിയെന്ന് രശ്മിക പറഞ്ഞു. എന്നാൽ അത് ശരിയല്ലെന്നും അവർ അഭിപ്രായപ്പെട്ടു.
“ഡീപ്ഫെയ്ക്കുകൾ കുറേക്കാലമായി നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ അവയെ നമ്മൾ സാധാരണമാക്കിയെടുത്തു. പക്ഷേ അതുശരിയല്ല. സിനിമാ മേഖലയിൽനിന്നുള്ളവർ എന്നെ പിന്തുണച്ചതിൽ സന്തോഷമുണ്ട്. സംസാരിക്കുന്നത് എത്ര പ്രധാനമാണെന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു. ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ആവശ്യമായ സഹായം സ്വീകരിക്കാൻ സ്ത്രീകളോട് അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നവംബർ പത്താംതീയതി ഡൽഹി പോലീസ് കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 19-കാരനെ പോലീസ് ചോദ്യംചെയ്തിരുന്നു. ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകളടക്കം എഫ്.ഐ.ആറിലുണ്ട്. ഇതിന് പിന്നാലെ വീഡിയോ അപ് ലോഡ് ചെയ്തവരുടെ വിവരങ്ങൾ തേടി ‘മെറ്റ’ അധികൃതർക്കും പോലീസ് കത്തയച്ചിരുന്നു.
എന്നാൽ ഈ വിഷയത്തിന്റെ ചൂടാറും മുൻപേ നടിമാരായ കജോളിന്റെയും കത്രീന കൈഫിന്റെയും ആലിയാ ഭട്ടിന്റെയും വ്യാജ വീഡിയോകൾ പ്രചരിച്ചു. കജോൾ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് ഒരേ വീഡിയോ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചത്. കത്രീന അഭിനയിച്ച ടൈഗർ 3 എന്ന സിനിമയിലെ ഒരു സംഘട്ടന രംഗം ഡീപ് ഫേക്ക് ഉപയോഗിച്ച് മോശമാക്കിയാണ് പ്രചരിപ്പിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഒരു യുവതിയുടെ വീഡിയോ എഡിറ്റ് ചെയ്താണ് ആലിയയുടേതാണെന്ന വ്യാജേന പ്രത്യക്ഷപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]